• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യു.എ.ഇ പൊതുമാപ്പ് ബുധനാഴ്ച മുതൽ; വിപുലമായ സജ്ജീകരണങ്ങൾ


Updated: July 30, 2018, 12:46 PM IST
യു.എ.ഇ പൊതുമാപ്പ് ബുധനാഴ്ച മുതൽ; വിപുലമായ സജ്ജീകരണങ്ങൾ

Updated: July 30, 2018, 12:46 PM IST
ദുബായ്: ശരിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കായി യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും. മൂന്നു മാസമാണ് പൊതുമാപ്പിന്റെ കാലാവധി. ആറ് വർഷങ്ങൾക്ക് ശേഷമാണ് യു.എ.ഇ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്ക് ശിക്ഷയോ പിഴയോ കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാനോ രേഖകൾ ശരിയാക്കി ഇവിടെത്തന്നെ തുടരാനോ ഉള്ള സൗകര്യമാണ് പൊതുമാപ്പ് നൽകുന്നത്.

'ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം. ശരിയായ രേഖകളില്ലാതെ യു.എ.ഇ. യിൽ ഒളിവിൽ കഴിയുന്നവർക്കെല്ലാം ധൈര്യമായി പുറത്തിറങ്ങി രേഖകൾ ശരിയാക്കാനുള്ള ദിവസങ്ങളാണിത്. അനധികൃതമായി രാജ്യത്ത് തുടരേണ്ടിവരുന്നവർ ക്രിമിനലുകളല്ല, ചില സാഹചര്യങ്ങളാണ് അവരെ ഇവിടെ അനധികൃതമായി തുടരാൻ നിർബന്ധിതരാക്കിയത്' - ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറിയും പൊതുമാപ്പ് നൽകുന്ന പ്രത്യേക വിഭാഗത്തിന്റെ ചുമതലക്കാരനായ അസി.ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്തും അഭ്യർത്ഥിച്ചു.

വിപുലമായ സൗകര്യങ്ങൾ...

അൽ അവീറിലെ ഇമിഗ്രേഷൻ ഓഫീസ് പരിസരത്ത് വിശാലമായ ശീതീകരിച്ച ടെന്റുകളാണ് പൊതുമാപ്പ് ലഭിക്കാനായെത്തുന്നവർക്കായി ദുബായ് ഇമിഗ്രേഷൻ അധികൃതർ സജ്ജമാക്കിയിരിക്കുന്നത്. 3000 പേർക്ക് ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ടെന്റുകളുണ്ട്. ഓരോ ടെന്റിലും വിവിധ രാജ്യക്കാർക്കായി പ്രത്യേക കൗണ്ടറുകളും ഉണ്ടാവും. ഭാഷ അറിയാത്തവർക്കായി അവരെ സഹായിക്കാനും ആൾക്കാരുണ്ട്. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് ടെന്റുകളുടെ പ്രവർത്തന സമയം.

ആദ്യമെത്തുന്നവർ ആദ്യം എന്ന മട്ടിൽ ടോക്കൺ നൽകിയാണ് ഓരോ കൗണ്ടറിലും അപേക്ഷകരെ പരിഗണിക്കുന്നത്. രേഖകൾ ശരിയാക്കിക്കഴിഞ്ഞാൽ നാട്ടിലേക്ക് പോകാനുള്ള ഔട്ട് പാസ് ലഭിക്കുന്നവർ 21 ദിവസത്തിനുള്ളിൽ ആ ആനുകൂല്യം ഉപയോഗിക്കണം. പാസ്പോർട്ടിൽ യാത്രാ നിരോധനം എന്ന സീൽ പതിക്കാത്തതിനാൽ എപ്പോൾ വേണമെങ്കിലും അവർക്ക് തിരിച്ചുവരാം. കണ്ണ് സ്കാനിങ്, ഫോട്ടോ എടുക്കൽ എന്നീ നടപടിക്രമങ്ങളും ഇവിടെ നടക്കും.

പൊതുമാപ്പിന്റെ ആനുകൂല്യം ആർക്ക്?

ശരിയായ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ എത്തുകയും എന്നാൽ മതിയായ താമസരേഖകളില്ലാതെ ഇപ്പോൾ ഇവിടെത്തങ്ങുന്ന ആർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. ഇവ ശരിയാക്കാനും പാസ്പോർട്ട് തൊഴിലുടമയുടെയോ സ്പോൺസറുടെയോ കൈവശമായിപ്പോയവർക്കും ഇവിടെ എത്തി രേഖകൾ ശരിയാക്കാം.

എന്നാൽ, സാമ്പത്തിക ക്രമക്കേടുകളിലും പൊലീസ് കേസുകളിലും പെട്ടവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ഇവർ ബന്ധപ്പെട്ട കോടതികളിലോ പൊലീസ് സ്റ്റേഷനുകളിലോ പോയി കേസുകൾ അവസാനിപ്പിച്ച ശേഷം താമസരേഖകളിൽ പ്രശ്നമുണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാനാവും.
നിയമവിരുദ്ധ മാർഗങ്ങളിലൂടെ യു.എ.ഇയിൽ പ്രവേശിച്ചവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഉടനടി ലഭിക്കില്ല. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അവരോടുള്ള സമീപനം. അവരെ പൊലീസിൽ ഏൽപ്പിക്കും. മാപ്പ് ലഭിച്ചാലും ചിലപ്പോൾ രണ്ടുവർഷം വരെ യാത്രാനിരോധനവും അവർക്ക് നേരിടേണ്ടിവരും.

ക്യാമ്പിൽ എത്തുന്നവർ പാസ്പോർട്ട് കൈവശം കരുതണം. പാസ്പോർട്ട് സ്പോൺസറുടെ കൈവശമാണെങ്കിൽ അത് വാങ്ങിച്ചെടുക്കുന്നതും ക്യാമ്പിൽ സാധ്യമാകും. ഇമിഗ്രേഷൻ സജ്ജമാക്കുന്ന ക്യാമ്പുകളിൽ വിവിധ കോൺസുലേറ്റുകളുടെ പ്രതിനിധികളും സംബന്ധിക്കും.

അൽ അവീറിലെ സെന്ററിലേക്ക് യാത്രാ സൗകര്യം

ദുബായ് ഇമിഗ്രേഷൻ സജ്ജമാക്കുന്ന ക്യാമ്പിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി ദുബായ് റോഡ്‌സ് ആൻഡ്‌ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പ്രത്യേക ബസ്‌ സൗകര്യം ഏർപ്പെടുത്തും. പ്രധാന വ്യവസായകേന്ദ്രങ്ങളിൽ നിന്നും ഗതാഗത സൗകര്യം ഉണ്ടാവും. ക്യാമ്പ് നടക്കുന്ന മൂന്ന് മാസങ്ങളിലും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാവും. ചെറിയ ക്ലിനിക് തന്നെയാവും ഇവിടെ പ്രവർത്തിക്കുന്നത്. കുറഞ്ഞ ഭക്ഷണം ലഭ്യമാക്കുന്ന കാന്റീനും പ്രവർത്തിക്കും. കുടിവെള്ളം സൗജന്യമായി ലഭിക്കും.

 

 
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍