ഖാര്‍ത്തോം: സുഡാനിലെ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും. മരിച്ച 23 പേരിൽ 18 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുഡാന് തലസ്ഥാനമായ ഖാര്‍ത്തോമിലുള്ള സീലാ സെറാമിക് ഫാക്ടറിയിലാണ് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. 23 പേര് മരിക്കുകയും 130 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 18 പേര് ഇന്ത്യക്കാരാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എംബസി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ കഴിയാത്തതിനാല്‍ മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണം ഇനിയും വൈകിയേക്കും.
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കാണാതായവരുടെയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവരുടെയും പട്ടിക ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
Have just received the tragic news of a major blast in a ceramic factory “Saloomi” in the Bahri area of the capital Khartoum in Sudan. Deeply grieved to learn that some Indian workers have lost their lives while some others have been seriously injured.
അപകടത്തില്‍ 23 പേര് മരിച്ചതായും 130ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തീപ്പിടിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ സുഡാന് ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് അറിയിച്ചു. ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.