• HOME
  • »
  • NEWS
  • »
  • world
  • »
  • 'ഡൊണാൾഡ് ട്രംപ് ബലാത്സംഗം ചെയ്തു': അമേരിക്കൻ എഴുത്തുകാരി കോടതിയിൽ

'ഡൊണാൾഡ് ട്രംപ് ബലാത്സംഗം ചെയ്തു': അമേരിക്കൻ എഴുത്തുകാരി കോടതിയിൽ

മൂന്ന് പതിറ്റാണ്ട് മുമ്പാണ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി

ഇ. ജീന്‍ കാരോള്‍

ഇ. ജീന്‍ കാരോള്‍

  • Share this:

    വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി അമേരിക്കന്‍ എഴുത്തുകാരി ഇ. ജീന്‍ കാരോള്‍. ഇതുസംബന്ധിച്ച് യുഎസ് സിവില്‍ കോടതി മുമ്പാകെ ഇവര്‍ മൊഴി നല്‍കുകയും ചെയ്തു.

    മൂന്ന് പതിറ്റാണ്ട് മുമ്പാണ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ഇവര്‍ പറഞ്ഞത്. ആ അനുഭവത്തിന് ശേഷം പിന്നീട് ഒരു പ്രണയ ബന്ധത്തില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കാരോള്‍ പറഞ്ഞു.

    “ഡോണാള്‍ഡ് ട്രംപ് എന്നെ ബലാത്സംഗം ചെയ്തു. അതുകൊണ്ടാണ് ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നത്,” എന്നാണ് കാരോള്‍ കോടതി മുമ്പാകെ പറഞ്ഞത്.

    വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപ് ഒരുങ്ങുന്നതിനിടെയാണ് ട്രംപിനെതിരെ ലൈംഗികാതിക്രമ പരാതി ഉയരുന്നത്.

    1990കളിലാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്നാണ് കാരോള്‍ പറഞ്ഞത്. മാന്‍ഹട്ടനിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ചേയ്ഞ്ചിംഗ് റൂമില്‍ വെച്ചായിരുന്നു തന്നെ ട്രംപ് ലൈംഗികമായി ആക്രമിച്ചത് എന്നാണ് കാരോളിന്റെ മൊഴി.

    ഈ ആരോപണവുമായി രംഗത്തെത്തിയപ്പോഴെല്ലാം ട്രംപ് തന്നെ പരസ്യമായി അധിക്ഷേപിച്ചിരുന്നുവെന്നും കാരോള്‍ വ്യക്തമാക്കി. ഈ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയായിരുന്നുവെന്നും കാരോള്‍ പറഞ്ഞു.

    തന്റെ മുന്നിലെത്തിയ ട്രംപ് സ്ത്രീകളുടെ അടിവസ്ത്രം വാങ്ങുന്നതിനെപ്പറ്റി അന്ന് തന്നോട് ഉപദേശം ചോദിച്ചു. ഡ്രസ്സിംഗ് റൂമിന്റെ അടുത്തേക്ക് തന്നെ നയിച്ചുവെന്നും കാരോള്‍ പറഞ്ഞു. ശേഷം അയാള്‍ തന്നെ ശാരീരികമായി പിടിച്ച് വെച്ചു. താന്‍ ട്രംപിനെ തള്ളിമാറ്റാന്‍ ശ്രമിച്ചുവെന്നും കാരോള്‍ പറഞ്ഞു.

    Also read: ചാൾസ് രാജാവിനു നേരെ ചീമുട്ട; ശിക്ഷയായി പ്രതിക്ക് ശമ്പളമില്ലാതെ നൂറ് മണിക്കൂർ കമ്യൂണിറ്റി സേവനം

    2019ല്‍ ന്യൂയോര്‍ക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച തന്റെ ബുക്കിലാണ് കാരോള്‍ ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്തിനാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ ഇത്രയധികം സമയം എടുത്തത് എന്നും കോടതി ഇവരോട് ചോദിച്ചു.

    “ഡോണാള്‍ഡ് ട്രംപിനെ തനിക്ക് പേടിയായിരുന്നു. എന്നെ അപമാനിച്ചിരുന്നു. അത് എന്റെ തെറ്റാണെന്നായിരുന്നു ഞാന്‍ കരുതിയത്,” കാരോള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമവസാനമാണ് കാരോള്‍ ട്രംപിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

    കഠിനമായ വേദന അനുഭവിച്ചു

    ബലാത്സംഗത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചുവെന്നും കാരോള്‍ കുറ്റപ്പെടുത്തി. കള്ളം പ്രചരിപ്പിച്ച് അദ്ദേഹം തന്നെ അപമാനിച്ചുവെന്നും കാരോള്‍ പറഞ്ഞു.

    “അയാള്‍ കള്ളം പറഞ്ഞു. എന്നെ അപമാനിച്ചു. എന്റെ ജീവിതം തിരിച്ച് പിടിക്കാനാണ് ഞാന്‍ ഇവിടെ വന്നത്,” കാരോള്‍ കോടതിയില്‍ പറഞ്ഞു.

    “ആക്രമണത്തിന് ശേഷം വളരെ മോശമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ആക്രമണത്തിന് ശേഷം എനിക്ക് വീണ്ടും ഒരു പ്രണയബന്ധത്തില്‍ പോലും ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല,” കാരോള്‍ കൂട്ടിച്ചേർത്തു.

    അതേസമയം കാരോളിന്റെ പരാതി പരിഗണിക്കവെ ട്രംപിനെതിരെ ജഡ്ജി ലൂയിസ് കപ്ലാന്‍ വിമര്‍ശനമുന്നയിച്ചു. വിചാരണയെ വിമര്‍ശിച്ച് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഇട്ടിരുന്ന പോസ്റ്റിനെ വിമര്‍ശിച്ചാണ് ജഡ്ജി രംഗത്തെത്തിയത്. വിചാരണ ഒരു നിര്‍മ്മിത അഴിമതിയാണെന്നും കാരോളിന്റെ അഭിഭാഷകന്‍ രാഷ്ട്രീയ താല്‍പ്പര്യം കണക്കിലെടുത്താണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ട്രംപ് പോസ്റ്റിലെഴുതിയത്. ഇതാണ് കോടതി വിമര്‍ശിച്ചത്. ഇത്തരം അഭിപ്രായം തെറ്റാണെന്നും ജഡ്ജി പറഞ്ഞു.

    മാനസികവും ശാരീരികവുമായ നഷ്ടം അന്തസ്സിനെ ഇല്ലാതാക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ കാരോള്‍ പരാതി നല്‍കിയിരിക്കുന്നത്.

    അതേസമയം, ട്രംപിനെതിരെ നിരവധി സ്ത്രീകള്‍ ഇതിനോടകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയായിരുന്നു. ഈ കേസുകളിലൊന്നും ട്രംപിനെ കുറ്റക്കാരനായി വിധിച്ചിരുന്നില്ല.

    അതേസമയം, കരോളിന്റെ പരാതിയില്‍ ട്രംപ് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ ഒന്നോ രണ്ടോ ആഴ്ച നീണ്ടുനില്‍ക്കാനാണ് സാധ്യത.

    എന്നാല്‍ കാരോളിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ ജോ ടാക്കോപിന. രാഷ്ട്രീയ നേട്ടവും സാമ്പത്തിക നേട്ടവും മുന്നില്‍ കണ്ട് നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് കാരോള്‍ എന്നും ജോ പറഞ്ഞു.

    Published by:user_57
    First published: