നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Miss Holocaust Survivor | നാസികളുടെ വംശഹത്യാ ഭീകരതയെ അതിജീവിച്ച 86 വയസുകാരി 'മിസ് ഹോളോകാസ്റ്റ് സർവൈവർ' കിരീടം ചൂടി

  Miss Holocaust Survivor | നാസികളുടെ വംശഹത്യാ ഭീകരതയെ അതിജീവിച്ച 86 വയസുകാരി 'മിസ് ഹോളോകാസ്റ്റ് സർവൈവർ' കിരീടം ചൂടി

  രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് യുവത്വം കവർന്നെടുക്കപ്പെടുകയും ഇസ്രായേലില്‍ എത്തി പുതിയ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത ജൂത സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതാണ് ഈ സൗന്ദര്യ മത്സരമെന്ന് സംഘാടകര്‍ പറയുന്നു

  israel-beauty-pageant

  israel-beauty-pageant

  • Share this:
   നാസികളുടെ വംശഹത്യാ ഭീകരതയ്ക്ക് (Nazi Genocide) ഇരകളായ സ്ത്രീകളെ ആദരിക്കുന്നതിന് സംഘടിപ്പിക്കപ്പെട്ട ഇസ്രായേലി സൗന്ദര്യ മത്സരത്തില്‍ (Israeli Beauty Pageant) 86 വയസ്സുള്ള സലീന സ്റ്റെയിന്‍ഫെല്‍ഡ് എന്ന മുത്തശ്ശി 'മിസ് ഹോളോകാസ്റ്റ് സര്‍വൈവര്‍' (Miss Holocaust Survivor) ആയി കിരീടമണിഞ്ഞു. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 79 മുതല്‍ 90 വയസ്സു വരെയുള്ള പത്ത് മത്സരാര്‍ത്ഥികള്‍ ജെറുസലേമിലെ ഒരു മ്യൂസിയത്തില്‍ ഒരുക്കിയ റാമ്പില്‍ ചുവടുവെച്ചു. മുടി സ്‌റ്റൈല്‍ ചെയ്തും മേക്കപ്പ് അണിഞ്ഞും അരപ്പട്ടയോടുകൂടിയ ഗൗണുകള്‍ ധരിച്ചുമായിരുന്നു മത്സരാര്‍ത്ഥികള്‍ എത്തിയത്.

   കൊറോണ വൈറസ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം ഈ മത്സരം റദ്ദാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് യുവത്വം കവർന്നെടുക്കപ്പെടുകയും ഇസ്രായേലില്‍ എത്തി പുതിയ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത ജൂത സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതാണ് ഈ സൗന്ദര്യ മത്സരമെന്ന് സംഘാടകര്‍ പറയുന്നു.

   ''വംശഹത്യയുടെ കാലത്ത് കടന്നുപോകേണ്ടി വന്ന അനുഭവങ്ങൾക്ക് ശേഷം, കുട്ടികളും കൊച്ചുമക്കളും ഒക്കെ അടങ്ങിയ ഒരു വലിയ കുടുംബത്തോടൊപ്പം ഇവിടെ ജീവിക്കാൻ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാൽ, 87 വയസായിട്ടും ഞാൻ ഇവിടെ തന്നെയുണ്ട്. ഈ അനുഭവം വിവരണാതീതമാണ്'',വംശഹത്യയെ അതിജീവിച്ച മത്സരാര്‍ത്ഥിയും റൊമാനിയ സ്വദേശിയുമായ കുക്ക പാല്‍മണ്‍ പറയുന്നു.

   മത്സരത്തില്‍ വിജയിയായ സലീന സ്റ്റെയിന്‍ഫെല്‍ഡും റൊമാനിയയിലാണ് ജനിച്ചത്. 1948 ല്‍ ഇസ്രായേലിലേക്ക് മാറുന്നതിന് മുമ്പ് അവര്‍ നാസി ആക്രമണങ്ങളെ അതിജീവിച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു. ആധുനിക ക്രൊയേഷ്യയിലെ റാബ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട, യുഗോസ്ലാവിയയില്‍ ജനിച്ച ഒരു സ്ത്രീയും മത്സരാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

   അതേസമയം നാസികള്‍ കൊലപ്പെടുത്തിയ ആറ് ദശലക്ഷം ജൂതന്മാരുടെ ഓര്‍മ്മയെ ഈ സംഭവം വിലകുറച്ചതാക്കി മാറ്റിയെന്ന് വംശഹത്യയില്‍ അതിജീവിച്ച ആളുകള്‍ ഉള്‍പ്പടെയുള്ള ചിലര്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ പങ്കെടുത്ത മുത്തശ്ശി ഡാന പാപ്പോ അത്തരം അഭിപ്രായങ്ങളെ വിമര്‍ശിച്ചു. ''ഇത്രയും ഭയാനകമായ ജീവിതാവസ്ഥയിലൂടെ കടന്നുപോയ ഈ സ്ത്രീകളില്‍ എത്രമാത്രം സൗന്ദര്യമുണ്ടെന്ന് എല്ലാവരും കാണേണ്ടതുണ്ട്. ഞങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും അഭിനന്ദിക്കുന്നുവെന്നും അവരെത്തന്നെ ബോധ്യപ്പെടുത്താൻ ലഭിക്കുന്ന അവസരം കൂടിയാണ് ഇത്. അവർക്ക് നന്ദി, അവർ കാരണം ഞങ്ങള്‍ക്ക് ഇന്ന് ഒരു ഭാവിയുണ്ട്, ഞങ്ങള്‍ക്ക് ഒരു രാജ്യമുണ്ട്.'' അവര്‍ പറഞ്ഞു.

   Also Read- Suez Canal | 'എവർഗിവൺ' അല്ലാതെ സൂയസ് കനാലിൽ മറ്റേതെങ്കിലും കപ്പലുകൾ കുടുങ്ങിയിട്ടുണ്ടോ? ചരിത്രം പറയുന്നത് ഇങ്ങനെ

   ഹോളോകോസ്റ്റ് എന്നത് ഒരു രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ അനുവാദത്തോടുകൂടി അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്ന നടപടിയാണ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അവര്‍ ഒരു പ്രത്യേക വംശത്തില്‍/ വിഭാഗത്തില്‍/ മതത്തില്‍ ജനിച്ചുപോയി എന്നതാകായാല്‍ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്. ഈ ലോകത്ത് നിന്നുതന്നെ ജൂതവംശത്തെ മുഴുവനായി തുടച്ചുനീക്കുക എന്ന, അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നാസി പാര്‍ട്ടിയുടെ തീരുമാന പ്രകാരം ജര്‍മ്മനിയിലും അവര്‍ക്ക് സ്വാധീനമുണ്ടായിരുന്ന ലിത്വാനിയ തുടങ്ങിയ മറ്റു പല രാജ്യങ്ങളിലും ജൂതരെ നാസികൾ കൂട്ടക്കൊലയ്ക്ക് ഇരയാക്കി. 1941 നും 1945 നും ഇടയില്‍ നടന്ന ഈ വംശഹത്യയില്‍ ഇരയായത് 60 ലക്ഷത്തില്‍പരം ജൂതന്മാരാണ്. 1945 ജനുവരി 27 ന് ഓഷ്വിറ്റ്‌സിലെ പടുകൂറ്റന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് റെഡ് ആര്‍മി ജൂത വംശജരെ മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 27 ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓര്‍മ്മദിനമായി ആചരിക്കാറുണ്ട്.
   Published by:Anuraj GR
   First published:
   )}