പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു തടാകത്തിൽ മുങ്ങിപ്പോയ ഇറ്റാലിയൻ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോൾ ജലത്തിന്റെ ഉപരിതലത്തിൽ പൊങ്ങിവന്നിരിക്കുകയാണ്. ചരിത്രത്തിലെ നിർണായകമായ ഒരു മുഹൂർത്തമായി തന്നെ അപൂർവമായ ഈ പ്രതിഭാസത്തെ കാണേണ്ടിവരും. 71 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ക്യുറോൺ എന്നറിയപ്പെടുന്ന ഗ്രാമത്തിന്റെ അവശേഷിപ്പ് കണ്ടെത്തുന്നത്. ഒരു കാലത്ത് നൂറുകണക്കിന് ജനങ്ങൾ അധിവസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ക്യുറോൺ. പ്രാദേശിക അധികൃതർ ഒരു അണക്കെട്ട് പണിയാനും സമീപപ്രദേശത്ത് നിലകൊള്ളുന്ന രണ്ട് തടാകങ്ങൾ തമ്മിൽ സംയോജിപ്പിക്കാനും തീരുമാനിച്ചതിനെ തുടർന്നാണ് ഈ ഗ്രാമം 1950-ൽ മുങ്ങിപ്പോകുന്നത്. തുടർന്നുള്ള 70 വർഷക്കാലം ഈ ഗ്രാമം വെള്ളത്തിനടിയിൽ മറഞ്ഞിരുന്നു.
160-തിലേറെ വീടുകളാണ് 1950-ൽ ഈ തടാകത്തിൽ മുങ്ങിപ്പോയത്. അന്ന് അവിടെ അധിവസിച്ചിരുന്ന ജനങ്ങളെ മുഴുവൻ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അവരെ സമീപത്തായി തന്നെ നിർമിച്ച മറ്റൊരു പുതിയ ഗ്രാമത്തിലേക്കാണ് മാറ്റിപാർപ്പിച്ചത്. പഴയ ഗ്രാമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത് പ്രാദേശികവാസികളിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്. മണ്മറഞ്ഞു പോയ ഗ്രാമത്തിന്റെ അവശേഷിപ്പുകൾക്ക് ഇടയിലൂടെ നടക്കുന്നത് വളരെ വിചിത്രമായ ഒരു അനുഭവമായാണ് തോന്നിയത് എന്ന് പ്രദേശവാസി കൂടിയായ ലൂയിസ അസോളിനി ട്വീറ്റ് ചെയ്തു.
Curon come non si era mai vista!
Per motivi di manutenzione, hanno semi prosciugato il lago di Resia e sono riaffiorati i resti dell’antico paese ci Curon!❤️
ഇറ്റലിയിലെ ദക്ഷിണ ടൈറോളിന്റെ പശ്ചിമ ഭാഗത്ത് നിലകൊള്ളുന്ന കൃത്രിമ തടാകമാണ് റേസിയ തടാകം. റെസ്ചൻ പാസിന്റെ ദക്ഷിണ ഭാഗത്ത് 2 കിലോമീറ്റർ മാറിയാണ് ഈ തടാകത്തിന്റെ സ്ഥാനം. ഓസ്ട്രിയയുടെയും സ്വിറ്റ്സർലൻഡിന്റെയും അതിർത്തിയിലെ ആൽപൈൻ പ്രദേശത്തെ ദക്ഷിണ ടൈറോളിലാണ് ഈ തടാകം. റേസിയ തടാകം താത്ക്കാലികമായി വറ്റിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മറഞ്ഞുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ കാണാനായതെന്ന് പ്രാദേശികവാസികൾ പറയുന്നു. ജലനിരപ്പ് കുറഞ്ഞതോടെ പഴയ പടിക്കെട്ടുകൾ, നിലവറകൾ, ഗ്രാമത്തിലെ മതിലുകൾ തുടങ്ങിയവ ദൃശ്യമാവുകയായിരുന്നു എന്ന് ബീബി സി റിപ്പോർട്ട് ചെയ്യുന്നു.
ചില ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഈ ഗ്രാമത്തിന്റെ അവശേഷിപ്പുകളുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ഇന്റർനെറ്റിൽ അവ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ നിന്നുള്ള പള്ളി ഗോപുരം വെള്ളത്തിനടിയിൽ നിന്ന് പൊങ്ങിവരുകയും അത് കണ്ടെത്തുകയും ചെയ്തതോടെയാണ് റേസിയ തടാകം വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയത്. വേനൽക്കാലത്ത് കാൽനടയാത്രക്കാർക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇത്. ശൈത്യകാലത്ത് വിനോദ സഞ്ചാരികൾക്ക് തണുത്തുറഞ്ഞ ജലോപരിതലത്തിലൂടെ നടന്ന് ഗോപുരത്തിന്റെ മുനമ്പിലേക്കെത്താൻ കഴിയും.
2020 നവംബറിൽ ഇന്ത്യയിൽ ബീഹാറിലെ ബങ്ക ജില്ലയിലെ അമർപൂർ ബ്ലോക്കിൽ ചന്ദൻ നദിയുടെ മറഞ്ഞുപോയ അധിവാസ പ്രദേശങ്ങളുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. കല്ല് കൊണ്ട് നിർമിച്ചിട്ടുള്ള ഗ്രാമത്തിന്റെ ചില അവശേഷിപ്പുകൾ ബദരിയ ഗ്രാമത്തിലെ പ്രദേശവാസികളാണ് ആദ്യം കണ്ടെത്തിയത്. പ്രാചീന കാലത്തെ സമൂഹത്തിലെ ചില അവശേഷിപ്പുകളാണ് ഇപ്പോൾ നദിയിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.