അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചടക്കിയതില്‍ 55 ശതമാനം പാകിസ്താനികള്‍ സംതൃപ്തരെന്ന് ഗാലപ്പ് പാകിസ്ഥാന് നടത്തിയ സര്‍വേ. ജിയോ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോ എന്ന ചോദ്യവുമായി 2,400 പേര്‍ക്കിടയിലാണ് സര്‍വേയിലാണ് 55 ശതമാനം വരുന്ന പാകിസ്താനികള്‍ താലിബാന് ഭരണത്തില്‍ സംതൃപ്തരാണെന്ന ഫലം ലഭിച്ചത്.
55 ശതമാനം പേര് സന്തുഷ്ടരാണെന്ന് പറഞ്ഞപ്പോള്‍ 25 ശതമാനം പേര് സന്തുഷ്ടരല്ലെന്നും 20 ശതമാനം പേര്‍ക്ക് വിഷയത്തില്‍ പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.ജിയോ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, താലിബാന് സര്‍ക്കാരിന് ഏറ്റവും ശക്തമായ പിന്തുണ പ്രഖ്യാപിച്ചവരില്‍ 65 ശതമാനം പേര് ഖൈബര്‍ പഖ്തുന്ഖ്വയ്ക്ക മേഖലയില്‍ നിന്നുള്ളവരാണ്. ബലൂചിസ്ഥാനില്‍ നിന്നുള്ള 55% പേരും പഞ്ചാബില്‍ നിന്നും സിന്ധില്‍ നിന്നും 54% പേരും അഫ്ഗാനിസ്ഥാനില്‍ താലിബാന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു.
ഓഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന് കാബൂളില്‍ നടത്തിയ ആക്രമണം അവസാനിപ്പികുകയും മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്യുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ പ്രവിശ്യ ഇപ്പോഴും താലിബാന് പൂര്‍ണമായും പിടിച്ചെടുത്തിട്ടില്ലെങ്കിലും, താലിബാന് അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഒരു ഇടക്കാല മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന് എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്ന് താലിബാന് പേര് മാറ്റിയിരുന്നു.
ഓഗസ്റ്റ് 13 നും സെപ്റ്റംബര്‍ 5 നും ഇടയിലാണ് പാക്കിസ്ഥാനില്‍ ഇതിനെ കുറിച്ചുള്ള സര്‍വേ നടത്തിയത്. കാബൂളിന്റെ പതനത്തിനുമുമ്പ് സര്‍വേ ആരംഭിച്ചത് ഭൂരിഭാഗം പ്രവിശ്യകളും താലിബാന് പിടിച്ചടക്കിയപ്പോഴാണ്. താലിബാന് സര്‍ക്കാരിനെ പിന്തുണച്ചവരില്‍ 68 ശതമാനം 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പുരുഷന്മാര്ക്കും സ്ത്രീകളില്‍ 36 ശതമാനം പേരും താലിബാനെ പിന്തുണയ്ക്കുന്ന അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.
കാബൂളിന്റെ പതനത്തിനുശേഷം, ഈ അട്ടിമറി പാക്കിസ്താന് ആഘോഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഫ്ഗാന് താലിബാന് പിടിച്ചെടുക്കുന്നതില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനടക്കമുള്ളവര്‍ പൂര്‍ണപിന്തുണയാണ് നല്‍കുന്നത്.അവിടെയുള്ള പല ഇസ്ലാമിക സംഘടനകളും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കിട്ടിരുന്നു. അഫ്ഗാനിലെ താലിബാന് നീക്കങ്ങള്‍ യുഎസ് സേനയുടെ ബൃഹത്തായ പരാജയമാണെന്നാണ് പാകിസ്താനികള്‍ വിശേഷിപ്പിച്ചത്.
രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് താലിബാന് അധികാരം കൈക്കലാക്കുമ്പോള്‍ അഫഗാനിലെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് ജനങ്ങള്‍ പല സ്ഥലങ്ങളിലേക്കും പാലായനം ചെയ്യുകയാണെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.എന്നാല്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക തങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് തലിബാന്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.