• HOME
 • »
 • NEWS
 • »
 • world
 • »
 • ALL ABOUT SHARIA LAW AND HOW IT AFFECTS THE WOMEN IN AFGHANISTAN MM

Explained: എന്താണ് ശരീഅത്ത് നിയമം? താലിബാൻ നടപ്പിലാക്കുന്ന ശരീഅത്ത് നിയമങ്ങൾ അഫ്ഗാൻ സ്ത്രീകളെ എങ്ങനെ ബാധിക്കും?

അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയ താലിബാൻ ഇസ്ലാമിക മതനിയമമായ ശരീഅത്ത് അനുസരിച്ചാണ് ഇനി രാജ്യത്ത് പ്രവർത്തിക്കുക എന്നറിയിച്ചിട്ടുണ്ട്

കാബൂൾ തെരുവിൽ തുല്യതയ്ക്കായുള്ള സന്ദേശവുമായി വനിതകൾ

കാബൂൾ തെരുവിൽ തുല്യതയ്ക്കായുള്ള സന്ദേശവുമായി വനിതകൾ

 • Share this:
  അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയ താലിബാൻ ഇസ്ലാമിക മതനിയമമായ ശരീഅത്ത് അനുസരിച്ചാണ് ഇനി രാജ്യത്ത് പ്രവർത്തിക്കുക എന്നറിയിച്ചിട്ടുണ്ട്. കാബൂൾ നഗരം കീഴടക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട താലിബാൻ വക്താവ് മീഡിയകളുടെ പ്രവർത്തനം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ശരീഅത്ത് അനുവദിക്കുന്ന രീതിയിൽ അനുമതി നൽകും എന്നാണ് മറുപടി നൽകിയത്. എന്നാൽ ഇതുകൊണ്ട് താലിബാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിൽ ഒരു വ്യക്തത ഇതുവരെ ലഭ്യമല്ല.

  മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലിരുന്ന സമയത്ത് കൊലപാതകം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എർപ്പെടുന്ന വ്യക്തികളെ പരസ്യമായി വധിക്കുന്ന ശിക്ഷാ മുറകൾ നടപ്പാക്കിയിരുന്നു. പല കോണുകളിൽ നിന്നായി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ശിക്ഷാ രീതിയായിരുന്നു ഇത്. പുതിയ സർക്കാരും ഇതേ നിലപാട് പിന്തുടരുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

  എന്താണ് ശരീഅത്ത്?

  ഇസ്ലാം വിശ്വാസികളോട് അനുശാസിക്കുന്ന നിയമ വ്യവസ്ഥയെയാണ് ശരീഅത്ത് എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ പ്രധാനപ്പെട്ട ഗ്രന്ഥമായ ഖുർആനെയും, പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങൾ എന്ന് വിശ്വസിക്കപ്പെടുന്ന ഹദീസിനെയും, മറ്റു മുസ്ലിം പണ്ധിതരുടെ അഭിപ്രായങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ശരീഅത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. "തെളിഞ്ഞ വെള്ളത്തിലേക്കുള്ള പാത" എന്നാണ് ശരീഅത്ത് എന്ന അറബി പദത്തിന്റെ അർത്ഥം.

  വിശ്വാസികൾ എല്ലാ ദിവസവും അഞ്ച് തവണ നിർവ്വഹിക്കുന്ന നിസ്കാരങ്ങൾ, ഇസ്ലാമിക കലണ്ടറിലെ റമദാൻ മാസത്തിൽ അനുഷ്ടിച്ചു പോരുന്ന വൃതം, സകാത്ത് എന്ന പേരിൽ അറിയപ്പെടുന്ന ദാന ദർമ്മം, പുണ്യ പ്രദേശങ്ങളായ സൗദി അറേബ്യയിലെ മക്ക, മദീന പോലെയുള്ള പ്രദേശങ്ങളിലേക്കുള്ള തീർത്ഥ യാത്ര തുടങ്ങിയ മുസ്ലിംകൾ ചെയ്തു പോരുന്ന മുഴുവൻ വിശ്വാസ കർമ്മങ്ങളും ശരീഅത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർവ്വഹിക്കേണ്ടത് എന്നാണ് നിയമം. അഥവാ വിശ്വാസികളെ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ ശരീഅത്ത് സഹായിക്കുന്നു.

  ശരീഅത്ത് എങ്ങനെ പിൻപറ്റാം?

  ഒരു മുസ്ലിമിന്റെ നിത്യജീവിതത്തിൽ മുഴുവൻ സമയങ്ങളിലും ശരീഅത്തിന്റെ സ്വാധീനം കാണാം. ഉദാഹരണത്തിന്, ഒരാളെ ജോലിക്ക് ശേഷം തന്റെ സഹപ്രവർത്തകർ പബ്ബിലേക്ക് ക്ഷണിച്ചാൽ അതിൽ പോവാതിരിക്കണമെന്ന് തീരുമാനമെടുക്കുന്നത് ശരീഅത്ത് പാലിച്ചുകൊണ്ടാണ്. ഇങ്ങനെ തുടങ്ങി കുടുംബ കാര്യങ്ങൾ, വ്യാപാരം, എങ്ങനെ സമ്പത്ത് വിനിയോഗിക്കാം തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങളിലും ശരീഅത്ത് വ്യക്തമായ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഇസ്ലാം മത വിശ്വാസികൾ പറയുന്നു.  തീവ്രമായ ശിക്ഷാ നടപടികൾ

  ശരീഅത്ത് നിയമമനുസരിച്ച് കുറ്റകൃത്യങ്ങൾ രണ്ട് രീതികളിലുള്ളവയാണ്. "ഹദ്ദ്" എന്ന പേരിലറിയപ്പെടുന്നവ വൻകുറ്റങ്ങളായി പരിഗണിക്കപ്പെടുകയും ഇവയ്ക്കുള്ള ശിക്ഷ നേരത്തെ നിശ്ചയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം "തഅ്സീർ" എന്ന പേരിൽ അറിയപ്പെടുന്ന കുറ്റങ്ങളുടെ ശിക്ഷ തീരുമാനിക്കുന്നത് ഇസ്ലാം നിശ്ചയിക്കുന്ന വിധി കർത്താക്കളാണ്. മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റകൃതങ്ങൾ ഹദ്ദിന്റെ പരിധിയിൽ വരുന്നു. മോഷ്ടാവിന്റെ കൈ മുറിക്കുക എന്നതാണ് ശരീഅത്ത് അനുസരിച്ചുള്ള ശിക്ഷ. അതേസമയം, വ്യഭിചാരികളെ എറിഞ്ഞ് കൊല്ലണമെന്നാണ് ശരീഅത്തിന്റെ വിധി. എന്നാൽ ഇത്തരം ശിക്ഷാ നടപടികൾ നടപ്പിൽ വരുത്തണമെങ്കിൽ കൃത്യമായ തെളിവ് വേണമെന്നും ഇസ്ലാം പറയുന്നുണ്ട്.

  ഐക്യരാഷ്ട്ര സഭ എറിഞ്ഞ് കൊല്ലുന്ന ശിക്ഷാ രീതികൾക്കെതിരെ മുമ്പ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം ശിക്ഷാ രിതീകൾ പീഡനത്തിന്റെ പരിധിയിൽ വരുമെന്നും അത് മനുഷ്യത്വ രഹിതമാണെന്നും അത് നിരോധിക്കണമെന്നും യുഎൻ പറയുന്നു. എല്ലാ മുസ്ലിം രാജ്യങ്ങളും ഹദ്ദ് ശിക്ഷാ രീതികൾ നടപ്പാക്കാറില്ല എന്നതാണ് വസ്തുത. കൂടാതെ ഇത്തരം തീവ്രമായ ശിക്ഷാ നടപടികൾക്കെത്തിരെ ഇസ്ലാമിക ലോകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുമുണ്ട്.

  മതംമാറിയ വ്യക്തികളെ വധിക്കാമോ?

  മത വിശ്വാസം ഉപേക്ഷിക്കുക എന്നത് ഇസ്ലാമിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾ വഴിവച്ച കാര്യമാണ്. ഇത്തരം ആളുകളെ വധിക്കണം എന്നാണ് ഭൂരിപക്ഷ മുസ്ലിം പണ്ധിതരുടെയും അഭിപ്രായം എന്നാണ് വിധഗ്ദ്ധർ പറയുന്നത്. എന്നാൽ ചില പണ്ധിതരുടെ അഭിപ്രായം മതം വിട്ടവർക്കുള്ള ശിക്ഷ ദൈവത്തിന് വിടണം എന്നും മതം വിടൽ ഇസ്ലാമിന് വെല്ലുവിളി സൃഷ്ടിക്കുന്നില്ല എന്നുമാണ്. ആരെയും നിർബന്ധിച്ച് മതത്തിൽ ചേർക്കരുതെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്.

  എങ്ങനെയാണ് മത നിയമങ്ങൾ തയ്യാറാക്കുന്നത്?

  എല്ലാ നിയമ വ്യവസ്ഥകളെയും പോലെ ശരീഅത്ത് നിയമങ്ങളും വളരെ സങ്കീർണമാണ്. മത പണ്ഡിതരുടെ വിവരങ്ങൾക്കും പരിശീലനത്തിനും അനുസരിച്ച് ശരീഅത്ത് നിയമങ്ങൾ പിൻപറ്റുന്നതിൽ വ്യത്യാസങ്ങൾ വരുന്നു. മുഫ്തികൾ എന്ന പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരാണ് ശരീഅത്ത് അടിസ്ഥാനപ്പെടുത്തിയുള്ള വിധികളും, നിർദ്ദേശങ്ങളും പ്രഖ്യാപിക്കുന്നത്. ഫത്വ എന്നാണ് ഇത്തരം മത വിധികളെ വിശേഷിപ്പിക്കുന്നത്. ഫത്വ ഇസ്ലാം അംഗീകരിച്ച മതവിധിയാണ്.

  ഇസ്ലാം മത വിശ്വാസമനുസരിച്ച് അഞ്ച് വ്യത്യസ്ത ശരീഅത്ത് നിയമങ്ങൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. സുന്നി മുസ്ലിംകൾ പ്രധാനമായും ഹംബലി, ഹനഫി, മാലികി, ശാഫി എന്നീ നാല് ശരീഅ വിധികളെയാണ് പിന്തുടരുന്നത്. അതേ സമയം ഷിയാ വിഭാഗത്തിൽ പെടുന്ന മുസ്ലിംകൾ ഷിയാ ജാഫരി എന്ന ശരീഅ രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങളുടെ മത കർമ്മങ്ങൽ നിർവ്വഹിക്കുന്നത്. ഖുർആൻ, പ്രവാചക വചനങ്ങളായ ഹദീസ്, തുടങ്ങിയ മത നിയമങ്ങൾ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുന്ന ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിലെ വ്യത്യാസങ്ങളാണ് ഇത്തരം വ്യത്യസമായ ശരീഅത്ത് നിയമങ്ങൾ രൂപപ്പെടാനുണ്ടായ കാരണം.

  കേളത്തിലെ മുസ്ലിംകൾ പ്രധാനമായും ശാഫി ശരീഅ നിയമങ്ങളാണ് പിന്തുടരുന്നത്. അതേസമയം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹനഫി രീതിയെയാണ് കൂടുതൽ വിശ്വാസികളും പിന്തുടരുന്നത്. കേരളത്തിലേക്ക് കടൽ മാർഗം അറേബ്യയിൽ നിന്ന് വന്ന ആളുകളാണ് ഇസ്ലാം പ്രചരിപ്പിച്ചതെന്നും അതുകൊണ്ടാണ് അറബികൾ പിന്തുടരുന്ന ശാഫി വിശ്വാസ രീതികൾ ഇവിടെ വ്യാപിക്കാൻ കാരണമെന്നും വിദഗ്ധ‍ർ പറയുന്നു.
  Published by:user_57
  First published:
  )}