• HOME
  • »
  • NEWS
  • »
  • world
  • »
  • താലിബാന്റെ ഭീഷണികളെ വകവെയ്ക്കില്ല; കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാട്ടം തുടരാൻ തീരുമാനിച്ച് ഈ അധ്യാപകൻ

താലിബാന്റെ ഭീഷണികളെ വകവെയ്ക്കില്ല; കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാട്ടം തുടരാൻ തീരുമാനിച്ച് ഈ അധ്യാപകൻ

2018 ല്‍, തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വേസയ്ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദേശീയ സിവിലിയന്‍ ബഹുമതികളിലൊന്നായ മീര്‍ ബച്ചാ ഖാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

  • Share this:
ഭരണം കൈയേറി കുറഞ്ഞ സമയം കൊണ്ടു തന്നെ അഫ്ഗാനിസ്ഥാനിലുടനീളമുള്ള സ്‌കൂളുകളിലും സര്‍വകലാശാലകളിലും താലിബാന്‍ നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പലതും വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ താലിബാന് മുന്നില്‍ തങ്ങളുടെ രാഷ്ട്രത്തെ വിട്ടുകൊടുത്ത് മൗനം പാലിയ്ക്കാന്‍ എല്ലാവരുമൊന്നും ഇപ്പോഴും തയ്യാറല്ല. അവരിലൊരാളാണ് 29 വയസ്സുകാരനായ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ മതിയുള്ളാഹ് വേസ. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള തന്റെ പോരാട്ടങ്ങള്‍ ഇനിയും തുടരുമെന്നു തന്നെയാണ് വേസയുടെ നിലപാട്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ഭയം ഉണ്ടായിരുന്നിട്ടും, അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടാന്‍ ഇയാള്‍ തയ്യാറാണ്. തന്റെ കുടുംബത്തിന്റെ സമ്പത്തും ബിസിനസും നഷ്ടപ്പെട്ടതിനു ശേഷവും, അഫ്ഗാനിസ്ഥാന്റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കുള്‍പ്പെടെ വിദ്യാഭ്യാസം നല്‍കുന്നത് അവസാനിപ്പിക്കാന്‍ വേസ തയ്യാറല്ല.

തന്റെയീ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം എന്ന് വേസയ്ക്ക് കൃത്യമായ തിരിച്ചറിവുണ്ട്. ''ഇതിനോടകം തന്നെ എന്റെ കുടുംബത്തിന്റെ സമ്പത്തും ബിസിനസ്സും നഷ്ടമായി കഴിഞ്ഞു. എന്നാല്‍ അതൊന്നും എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണം എന്ന എന്റെ ഉദ്യമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുകയില്ല, അഫ്ഗാനിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് വരെ വിദ്യാഭ്യാസം നേടാന്‍ സാധിക്കണം,''വേസ ദി ഇന്റിപെന്റിനോട് പറഞ്ഞു.

''താലിബാന്‍ ആക്രമണം വെടിഞ്ഞ് സമാധാനമാണ് കാംക്ഷിക്കുന്നത് എങ്കില്‍, അവര്‍ തീര്‍ച്ചയായും കുട്ടികളെ പഠിയ്ക്കാന്‍ അനുവദിക്കണം. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരണമെന്നും, 43 വര്‍ഷമായി നടക്കുന്ന അന്ത്യമില്ലാത്ത യുദ്ധം അവസാനിക്കണമെന്നും ആഗ്രഹിക്കുന്നവര്‍, എല്ലാ വിദ്യാര്‍ത്ഥികളും - പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ - സ്‌കൂളില്‍ പോകാന്‍ അനുവദിക്കുന്നവരായിരിക്കും.'' കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിന് പെന്‍ പാത്ത് ഫൌണ്ടേഷനെ അനുവദിക്കണം എന്ന് അപേക്ഷിയ്ക്കാന്‍ താലിബാന്‍ നേതാക്കളോട് സംസാരിക്കാനും താന്‍ തയ്യാറാണന്ന് വേസ പറയുന്നു.

ഇതാദ്യമായല്ല വേസ താലിബാന്റെ അടിച്ചമര്‍ത്തലുകള്‍ അഭിമൂഖീകരിയ്ക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, വേസയുടെ അച്ഛനും മുത്തച്ഛനും വിദ്യാഭ്യാസത്തിനായി പൊരുതുന്നതിന് ഇടയില്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ നേരിട്ടവരാണ് - പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയതിന്. മുന്‍പ് 2014ല്‍, തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വേസയുടെ അച്ഛനെ താലിബാനികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അവരുടെ വീടും ഗ്രാമവും ഉപേക്ഷിച്ച് പോയില്ല എങ്കില്‍ കുടുംബത്തെ ഒന്നടങ്കം വെടി വെച്ചു കൊല്ലുമെന്നായിരുന്നു അന്നത്തെ ഭീഷണി.\ എന്തായാലും, യുഎസ് താലിബാനെ അട്ടിമറിച്ചതിനുശേഷം, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഒരു പുതിയ സിവിലിയന്‍ ഭരണകൂടം രൂപീകരിക്കപ്പെട്ടു. അത് സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പുതിയ വഴികള്‍ തുറന്നു കൊടുത്തു.

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം തന്റെ അച്ഛനും മുത്തച്ഛനും അഭിമുഖീകരിച്ച അതേ വെല്ലുവിളികളെ നേരിടാന്‍ വെസ ഇപ്പോള്‍ കരുത്താര്‍ജിക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും തന്റെ പരിശ്രമങ്ങള്‍ ഉപേക്ഷിക്കില്ല എന്നു വേസ പ്രതിജ്ഞയെടുത്തു കഴിഞ്ഞു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിയ 100-ല്‍ അധികം സ്‌കൂളുകള്‍ വീണ്ടും തുറക്കുകയും അതിലൂടെ 57,000-ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്ത പെന്‍ പാത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കൂടിയാണ് 29കാരനായ ഈ സാമൂഹിക സേവകന്‍. 2018 ല്‍, തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വേസയ്ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദേശീയ സിവിലിയന്‍ ബഹുമതികളിലൊന്നായ മീര്‍ ബച്ചാ ഖാന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ മുന്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗാനി ആയിരുന്നു അന്ന് വേസയ്ക്ക് പുരസ്‌കാരം കൈമാറിയത്.
Published by:Jayashankar AV
First published: