220 ബോയിംഗ് വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തീരുമാനത്തെ ‘ചരിത്രപരമായ ഉടമ്പടി’ എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. പുതിയ ഡീൽ അമേരിക്കയിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബൈഡൻ പറഞ്ഞു.
“നിർമാണ രംഗത്ത് അമേരിക്കക്ക് ലോകത്തെ നയിക്കാൻ കഴിയും. എയർ ഇന്ത്യയും ബോയിംഗും തമ്മിലുള്ള ചരിത്രപരമായ കരാറിലൂടെ ഇരുന്നൂറിലധികം അമേരിക്കൻ നിർമിത വിമാനങ്ങൾ വാങ്ങുമെന്ന പ്രഖ്യാപനം നടത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു”, ജോ ബൈഡൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
“ഈ കരാറിലൂടെ 44 അമേരിക്കൻ സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി ലഭിക്കും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ശക്തി വ്യക്തമാക്കുന്ന കരാറാണിത്”, ബൈഡൻ കൂട്ടിച്ചേർത്തു.
നിലവിലെ ആഗോള വെല്ലുവിളികളെ ഒന്നിച്ച് അഭിമുഖീകരിക്കുന്നത് തുടരുമെന്നും ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്നതിന് ആവശ്യമായ ഇത്തരം സഹകരണങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ബൈഡൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാർ യാഥാർത്ഥ്യമായതിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന, പരസ്പര സഹകരണത്തിന്റെ ഉദാഹരണമാണ് എയർ ഇന്ത്യയും ബോയിങ്ങും തമ്മിലുള്ള സുപ്രധാന കരാർ എന്നും ഇരു നേതാക്കളും പറഞ്ഞു. ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖല വികസിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ബോയിംഗിനെയും മറ്റ് യുഎസ് കമ്പനികളെയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.