• HOME
  • »
  • NEWS
  • »
  • world
  • »
  • Taliban | മുഖം മറച്ചില്ലെങ്കില്‍ ജോലി പോകും; താലിബാന്‍ ഉത്തരവ് പാലിച്ച് വനിതാ ടെലിവിഷന്‍ അവതാരകര്‍

Taliban | മുഖം മറച്ചില്ലെങ്കില്‍ ജോലി പോകും; താലിബാന്‍ ഉത്തരവ് പാലിച്ച് വനിതാ ടെലിവിഷന്‍ അവതാരകര്‍

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, പാര്‍ക്കുകളില്‍ പ്രവേശനം നിഷേധിക്കൽ തുടങ്ങിയ നിരവധി സ്ത്രീവിരുദ്ധമായ ഉത്തരവുകള്‍ പുറത്തു വന്നിരുന്നു.

  • Share this:
    താലിബാന്റെ (Taliban) ഉത്തരവ് പാലിച്ച് അഫ്ഗാനിസ്ഥാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകര്‍ (Women TV hosts). വനിതാ അവതാരകർ മുഖം മറച്ച് പരിപാടികള്‍ അവതരിപ്പിക്കണമെന്ന താലിബാന്റെ (Taliban) ഉത്തരവാണ് ഒടുവിൽ അവതാരകര്‍ അംഗീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ (Afghanistan) ഭരണം പിടിച്ചടക്കിയ അന്നുമുതല്‍ സ്ത്രീകളോടുള്ള വിവേചനപരമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് താലിബാന്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, പാര്‍ക്കുകളില്‍ പ്രവേശനം നിഷേധിക്കൽ തുടങ്ങിയ നിരവധി സ്ത്രീവിരുദ്ധമായ ഉത്തരവുകള്‍ പുറത്തു വന്നിരുന്നു.

    ഈ മാസം ആദ്യം, അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദ, സ്ത്രീകള്‍ പൊതുസ്ഥലത്ത് പരമ്പരാഗത ബുര്‍ഖ ധരിച്ച് മുഖം ഉള്‍പ്പെടെ പൂര്‍ണ്ണമായും മറയ്ക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച മുതല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയം ടിവി അവതാരകരോട് ഉത്തരവിട്ടു. എന്നാല്‍ വനിതാ അവതാരകര്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് പരിപാടി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പിന്നാലെ മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തിയിരുന്നു.

    ഇതോടെ ടോളോ ന്യൂസ്, അരിയാന ടെലിവിഷന്‍, ഷംഷദ് ടിവി. വണ്‍ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളില്‍ വനിതാ അവതാരകര്‍ മുഖം മറച്ചുകൊണ്ട് രാവിലെ വാര്‍ത്താ ബുള്ളറ്റിനുകളിൽ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ മുഖം മറയ്ക്കുന്നതിന് എതിരായിരുന്നുവെന്ന് ടോളോ ന്യൂസിന്റെ അവതാരകയായ സോണിയ നിയാസി എഎഫ്പിയോട് പറഞ്ഞു. എന്നാല്‍ ചാനല്‍ അധികൃതർ തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മുഖം മറയ്ക്കാതെ സ്‌ക്രീനില്‍ വന്നാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അവര്‍ പറഞ്ഞുവെന്നും സോണിയ പറഞ്ഞു.

    മുമ്പ് വനിതാ അവതാരകര്‍ തല മറച്ചുകൊണ്ടുള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു നിബന്ധന. വനിതാ അവതാരകരെ സമ്മര്‍ദ്ദം ചെലുത്തി ജോലിയില്‍ നിന്ന് പുറത്താക്കാന്‍ അധികൃതര്‍ക്ക് പദ്ധതിയില്ലെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അകിഫ് സദേഖ് മൊഹാജിര്‍ പറഞ്ഞു. മാധ്യമ ചാനലുകള്‍ ഈ ഉത്തരവാദിത്തം നല്ല രീതിയില്‍ നടപ്പിലാക്കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    പുതിയ ഡ്രെസ് കോഡ് പാലിക്കാതിരുന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരായ വനിതകളെയും പിരിച്ചുവിടുമെന്ന് അധികൃതർ ഉത്തരവിട്ടു. സര്‍ക്കാര്‍ ജോലിയുള്ള പുരുഷന്‍ന്മാരുടെ ഭാര്യമാരോ പെണ്‍മക്കളോ നിയമം അനുസരിച്ചില്ലെങ്കില്‍ പുരുഷന്മാരെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും നിബന്ധനകളിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത വനിതാ അവതാരകരും ചാനല്‍ മാനേജര്‍മാരും രക്ഷിതാക്കളും പിഴ നല്‍കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

    1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത് ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ഇക്കാലയളവില്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ തന്നെയാണ് അഭികാമ്യമെന്നും താലിബാന്‍ അറിയിച്ചു. അഫ്ഗാനിസ്താനില്‍ മിക്കയിടങ്ങളിലും തലമൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുന്നത്.

    അതേസമയം, അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കുകള്‍ വന്നതോടെ രഹസ്യ സ്‌കൂളുകള്‍ സജീവമാകുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അന്താരാഷ്ട്ര മാധ്യമായ ബിബിസി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഏതാനും അധ്യാപകരും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
    Published by:Naveen
    First published: