ലോകരാജ്യങ്ങൾ സമീപകാലത്ത് ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ രാഷ്ട്രീയ സംഭവവികാസം ആയിരുന്നു ഫ്രാൻസിലെ (France) പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 48.8 മില്യൻ വോട്ടർമാർ ഉള്ള ഫ്രാൻസിൽ പേപ്പർ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പിനെക്കുറിച്ചും തിരഞ്ഞെടുപ്പു രീതികളെക്കുറിച്ചും കൂടുതൽ അറിയാം.
എങ്ങനെയാണ് പേപ്പർ ബാലറ്റ് (Paper ballot) വഴിയുള്ള വോട്ടെടുപ്പ് ?
കർട്ടനുകൾ കൊണ്ട് മറച്ച ബൂത്തിനുള്ളിൽ വെച്ചാണ് വോട്ടർമാർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നത്. തുടർന്ന് ഒരു കവറിലാക്കി അത് ബാലറ്റ് ബോക്സിൽ ഇടുന്നു. വോട്ടർമാർക്ക് ഫോട്ടോ ഐഡന്റിഫിക്കേഷൻ രേഖ നിർബന്ധമാണ്. ബൂത്തിൽ വെച്ചിരിക്കുന്ന ഡോക്യുമെന്റിൽ തങ്ങളുടെ പേരിന് അടുത്തായി ഒപ്പിടുകയും വേണം.
മെഷീൻ വോട്ടിംഗ് പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ 2008 മുതൽ പുതിയ മെഷീനുകൾ വാങ്ങുന്നത് മരവിപ്പിച്ചിരിക്കുകയാണ്. ഫ്രാൻസിലെ 35,000 മുനിസിപ്പാലിറ്റികളിൽ ഏകദേശം 60 നഗരങ്ങളിൽ മാത്രമാണ് ഇപ്പോഴും അവ ഉപയോഗിക്കുന്നത്.
കോവിഡിനിടെ, തിരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് മെഷീൻ വോട്ടിംഗ് അനുവദിക്കാനുള്ള ഭേദഗതി പാസാക്കാൻ കഴിഞ്ഞ വർഷം സർക്കാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പേപ്പർ ബാലറ്റ് അല്ലാതെ മറ്റെന്തെങ്കിലും സംവിധാനം ഉണ്ടോ?
ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാൽ ഇ-മെയിൽ വഴിയുള്ള വോട്ടിങ്ങ് 1975-ൽ നിരോധിക്കപ്പെട്ടിരുന്നു. വിവിധ കാരണങ്ങളാൽ വോട്ടു ചെയ്യാൻ കഴിയാത്ത ആളുകൾക്ക് അവർക്കായി മറ്റാരെയെങ്കിലും നിയോഗിക്കാം. അങ്ങനെ ചെയ്യുന്നതിനായി, ഒരു വോട്ടർ നിശ്ചിത സമയത്തിന് മുമ്പായി ഒരു ഫോം പൂരിപ്പിച്ച് പോലീസ് സ്റ്റേഷനിൽ സമർപ്പിക്കണം. അഞ്ച് വർഷം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 7% ആളുകൾ
ഇത്തരത്തിൽ പ്രോക്സി വോട്ട് ആണ് ചെയ്തത്. വിദേശത്ത് താമസിക്കുന്ന ഫ്രഞ്ച് പൗരൻമാർക്ക് എംബസികളിലോ കോൺസുലേറ്റുകളിലോ വോട്ട് രേഖപ്പെടുത്താം.
ബാലറ്റ് എണ്ണുന്നത് എങ്ങനെ?
വോളണ്ടിയർമാർ കൈകൊണ്ടാണ് ബാലറ്റുകൾ ഓരോന്നായി എണ്ണുന്നത്. പിന്നീട് അത് രജിസ്റ്റർ ചെയ്യുന്നതിനും ഫലങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും സർക്കാർ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു. ഫലം ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ പേപ്പർ ബാലറ്റുകൾ വീണ്ടും എണ്ണും.
വോട്ടെടുപ്പ് മെഷീനുകൾ യന്ത്രങ്ങൾ ഉപയോഗിക്കുന്ന നഗരങ്ങളിൽ അതാത് പ്രാദേശിക കേന്ദ്രങ്ങളിൽ വോട്ടെണ്ണി രജിസ്റ്റർ ചെയ്യുകയും തുടർന്ന് തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് എങ്ങനെ?
ഫ്രാൻസിലെ കോവിഡ് നിയന്ത്രണങ്ങളിൽ പലതും ഒന്നൊന്നായി ഇല്ലാതാക്കിയിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തുടക്കത്തിൽ കേസുകളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഓരോ ദിവസവും 80,000-ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. പോസിറ്റീവ് ആയവർക്ക് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വോട്ട് ചെയ്യാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു.
Summary: How France conducted an election in old-school style when the entire world has switched to paperless format
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.