• HOME
 • »
 • NEWS
 • »
 • world
 • »
 • Heatwave | ചുട്ടുപൊള്ളി യൂറോപ്പ്; 200 വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടിയ താപനില; ഉഷ്ണ തരം​ഗത്തിന് കാരണമെന്ത്?

Heatwave | ചുട്ടുപൊള്ളി യൂറോപ്പ്; 200 വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടിയ താപനില; ഉഷ്ണ തരം​ഗത്തിന് കാരണമെന്ത്?

എന്താണ് ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു പിന്നിലുള്ള കാരണം? അത് ഭാവിയെക്കുറിച്ച് നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? അതേക്കുറിച്ച് വിശദമായി അറിയാം.

 • Last Updated :
 • Share this:
  ഭൂമി ചുട്ടുപൊള്ളുകയാണ്. ട്രാഫിക് സിഗ്നലുകൾ ഉരുകുന്നതും, റൺവേകളും സ്‌കൂളുകളുമെല്ലാം അടച്ചുപൂട്ടുന്നതുമായ വാർത്തകളാണ് യൂറോപ്പിൽ (Europe) നിന്നും പുറത്തു വരുന്നത്. അസാധാരണമായ ചൂടു മൂലം പലയിടങ്ങളിലും ജോലി സമയം പരിഷ്‌കരിച്ചു. ബ്രിട്ടനിലെ (Britain) ചില സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില (temperature) രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ റെക്കോർഡ് താപനിലയാണിത്. ഫ്രാൻസിൽ (France) താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്.

  കാട്ടുതീ, റെയിൽവേ ട്രാക്കുകൾക്കു സംഭവിക്കുന്ന കേടുപാടുകൾ, തുടങ്ങിയ അപകടങ്ങളും കനത്ത ചൂടിനെത്തുടർന്ന് ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ ഉഷ്ണ തരം​ഗത്തിൽ ബ്രിട്ടനിൽ 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുകളാണ് ഈ സംഭവങ്ങളെല്ലാം.

  എന്താണ് ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു പിന്നിലുള്ള കാരണം? അത് ഭാവിയെക്കുറിച്ച് നൽകുന്ന സൂചനകൾ എന്തെല്ലാമാണ്? അതേക്കുറിച്ച് വിശദമായി അറിയാം.

  എന്താണ് സംഭവിക്കുന്നത്?

  ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, മറ്റേതൊരു പ്രദേശത്തെക്കാളും വേഗത്തിലാണ് യൂറോപ്പിൽ താപ തരംഗങ്ങൾ ഉണ്ടാകുന്നത്. 200 വർഷത്തിനിടയിൽ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ ഉഷ്ണ തരംഗമാണ് സ്പെയിനിൽ ഇത്തവണ ഉണ്ടായതെന്ന് രാജ്യത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. സ്പെയിനിലെ ഉഷ്ണ തംര​ഗത്തിൽ പെട്ട് 10 ദിവസത്തിനിടെ 500-ലധികം ആളുകളാണ് മരിച്ചത്.

  ഫ്രാൻസിൽ, കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിലും (104 ഡിഗ്രി ഫാരൻഹീറ്റ്) ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കി. റെക്കോർഡുകൾ തകർത്ത താപനിലയാണ് ഫ്രാൻസിൽ ഇത്തവണ രേഖപ്പെടുത്തിയത്.

  കിഴക്കൻ ഇംഗ്ലണ്ടിൽ ‍താപനില 40.3 ഡിഗ്രി സെൽഷ്യസിലെത്തി. 2019-ലെ ഉയർന്ന താപനിലയെ മറികടന്നാണ് ഇത്തവണത്തെ റെക്കോർ‌ഡ്. ലണ്ടനിലെ ചില പുൽമേടുകളിൽ തീപിടുത്തമുണ്ടായി. 14 പേരെ അവിടെ നിന്നും ഒഴിപ്പിക്കുന്ന വാർത്തയും പുറത്തു വന്നിരുന്നു. കൃഷിഭൂമികളും കെട്ടിടങ്ങളും വീടുകളും ഗാരേജുകളുമെല്ലാം അഗ്നിക്കിരയായി.

  എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

  ഇപ്പോഴത്തെ ഈ അസാധാരണമായ പ്രതിഭാസങ്ങൾക്കെല്ലാം കാരണം കാലാവസ്ഥാ വ്യതിയാനമാണ്. നാസയുടെ റിപ്പോർട്ട് അനുസരിച്ച്, 1880 കൾക്ക് ശേഷം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ എട്ട് വർഷങ്ങളാണ് കടന്നുപോയത്.‌

  കാലാവസ്ഥാ വ്യതിയാനത്തിന് പുറമേ ഇപ്പോഴത്തെ ഈ ഉഷ്ണതരം​ഗത്തിനു പിന്നിൽ മറ്റു ചില കാരണങ്ങളുമുണ്ട്. യൂറോപ്യൻ മേഖലയ്ക്ക് മുകളിലുള്ള ന്യൂനമർദ്ദം വടക്കേ ആഫ്രിക്കയിൽ നിന്ന് ചൂടുള്ള വായു ആകർഷിക്കുന്നു. ആർട്ടിക് സമുദ്രത്തിലെ അസാധാരണമായ ചൂടും ഇപ്പോഴത്തെ ഉഷ്ണതരം​ഗത്തിന് കാരണമായിട്ടുണ്ട്. വരണ്ട മണ്ണാണ് മറ്റൊരു കാരണം. മണ്ണിൽ ഈർപ്പം കുറവാണെങ്കിൽ, അവയ്ക്ക് ധാരാളം ചൂട് ആഗിരണം ചെയ്യാൻ കഴിയില്ല. അതിനാൽ താപനില പെട്ടെന്ന് ഉയരും. യൂറോപ്പിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. നോർവേ അടക്കമുള്ള മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിലും റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  ഇടക്കിടെയുള്ള ഉഷ്ണതരം​ഗം

  കാലാവസ്ഥാ വ്യതിയാനം മൂലമാണ് ഇടക്കിടെ ഇത്തരം താപ തരംഗങ്ങൾ ഉണ്ടാകുന്നതും ഭൂമി ചുട്ടുപൊള്ളുന്നതും. ഭൂരിഭാഗം ഭൂപ്രദേശങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. മനുഷ്യന്റെ വിവിധ പ്രവർത്തനങ്ങളിൽ നിന്നും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾ മൂലം ഭൂമിയിൽ ഏകദേശം 1.2 സെൽഷ്യസ് അധികമാണ് ചൂടു കൂടിയത്. വ്യാവസായിക വിപ്ലവത്തിനു ശേഷമാണ് ഇതെല്ലാം സംഭവിച്ചത്.

  "കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉഷ്ണ തംരം​ഗങ്ങൾ പതിവു കാഴ്ചയായി മാറിയിരിക്കുന്നു", ലണ്ടനിലെ ഇംപീരിയൽ കോളേജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനനായ ഫ്രെഡറിക് ഓട്ടോ പറഞ്ഞു.

  യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള മറ്റ് വടക്കൻ മധ്യ അക്ഷാംശ പ്രദേശങ്ങളെ അപേക്ഷിച്ച്, യൂറോപ്പിലെ ചൂട് മൂന്നോ നാലോ മടങ്ങ് വേഗത്തിൽ വർദ്ധിച്ചതായി ഈ മാസം നേച്ചർ ജേണൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന അറ്റ്മോസ്ഫെറിക് സർക്കുലേഷൻ (atmospheric circulation) എന്ന പ്രതിഭാസവും ചൂടു കൂടുന്നതിന് കാരണമാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

  സാഹചര്യങ്ങൾ കൂടുൽ വഷളാകുമോ?

  ആഗോളതലത്തിൽ ഇപ്പോഴുള്ള ശരാശരി താപനില, വ്യവസായിക കാലഘട്ടത്തിന് മുൻപുള്ളതിനേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ഈ ഉയർന്ന താപനിലയാണ് ഇപ്പോൾ സംഭവിക്കുന്നതു പോലുള്ള ഉഷ്ണ തംര​ഗങ്ങളിലേക്ക് നയിക്കുന്നത്.

  ''പ്രകൃതിയെ ചൂഷണം ചെയ്യുന്ന മാനുഷിക ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ ഓരോ 10 വർഷത്തിലും ഒരിക്കൽ മാത്രമേ ഇതുപോലുള്ള ഉഷ്ണ തംരം​ഗങ്ങൾ സംഭവിക്കുമായിരുന്നുള്ളൂ. എന്നാൽ അത് ഇപ്പോൾ മൂന്നിരട്ടി കൂടുതലാണ്'', ഇടിഎച്ച് സൂറിച്ചിലെ (ETH Zurich) കാലാവസ്ഥാ ശാസ്ത്രജ്ഞനായ സോണിയ സെനവിരത്‌നെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

  മനുഷ്യർ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് നിർത്തിയാൽ മാത്രമേ താപനില ഉയരുന്നത് അവസാനിക്കൂ. അതുവരെ, ഉഷ്ണതരംഗം കൂടുതൽ വഷളായിക്കൊണ്ടിരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ പരാജയപ്പെട്ടാൽ ചൂടിന്റെ തീവ്രത കൂടുതൽ അപകടകരമാം വിധം വർദ്ധിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

  ആഗോളതാപനം നിയന്ത്രിക്കുക, അത് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ, ഹരിത വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള ഉടമ്പടിയിൽ 2015 ലെ ആഗോള പാരീസ് ഉടമ്പടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ഒപ്പു വെച്ചിരുന്നു. എന്നാൽ ഈ രണ്ട് ലക്ഷ്യങ്ങളും ഇതുവരെ കൈവരിക്കാൻ സാധിച്ചിട്ടില്ല.

  വ്യാവസായിക വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ഒരു ദശാബ്ദത്തിലൊരിക്കൽ മാത്രം സംഭവിച്ചിരുന്ന ഉഷ്ണ തംരം​ഗം ഇനി മുതൽ ഒരു ദശാബ്ദത്തിൽ 4.1 തവണ സംഭവിക്കുമെന്ന് ഇന്റേണൽ പാനൽ‌ ഓൺ ക്ലൈമറ്റ് ചേഞ്ച് (Intergovernmental Panel on Climate Change) (IPCC)) പറയുന്നു.

  എത്ര നാൾ?

  പടിഞ്ഞാറൻ യൂറോപ്പിനെ സാരമാം വിധം ബാധിച്ചിരിക്കുന്ന ഉഷ്ണതരംഗം കുറഞ്ഞത് 2060 വരെയെങ്കിലും ആവർത്തിച്ചു കൊണ്ടിരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അന്തരീക്ഷത്തിലേക്ക് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉഷ്ണതരം​ഗമെന്നും യുഎന്നിന്റെ കീഴിലുള്ള വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പറഞ്ഞു.

  കാലാവസ്ഥ സന്തുലിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്കിടെയും 2060 വരെയെങ്കിലും ഇത്തരം ഉഷ്ണതരം​ഗങ്ങൾ ഉണ്ടാകുമെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെരി താലസ് മുന്നറിയിപ്പ് നൽകി. ''കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോർഡുകളെല്ലാം ഭേദിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങൾ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ'', പെറ്റെരി താലസ് ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ''കാർബൺ പുറന്തള്ളൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ 2060 ഓടെ ഇപ്പോഴത്തേതിലും ശക്തമായ ഉഷ്ണതരം​ഗം ഉണ്ടാകും, പ്രത്യേകിച്ചും ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ഏഷ്യൻ രാജ്യങ്ങളിൽ'', അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Amal Surendran
  First published: