ഹൈദരാബാദ്: പാകിസ്താനിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് ഇന്ത്യക്കാരിലൊരാൾ ആന്ധ്രാ സ്വദേശിയെന്ന് സ്ഥിരീകരണം. വിശാഖപട്ടണത്തു നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനിയർ പ്രശാന്ത് വൈന്ദം ആണിതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് കാണാതായെന്ന് സംശയിക്കുന്ന പ്രശാന്തിനെ ഇക്കഴിഞ്ഞ നവംബർ 14ന് ബഹവൽപുരിന് സമീപത്തുള്ള ഒരു മരുഭൂമിയിൽ നിന്നാണ് അറസ്റ്റിലാകുന്നത്.
രാജ്യത്ത് അനധികൃതമായ കടന്നു കയറാൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസമാണ് പാക് അധികൃതർ പുറത്തു വിടുന്നത്. രാജസ്ഥാൻ വഴിയാണ് പ്രശാന്ത് പാകിസ്താനിലേക്ക് കടന്നതെന്നാണ് സൂചന. ഇയാളുടെ കയ്യിൽ മതിയായ രേഖകളും ഉണ്ടായിരുന്നില്ല. ഓൺലൈൻ വഴി പരിചയപ്പെട്ട സ്വിറ്റ്സര്‍ലൻഡ് സ്വദേശിനിയായ കാമുകിയെ കാണുന്നതിനായാണ് താൻ യാത്ര തിരിച്ചതെന്നാണ് പ്രശാന്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ പാകിസ്താനിൽ എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലാണ് പാക് ഉദ്യോഗസ്ഥർ.
Also Read-ഹെറോയിൻ കഴിച്ച് 'സ്പൈഡർ മാനായി' അഞ്ചുവയസുകാരൻ: പിതാവ് കസ്റ്റഡിയിൽ
പാക് ജയിലില്‍ നിന്ന് പ്രശാന്ത് മാതാപിതാക്കൾക്കയച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മാതാപിതാക്കളുടെ ക്ഷേമം അന്വേഷിച്ചു കൊണ്ട് തെലുങ്കിൽ സംസാരിക്കുന്ന വീഡിയോയിൽ ഒരു മാസത്തിനകം ജയിൽ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. പ്രശ്നങ്ങളൊന്നുമില്ലെന്നും ഇപ്പോൾ കോടതിയിൽ നിന്ന് ജയിലിലേക്കെത്തിച്ചെന്നും പറയുന്ന പ്രശാന്ത്, ഇന്ത്യയും-പാകിസ്താനും തമ്മിൽ തടവുകാരെ കൈമാറ്റം ചെയ്യുമെന്നും അതിന് കുറച്ച് സമയം എടുക്കുമെന്നും മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.