റിയോ ഡി ജനീറോ: ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്ന പൗലോ പൗലിനോ ഗുജാജരയെ വനംകൊള്ളക്കാർ വെടിവെച്ചുകൊന്നു. വനത്തിൽ അതിക്രമിച്ചുകടന്ന ഒരു സംഘം ആളുകളാണ് പൗലിനോയെ വെടിവെച്ചുകൊന്നത്. പ്രകൃതി ചൂഷണത്തിനെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവന്ന പൗലിനോയുടെ മരണം ബ്രസീലിൽ വൻ വിവാദമായിരിക്കുകയാണ്.
ആമസോൺ മഴക്കാടുകളുമായി ചേർന്ന് അധിവസിക്കുന്ന ഗോത്രവർഗക്കാരായ ഗുജാജരയുടെ നേതാവായിരുന്നു പൗലിനോ. പ്രകൃതി ചൂഷണം തടയാനായി 2012ൽ ഗുജാജര ഗോത്രവർഗക്കാർ രൂപീകരിച്ച ഗാർഡിയൻസ് ഓഫ് ഫോറസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് പൗലിനോ ആയിരുന്നു. അടുത്തിടെ ഉണ്ടായ ആമസോൺ വനാന്തരങ്ങളുടെ നശീകരണത്തിനെതിരെ മുൻനിരയിൽനിന്ന് പോരാടിയത് അദ്ദേഹമായിരുന്നു.
മരംമുറിക്കാനും വനവിഭവങ്ങൾ കൈക്കലാക്കാനുമായി അതിക്രമിച്ചുവരുന്നവരെ തടയുകയാണ് ഗാർഡിയൻസ് ഓഫ് ഫോറസ്റ്റിന്റെ പ്രധാന ചുമതല. പൗലോ പൗലിനോയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ചെറുപ്പക്കാരാണ് കാടിന്റെ സംരക്ഷകരായി നിലകൊണ്ടത്. പലപ്പോഴും വനംകൊള്ളക്കാരുടെ ഭീഷണി ഇവർ നേരിട്ടിരുന്നു. നിരവധി തവണ വധശ്രമങ്ങളിൽ നിന്ന് ഇവർ രക്ഷപെടുകയായിരുന്നു.
അതേസമയം പൗലോ പൗലിനോയുടെ കൊലപാതകം ബ്രസീലിൽ രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. ഗോത്രവർഗക്കാർക്കെതിരായ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബൊൽസുനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.