ഹൃദയഭേദകമായ ഒരു ദുരന്തത്തിനാണ് കഴിഞ്ഞ ദിവസം യുഎസ്-കാനഡ അതിര്‍ത്തി (US-Canada Border) സാക്ഷ്യം വഹിച്ചത്. യുഎസ്-കാനഡ അതിർത്തി പ്രദേശത്ത് കടുത്ത തണുപ്പിനെ തുടർന്ന് ഒരു കൈക്കുഞ്ഞ് ഉള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം (Indian Family) മരവിച്ച് മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലീസ് ബുധനാഴ്ച കണ്ടെത്തി. തുടര്‍ന്ന് വ്യാഴാഴ്ച മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. മനുഷ്യക്കടത്തിന്റെ (Human Smuggling) ഭാഗമായി ഈ കുടുംബം അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവെയാണ് സംഭവം ഉണ്ടായതെന്നാണ് വിലയിരുത്തൽ.
മരിച്ച നാല് പേരുടെയും ഇന്ത്യന്‍ പൗരത്വം സ്ഥിരീകരിച്ച കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ സംഭവത്തെ വളരെ ഗൗരവകരമായ ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്. ''ഇതൊരു വലിയ ദുരന്തമാണ്. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ട സഹായം നൽകുന്നതിനുമായി ഒരു ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം ഇന്ന് @IndiainTorontoല്‍ നിന്ന് മാനിറ്റോബയിലേക്ക് തിരിക്കുന്നുണ്ട്. ഈ സംഭവത്തിൽ അന്വേഷണം നടത്താൻ ഞങ്ങള്‍ കനേഡിയന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും'', ബിസാരിയ ട്വീറ്റ് ചെയ്തു.
അതേസമയം, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ''കാനഡ-യുഎസ് അതിര്‍ത്തിയില്‍ ഒരു ശിശു ഉള്‍പ്പെടെ 4 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്'', ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ''യുഎസിലെയും കാനഡയിലെയും നമ്മുടെ അംബാസഡര്‍മാരോട് അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍സിഎംപി അസിസ്റ്റന്റ് കമ്മീഷണര്‍ ജാനി മക്‌ലാച്ചി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടെത്തലുകള്‍ പങ്കുവെച്ചിരുന്നു. കടുത്ത തണുപ്പാണ് കുടുംബത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത് എന്ന് അവർ അറിയിച്ചു. അതിര്‍ത്തിയുടെ യുഎസ് ഭാഗത്ത് പിടിയിലായ സംഘവുമായി മരണപ്പെട്ട കുടുംബത്തിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. നാലുപേരുടെയും മൃതദേഹം അതിര്‍ത്തിയില്‍ നിന്ന് 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു.
ഒരു ഹിമപാതത്തിന് നടുവില്‍ ഇവര്‍ ഒറ്റപ്പെട്ടുപോയിരിക്കാമെന്ന് മക്‌ലാച്ചി കൂട്ടിച്ചേര്‍ത്തു. നാല് മൃതദേഹങ്ങളും അതിരൂക്ഷമായ കാലവസ്ഥയുള്ള പ്രദേശത്ത് നിന്നായിരുന്നു കണ്ടെടുത്തത്. ഇവിടെ താപനില മൈനസ് 35 ഡിഗ്രി ആയിരുന്നെന്നും കനേഡിയന്‍ പോലീസ് പറഞ്ഞു. ഈ കുടുംബം അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തിന്റെ ഇരകളാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇരകളെ തിരിച്ചറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മക്‌ലാച്ചിയെ ഉദ്ധരിച്ച് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എമേഴ്സണ് സമീപത്ത് ഒരു കൂട്ടം ആളുകള്‍ യുഎസിലേക്ക് കടന്നതായും അവരിൽ ഒരാളുടെ കൈവശം കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സംഘത്തില്‍ ശിശുക്കൾ ഉള്ളതായി അറിയില്ലെന്നും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മാനിറ്റോബ ആര്‍സിഎംപിയെ ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആര്‍സിഎംപി അതിര്‍ത്തിയുടെ ഇരുവശത്തും തിരച്ചില്‍ ആരംഭിച്ചത്. ഉച്ചയോടെ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒരു ശിശുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൗമാരക്കാരനാണെന്ന് കരുതുന്ന ഒരു ആണ്‍കുട്ടിയുടെ മൃതദേഹവും കുറച്ച് കഴിഞ്ഞപ്പോൾ കണ്ടെത്തി.
മിനസോട്ട ജില്ലയിലെ യുഎസ് അറ്റോര്‍ണി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു പത്രക്കുറിപ്പ് പുറത്തുവിട്ടിരുന്നു. അതില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഫ്ലോറിഡ സ്വദേശിയായ 47കാരൻ സ്റ്റീവ് ഷാന്‍ഡ് എന്നയാളെ അറസ്റ്റ് ചെയ്യുകയും മനുഷ്യക്കടത്ത് കുറ്റം ചുമത്തുകയും ചെയ്തതായി പറയുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള, രേഖകളില്ലാത്ത വിദേശ പൗരന്മാരാണെന്ന് അറിഞ്ഞിട്ടും രണ്ട് യാത്രക്കാരുമായി യാത്ര ചെയ്യവെയാണ് ഷാന്‍ഡ് പിടിയിലായതെന്നും പ്രസ്താവനയിൽ പറയുന്നു.
ഷാൻഡിന്റെ വാഹനത്തിനുള്ളില്‍ നിന്ന് പ്ലാസ്റ്റിക് കപ്പുകള്‍, കുപ്പിവെള്ളം, കുപ്പി ജ്യൂസ്, ലഘുഭക്ഷണങ്ങള്‍ എന്നിവ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നോര്‍ത്ത് ഡക്കോട്ടയിലെ അതിര്‍ത്തി പട്രോളിംഗ് സ്റ്റേഷനിലേക്ക് മൂവരെയും തിരികെ കൊണ്ടുപോകുമ്പോള്‍, അഞ്ച് ഇന്ത്യന്‍ പൗരന്മാരുടെ മറ്റൊരു സംഘം നടന്നു പോകുന്നത് ഉദ്യോഗസ്ഥര്‍ കണ്ടു. തങ്ങള്‍ അതിര്‍ത്തി കടന്ന് നടന്നുവരികയാമെന്നും ആരെങ്കിലും വിളിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവര്‍ പറഞ്ഞു. നടക്കാൻ തുടങ്ങിയിട്ട് 11 മണിക്കൂറിലധികം സമയമായെന്ന് സംഘം പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഘത്തിലെ ഒരാളുടെ കൈവശം ഒരു ബാക്ക്പാക്ക് ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍, ഡയപ്പര്‍, കളിപ്പാട്ടം എന്നിവ ഉള്‍പ്പെടെ നാലംഗ കുടുംബത്തിന് വേണ്ട സാധനങ്ങൾ ഉള്ള ഒരു ബാക്ക്പാക്കായിരുന്നു അത്. ഒരു നാലംഗ കുടുംബം അവരില്‍ നിന്ന് വേര്‍പിരിഞ്ഞു പോയെന്നും അവരുടെ ബാഗാണ് അതെന്നും അയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. മരണപ്പെട്ട കുടുംബമാകാം അതെന്നാണ് പ്രാഥമിക നിഗമനമെന്ന് യുഎസ് അറ്റോർണിയുടെ പത്രക്കുറിപ്പിൽ പറയുന്നു.
യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി എന്നിവയുമായി ചേർന്നാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍സിഎംപി അറിയിച്ചു. അന്വേഷണത്തില്‍ കാനഡയിലെയും അമേരിക്കയിലെയും നിയമ നിര്‍വ്വഹണ ഏജൻസികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.