• HOME
  • »
  • NEWS
  • »
  • world
  • »
  • അഫ്ഘാനിസ്ഥാനിലെ കുഞ്ഞു മെസി ഫാൻ മുർത്താസയ്ക്ക് താലിബാൻ ഭീഷണി

അഫ്ഘാനിസ്ഥാനിലെ കുഞ്ഞു മെസി ഫാൻ മുർത്താസയ്ക്ക് താലിബാൻ ഭീഷണി

അഫ്ഘാനിസ്ഥാനിലെ കുഞ്ഞു മെസിഫാൻ ഏഴു വയസുകാരൻ മുർത്താസ അഹ്മദിക്ക് താലിബാൻ ഭീഷണി.

മുർത്താസ അഹ്മദി

മുർത്താസ അഹ്മദി

  • Share this:
    കാബൂൾ: അഫ്ഘാനിസ്ഥാനിലെ കുഞ്ഞു മെസിഫാൻ ഏഴു വയസുകാരൻ മുർത്താസ അഹ്മദിക്ക് താലിബാൻ ഭീഷണി. മെസിയുടെ ജഴ്സിയുടെ മാതൃക പ്സാസ്റ്റിക് ബാഗു കൊണ്ട് ഉണ്ടാക്കി അണിഞ്ഞാണ് മുർത്താസ ഫുട്ബോൾ ആരാധകരുടെ മനസ് കീഴടക്കിയത്. 2016 ജനുവരിയിൽ ആയിരുന്നു സംഭവം.

    നീലയും വെള്ളയും വരകളുള്ള പ്ലാസ്റ്റിക് കവറിൽ പേന കൊണ്ടായിരുന്നു അന്ന് 'മെസി, 10' എന്ന് മുർത്താസ എഴുതിയത്. ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ മുർത്താസയെ നെഞ്ചിലേറ്റി. കാൽപന്തുകളിയുടെ രാജകുമാരൻ മെസിയും മുർത്താസയെക്കുറിച്ച് അറിഞ്ഞു. യുനിസെഫ് വഴി പന്തും ജഴ്സിയും മെസി മുർത്താസയ്ക്ക് സമ്മാനമായി നൽകി. ഖത്തറിൽ വെച്ച് മെസി മുർത്താസയെ കാണുകയും ചെയ്ചു. അന്ന്, ഖത്തറിൽ ബാഴ്സലോണയുടെ സൌഹൃദമത്സരത്തിന് എത്തിയപ്പോഴാണ് ആ കൂടിക്കാഴ്ച നടന്നത്. അന്ന്, മെസിയുടെ കൈ പിടിച്ച് മുർത്താസയും കളത്തിലിറങ്ങിയിരുന്നു.

    ഇന്ന്, മുർത്താസ താരമാണ്. പുറത്തിറങ്ങിയാൽ നിരവധി ആളുകളാണ് മുർത്താസ അഹ്മദിയെ തിരിച്ചറിയുന്നത്. എന്നാൽ, ആരും തന്നെ തിരിച്ചറിയരുതേയെന്ന ആഗ്രഹം മാത്രമാണ് കുഞ്ഞു മുർത്താസയ്ക്കുള്ളത്. കാരണം, ജീവനും കൊണ്ടുള്ള ഓട്ടത്തിലാണ് കുഞ്ഞു മുർത്താസ ഇപ്പോൾ. ഖത്തറിൽ വെച്ച് മെസിയെ കണ്ടതിനു ശേഷമാണ് മുർത്താസയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പാപ്പരാസികളല്ല, താലിബാനാണ് മുർത്താസയുടെ ജീവനു വേണ്ടി പിന്നാലെ കൂടിയിരിക്കുന്നത്.

    തങ്ങളുടെ ബന്ധുക്കളെ താലിബാൻ കൊന്നെന്ന് മുർത്താസ സി എൻ എന്നിട് പറഞ്ഞു. കാറുകൾ തടഞ്ഞു നിർത്തി അതിലെ യാത്രക്കാരെയും കൊല്ലുകയാണ്. വീടുകൾ തെരഞ്ഞുപിടിച്ച് ആളുകളെ കൊല്ലുകയാണ്. മുർത്താസ പറയുന്നു. വീടിനു പുറത്തിറങ്ങാനോ ഫുട്ബോൾ കളിക്കാനോ താലിബാൻ ഞങ്ങളെ അനുവദിക്കുന്നില്ല. വെടിയൊച്ചകളും റോക്കറ്റുകളുടെ ശബ്ദവുമാണ് എപ്പോഴും കേൾക്കുന്നത്. ആളുകൾ കരയുന്ന ശബ്ദവും കേൾക്കാമെന്നും മുർത്താസ പറയുന്നു.

    'യുവാക്കളെയും കുട്ടികളേയും വഴിതെറ്റിക്കുന്നു'; ടിക് ടോക് നിരോധിക്കാൻ തയാറെടുക്കുന്നു

    മകൻ പ്രശസ്തനായതോടെയാണ് ഇത്തരം ഭീഷണി ഉണ്ടായതെന്ന് മുർത്താസയുടെ അമ്മ പറയുന്നു. 'മുർത്താസ എന്നുമുതലാണോ പ്രശസ്തനായത് അന്നുമുതൽ ജീവിതം ഞങ്ങൾക്ക് ബുദ്ധിമുട്ടേറിയതാണ്. താലിബാൻ മാത്രമല്ല, മറ്റു ചിലരും വിചാരിക്കുന്നത് മെസി അവന് ഒരുപാട് പണം നൽകിയിട്ടുണ്ടെന്നാണ്. ഞങ്ങൾ അവനെ സ്കൂളിൽ പറഞ്ഞയയ്ക്കുന്നത് നിർത്തിയിരിക്കുകയാണ്. എല്ലാ സമയത്തും ഭീഷണിയുടെ മുൾമുനയിലാണ് ജീവിക്കുന്നത്' - മുർത്താസയുടെ അമ്മ പറയുന്നു.

    വേറെ എങ്ങോട്ടെങ്കിലും പോകാമെന്ന് അമ്മയോട് എപ്പോഴും പറയുമെന്ന് മുർത്താസ പറയുന്നു. മുർത്താസയുടെ പിതാവ് രണ്ടുപേരെയും ബമ്യനിലേക്ക് മാറ്റിയിരുന്നു. ഞങ്ങൾ ഇവിടെ വന്ന ആദ്യ ദിവസത്തിനു ശേഷം താൻ പിതാവിനെ കണ്ടിട്ടില്ല. അമ്മയെ ഫോണിൽ വിളിക്കുമ്പോൾ മാത്രമാണ് പിതാവുമായി താൻ സംസാരിക്കുന്നതെന്നും കുഞ്ഞു മുർത്താസ പറഞ്ഞു.

    ഇതെല്ലാം കാണുമ്പോൾ മുർത്താസ ഒരിക്കലും പ്രശസ്തനാകേണ്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതം സ്വന്തം നാട്ടിലും കാബൂളിലും ദുരിതപൂർണമായിരിക്കുകയാണ്. മിക്കവാറും സമയവും അവൻ വീടിനുള്ളിൽ തന്നെയാണ് കഴിയുന്നതെന്നും മുർത്താസയുടെ അമ്മ പറഞ്ഞു.

    താലിബാൻ വേട്ടയാടുന്ന അഫ്ഘാൻ ഷിയ വിഭാഗത്തിൽപ്പെട്ട ഹസര എന്ന ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണ് മുർത്താസയും കുടുംബവും. ഇക്കാരണത്താലാണ് മുർത്താസയും കുടുംബവും വേട്ടയാടപ്പെടുന്നതും. അതേസമയം, ഈ വേട്ടയാടലുകളിൽ നിന്ന് രക്ഷപ്പെടണമെന്നും മെസിയെപ്പോലെ ഒരു ഫുട്ബോൾ കളിക്കാരനാകാനും മെസിക്കൊപ്പം ഫുട്ബോൾ കളിക്കാനുമാണ് തനിക്ക് ഇഷ്ടമെന്നുമാണ് മുർത്താസ പറയുന്നത്.

    First published: