കാഠ്മണ്ഡു: ഒരേ ദിശയിൽ കാഠ്മണ്ഡു വിമാനത്താവളത്തിലേക്ക് എത്തിയ വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി. എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്‍റെയും വിമാനങ്ങളാണ് അടുത്തടുത്തായി പറന്ന് ലാൻഡ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോളർ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ സസ്പെൻഡ് ചെയ്തു.
ന്യൂഡൽഹിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനവും കുലാലംപൂരിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന നേപ്പാൾ എയർലൈൻസ് വിമാനവുമാണ് അടുത്തടുത്തായി ഒരേദിശയിൽ വന്നത്. മാർച്ച് 24 ന് എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും അടുത്തടുത്തായി വന്നത് ആശയകുഴപ്പമുണ്ടാക്കിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ (CAAN) ട്വീറ്റ് ചെയ്തു.
എയർ ട്രാഫിക് കൺട്രോളർ വിഭാഗത്തിലെ മൂന്ന് ജീവനക്കാർ പിഴവ് വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് CAAN സസ്പെൻഡ് ചെയ്തതായി വക്താവ് ജഗന്നാഥ് നിരൗള പറഞ്ഞു.
Air Traffic Controllers (ATCs) of Tribhuvan International Airport involved in traffic conflict incident (between Air India and Nepal Airlines on 24th March 2023) have been removed from active control position until further notice. pic.twitter.com/enxd0WrteZ
— Civil Aviation Authority of Nepal (@hello_CAANepal) March 26, 2023
വെള്ളിയാഴ്ച രാവിലെ ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പറന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ-320 വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനവും ഏറെക്കുറെ കൂട്ടിയിടിയുടെ അടുത്ത് എത്തിയത്.
നേപ്പാൾ എയർലൈൻസിന്റെ വിമാനം 15,000 അടി ഉയരത്തിൽ പറന്നപ്പോൾ എയർ ഇന്ത്യ വിമാനം 19,000 അടി മുകളിൽനിന്ന് താഴേക്കു പറക്കുകയായിരുന്നുവെന്ന് നിരൗള പിടിഐയോട് പറഞ്ഞു. രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാർ കാണിച്ചതിനെ തുടർന്ന് നേപ്പാൾ എയർലൈൻസ് വിമാനം 7,000 അടിയിലേക്ക് താഴ്ന്നതോടെയാണ് അപകടം ഒഴിവായതെന്ന് വക്താവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.