കാബൂള്‍: താടി(beards) വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫീസുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്(Taliban). സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ള അയഞ്ഞതുമായ ഡ്രസും തൊപ്പിയും അടങ്ങുന്ന പ്രാദേശിക വസ്ത്രം ധരിക്കണമെന്നും താലിബാന് ഭരണകൂടം നിര്‍ദേശം നല്കി.
ഡ്രസ് കോഡ് പാലിക്കാതെ ഇനി മുതല്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി. അതേസമയം പുരുഷന്മാര് കൂടെയില്ലാതെ വിമാനയാത്ര നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി താലിബാന് ഉത്തരവിറക്കിയിരുന്നു.
നേരത്തെ പെണ്‍കുട്ടികള്‍ക്കായി ഹൈസ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം താലിബാന് പിന്‍വലിച്ചിരുന്നു. അഫ്ഗാനില്‍ സ്കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നയം മാറ്റാനുള്ള കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കുമേല്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് താലിബാന് ഉത്തരവിട്ടതായി അഫ്ഗാനിസ്ഥാനിലെ അരിയാന അഫ്ഗാന് എയര്‍ലൈനിലെയും കാം എയറിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലിബാന്റെയും രണ്ട് എയര്‍ലൈനുകളുടെയും പ്രതിനിധികളും എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ അധികൃതരും തമ്മില്‍ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥര്‍ എഎഫ്പിയോട് പറഞ്ഞു. അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം താലിബാന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വിലക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇന്റര്‍-സിറ്റി റോഡ് യാത്രകള്‍ താലിബാന് ഇതിനകം നിരോധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ രണ്ട് പതിറ്റാണ്ട് കൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ ആഗസ്ത് മുതല്‍ അവര്‍ പിന്‍വലിച്ചു. മിക്ക സര്‍ക്കാര്‍ ജോലികളില്‍ നിന്നും സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുകയും ഖുര്‍ആന്റെ തങ്ങളുടെ വ്യാഖ്യാനം അനുസരിച്ച് വസ്ത്രം ധരിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Afghanistan, Taliban