കോവിഡ് 19 (Covid 19) മഹാമാരിയെ തുടർന്നുണ്ടായ ലോക്ക്ഡൗണില്‍ (Lockdown) ലോകമെമ്പാടും നിരവധി മനുഷ്യർ സാമ്പത്തികമായും അല്ലാതെയും ദുരിതത്തിലായപ്പോള്‍ അവരെ സഹായിക്കാനും മനുഷ്യരിലുള്ള നമ്മുടെ വിശ്വാസം പുനഃസ്ഥാപിക്കാനും ചില നല്ല ആളുകളുടെ പ്രവൃത്തികള്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ ദുരിതത്തിലായവരെ സഹായിക്കാൻ നാലു സൃഹുത്തുക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു സംരംഭം ഇപ്പോള്‍ ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. യുകെയിലെ (UK) ബാത്തംപ്ടണിൽ നിന്നുള്ള ഈ സുഹൃദ്സംഘം ലോക്ക്ഡൗണ്‍ സമയത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്തതിലൂടെ പ്രശംസ നേടിയിരുന്നു.
ഇപ്പോള്‍ ഈ സുഹൃദ് സംഘം തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഫാം വാങ്ങിയിരിക്കുകയാണെന്ന് യുകെയിലെ പ്രമുഖ മാധ്യമം മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. സേവ്യര്‍ ഹാമോണ്‍, ഹമിഷ് ഇവാന്‍സ്, സാമി എല്‍മോര്‍, ലിവി റോഡ്സ് എന്നീ നാല് സുഹൃത്തുക്കളാണ് പുതിയ സംരംഭവുമായി എത്തിയിരിക്കുന്നത്. 24നും 40നും ഇടയില്‍ പ്രായമുള്ള ഈ സുഹൃത്തുക്കള്‍ നൂറുകണക്കിന് ആളുകള്‍ക്ക് ആവശ്യമുള്ള ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഫാം ആണ് വാങ്ങിയിരിക്കുന്നത്.
2020ല്‍ കോവിഡ് സാഹചര്യത്തില്‍ ലോകം നിശ്ചലമായപ്പോള്‍ എല്ലാ പ്രദേശങ്ങളിലുമെന്നപോലെ ഇവരുടെ പ്രദേശങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. ഇതേത്തുടർന്നാണ് ഈ സുഹൃത്തുക്കള്‍ അന്ന് ഭക്ഷണ വിതരണം ആരംഭിച്ചത്. മിഡില്‍ ഗ്രൗണ്ട് ഗ്രോവേഴ്സ് എന്നറിയപ്പെടുന്ന ഈ സുഹൃത്തുക്കള്‍ 2020ല്‍ എല്ലാ ആഴ്ചയും 20-25 കുടുംബങ്ങള്‍ക്കും തുടര്‍ന്ന് 2021ല്‍ 75 ഓളം കുടുംബങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഒരു വെജ് ബോക്സ് പദ്ധതി നടപ്പിലാക്കിയിരുന്നു.
മുമ്പ് ബാത്തംപ്ടണിലെ 2 ഏക്കര്‍ മാര്‍ക്കറ്റ് ഗാര്‍ഡനില്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന സംഘത്തിന് ഇപ്പോള്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വന്തമായി 16 ഏക്കര്‍ ഫാം വാങ്ങാന്‍ ആവശ്യമായ പണം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ വെജ് ബോക്സ് പദ്ധതിയിലൂടെ വിവിധ ജനവിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരാനും അവർക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞതായി സുഹൃത്തുക്കളിൽ ഒരാളായ ഹമിഷ് പറയുന്നു. ഒരു ഏക്കര്‍ കൃഷിഭൂമി വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ തങ്ങളുടെ ജീവിത സമ്പാദ്യമായി കരുതിവെച്ച പണവും അതിനായി വിനിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആകെ ശേഖരിച്ച 2.04 കോടി രൂപയിൽ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 96 ലക്ഷം രൂപയാണെന്നും ഈ പണം ഭൂമി വാങ്ങാന്‍ ചെലവഴിച്ചുവെന്നും സംഘം പറഞ്ഞു.
ഈ നാല് സുഹൃത്തുക്കളും ബിസിനസ്സ്, മെക്കാനിക്, കൃഷി തുടങ്ങി വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ പ്രവർത്തന പരിചയമുള്ളവരാണ്. ഭക്ഷണ ദൗര്‍ലഭ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഇപ്പോൾ കൈകോര്‍ത്തിരിക്കുന്നത്. ഇപ്പോള്‍, അവര്‍ക്ക് ഒരു മാര്‍ക്കറ്റ് ഗാര്‍ഡനും തോട്ടങ്ങളും ഉണ്ട്. അവിടെ 600ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ അവര്‍ പച്ചക്കറികളും പഴങ്ങളും വളര്‍ത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.