മുൻ കാമുകനോടുള്ള പ്രതികാരം; സമ്മാനമായി നൽകിയ 23 ലക്ഷം രൂപയുടെ ബൈക്ക് കത്തിച്ച് യുവതി
മുൻ കാമുകനോടുള്ള പ്രതികാരം; സമ്മാനമായി നൽകിയ 23 ലക്ഷം രൂപയുടെ ബൈക്ക് കത്തിച്ച് യുവതി
പ്രണയത്തിലായിരുന്ന കാലത്ത് സ്ത്രീ തന്നെ സമ്മാനമായി നല്കിയതാണ് ഒരു മില്യൺ ബാത് (തായ്ലാൻഡ് കറൻസി) അതായത് ഏകദേശം 23 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഢംബര ബൈക്ക്
ബാങ്കോക്ക്: മുൻ കാമുകനോടുള്ള പ്രതികാരം തീർക്കാൻ അയാൾക്ക് സമ്മാനമായി നൽകിയ ബൈക്ക് കത്തിച്ച് യുവതി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാൻ എന്ന 36 കാരിയാണ് അടുപ്പമുണ്ടായിരുന്ന സമയത്ത് കാമുകന് സമ്മാനമായി നൽകിയ 23ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് അഗ്നിക്കിരയാക്കിയത്. സംഭവത്തിന്റെ സിസിറ്റിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വീണ്ടും ഒന്നിക്കണമെന്നുള്ള ആവശ്യം കാമുകന് നിരസിച്ചതാണ് യുവതിയെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രകോപിതയായ കാനോക്, ഒരു സ്കൂൾ കെട്ടിടത്തിലെ പാർക്കിംഗ് മേഖലയിലുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സമീപത്തുണ്ടായിരുന്ന ആറോളം ബൈക്കുകളും ഇതിനിടെ കത്തി നശിച്ചിരുന്നു.
"ശ്രീനാഖരിൻവിരോട്ട് യൂണിവേഴ്സിറ്റി പ്രസർമിറ്റ് ഡെമോൺസ്ട്രേഷൻ സ്കൂളിനുള്ളിലെ പാർക്കിംഗ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. എലമെന്ററി സ്കൂൾ കെട്ടിടവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു കെട്ടിടം കൂടിയായിരുന്നു ഇത്. ഓൺലൈൻ ക്ലാസ് ആയതിനാൽ കുട്ടികൾ ഇല്ലാത്തത് അപകടം ഒഴിവാക്കി' എന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു വിദേശമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന പത്ത് നിമിഷങ്ങൾ കൊണ്ട് തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഇവരുടെ സമയോചിത ഇടപെടലാണ് സമീപത്തെ കെട്ടിടത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്ഥലത്തെ സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ചത്. സ്കൂൾ ജീവനക്കാരനായ ഒരാളുടെ മുൻ കാമുകിയാണ് അക്രമത്തിന് പിന്നിലെന്ന് ഈ ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്. വൈകാതെ അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രണയത്തിലായിരുന്ന കാലത്ത് സ്ത്രീ തന്നെ സമ്മാനമായി നല്കിയതാണ് ഒരു മില്യൺ ബാത് (തായ്ലാൻഡ് കറൻസി) അതായത് ഏകദേശം 23 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഢംബര ബൈക്ക്. എന്നാൽ കാമുകൻ വിട്ട് പോയതോടെ നിരാശയും ദേഷ്യവും സഹിക്കവയ്യാതെയാണ് അവർ തന്നെ അത് അഗ്നിക്കിരയാക്കിയത് എന്നാണ് പൊലീസ് പറയുന്നത്. വൈകാരികമായ കാരണങ്ങളാണ് സ്ത്രീയെ കുറ്റം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.