• HOME
  • »
  • NEWS
  • »
  • world
  • »
  • Canada | മൂന്ന് ലക്ഷത്തോളം പേർക്ക് മാർച്ചോടെ കനേഡിയൻ പൗരത്വം നൽകും; ഇന്ത്യക്കാർക്ക് നേട്ടം

Canada | മൂന്ന് ലക്ഷത്തോളം പേർക്ക് മാർച്ചോടെ കനേഡിയൻ പൗരത്വം നൽകും; ഇന്ത്യക്കാർക്ക് നേട്ടം

പൗരത്വം നൽകാൻ ലക്ഷ്യമിടുന്നത് 3 ലക്ഷം പേർക്കാണ്. തുടർന്ന് അപേക്ഷ അംഗീകരിച്ച ഇത്രയും പേർ നേരിട്ടോ വെർച്വലായോ പൗരത്വ പ്രതിജ്ഞ എടുക്കണം.

  • Share this:
കാനഡയിലേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും താൽപ്പര്യപ്പെടുന്ന ഇന്ത്യക്കാർക്ക് പുതിയ അവസരങ്ങൾ ഒരുങ്ങുന്നു. 2022-2023 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആളുകൾക്ക് പൗരത്വം നൽകാൻ കാനഡ ലക്ഷ്യമിടുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർക്ക് ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

2023 മാർച്ച് 31 ഓടെ 3 ലക്ഷം പുതിയ പൗരത്വ അപേക്ഷകൾ പരിഗണിക്കുമെന്നും 285,000 എണ്ണത്തിൽ തീരുമാനം എടുക്കുമെന്നും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) മെമ്മോയിൽ ശുപാർശ ചെയ്യുന്നതായി എഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

അപേക്ഷ അവലോകനം ചെയ്യുന്നതിനെയാണ് തീരുമാനമെടുക്കൽ എന്ന് പറയുന്നത്. അവലോകനത്തിന് ശേഷം അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ അപൂർണ്ണമാണെന്ന് രേഖപ്പെടുത്തുകയോ ചെയ്യും. എന്നാൽ പൗരത്വം നൽകാൻ ലക്ഷ്യമിടുന്നത് 3 ലക്ഷം പേർക്കാണ്. തുടർന്ന് അപേക്ഷ അംഗീകരിച്ച ഇത്രയും പേർ നേരിട്ടോ വെർച്വലായോ പൗരത്വ പ്രതിജ്ഞ എടുക്കണം.

കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്ക് ശേഷം കാനഡയിലേക്ക് ജോലിക്ക് പോകാനും കുടിയേറാനും ശ്രമിക്കുന്നവർക്ക് ആശ്വാസമാകുന്ന വിവിധ നടപടികളും ഇതോടൊപ്പം കനേഡിയൻ സർക്കാർ കൈക്കൊള്ളുന്നുണ്ട്. അവലോകനം ചെയ്യാൻ ഉദ്ദേശിക്കുന്ന അപേക്ഷകളുടെ എണ്ണം വർദ്ധിപ്പിച്ചതാണ് ഇതിൽ ഒന്ന്. 2019-20 കാലയളവിൽ 253,000 പൗരത്വ അപേക്ഷകളാണ് കാനഡ പരിഗണിച്ചത്. ഇതിൽ നിന്ന് ഇത്തവണ 30000-ത്തിൽ അധികം വർധനയാണ് വരുത്തിയിട്ടുള്ളത്. ഇതോടൊപ്പം വർഷാവസാനത്തോടെ 18 വയസ്സിൽ താഴെയുള്ളവർക്കും പൗരത്വത്തിന് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 116,000 പേർക്കാണ് കാനഡ പൗരത്വം നൽകിയത്. ഇതേ നിരക്കിൽ മുന്നോട്ടു പോയാൻ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 2021-ൽ ഇതേ കാലയളവിൽ 35,000 പേർക്ക് മാത്രമായിരുന്നു പൗരത്വം നൽകിയത്.

Also read : കാനഡ വിസയ്ക്കുള്ള കാലതാമസം: ഇന്ത്യൻ വിദ്യാർത്ഥികൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ

രാജ്യങ്ങൾക്ക് പ്രത്യേക ക്വാട്ട ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യക്കാർക്ക് വലിയ തോതിൽ പുതിയ തീരുമാനം പ്രയോജനപ്പെടും എന്നാണ് കരുതപ്പെടുന്നത്. നിലവിൽ, കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ പ്രമുഖ സ്ഥാനം ഇന്ത്യക്കാർക്കുണ്ട്. നടപ്പു വർഷം ഏറ്റവും കൂടുതൽ പൗരത്വം ലഭിക്കാൻ പോകുന്നത് ഇന്ത്യക്കാർക്കാണ്.

Also read : ടൊറന്റോയിൽ കഞ്ചാവ് വിതരണം ചെയ്യാനൊരുങ്ങി ഊബർ ഈറ്റ്സ്; ആവശ്യക്കാർക്ക് വീട്ടുപടിക്കലെത്തിക്കും

പൗരത്വം ലഭിക്കാതെയും ജോലിക്കും പഠനത്തിനുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാർ നിരവധിയാണ്. കഴിഞ്ഞ വർഷം, ഇത്തരത്തിൽ താൽക്കാലിക തൊഴിൽ അനുമതി ലഭിച്ച ഒരു ലക്ഷം ഇന്ത്യക്കാരാണ് കാനഡയിൽ ജോലിക്കെത്തിയത്. ഇൻ്റർനാഷനൽ മൊബിലിറ്റി പ്രോഗ്രാം അനുസരിച്ച് 130,000-ത്തോളം പേർക്കും ജോലി ലഭിച്ചു. 2021 ഡിസംബറിലെ കണക്ക് അനുസരിച്ച് 217, 410 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ ഉള്ളത്. പതിനഞ്ച് ലക്ഷത്തോളമാണ് കാനഡയിലെ ഇന്ത്യൻ വംശജരുടെ ആകെ ജനസംഖ്യ.

കാനഡയിലെ പല മേഖലകളിലും തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യം തുടരും. ഇതും ഇന്ത്യക്കാർക്ക് ഗുണം ചെയ്യും. നടപടികൾ ത്വരിതപ്പെടുത്തുന്നതിനും കെട്ടിക്കിടക്കുന്ന, തീരുമാനമാകാത്ത അപേക്ഷകൾ പരിഗണിച്ച് തീർപ്പാക്കാനും 1000 പുതിയ ജീവനക്കാരെ കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കനേഡിയൻ സർക്കാർ.
Published by:Amal Surendran
First published: