• HOME
  • »
  • NEWS
  • »
  • world
  • »
  • UNHRC | 'ശ്രീലങ്കാ സർക്കാരിന് നിരുത്തരവാദപരമായ സമീപനം'; തമിഴ് വംശജരുടെ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

UNHRC | 'ശ്രീലങ്കാ സർക്കാരിന് നിരുത്തരവാദപരമായ സമീപനം'; തമിഴ് വംശജരുടെ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീലങ്കയില്‍ താമസിക്കുന്ന തമിഴ് ജനതയ്ക്ക് നീതിയും സമാധാനവും സമത്വവും അന്തസ്സും ഉറപ്പാക്കണമെന്നും ഇന്ത്യ

  • Last Updated :
  • Share this:
    തമിഴ് വംശജരുടെ പ്രശ്‌നത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശ്രീലങ്കയിൽ അനുരജ്ഞനം, മനുഷ്യാവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ലങ്കന്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

    മനുഷ്യാവകാശ കൗണ്‍സിലിന്റെ 51-ാമത് സെഷനില്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (OHCHR) ഓഫീസിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം, ശ്രീലങ്കന്‍ സര്‍ക്കാര്‍ ഭരണഘടനയുടെ 13-ാം ഭേദഗതി പൂര്‍ണ്ണമായും നടപ്പാക്കി വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു.

    'മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്വത്തിലും, യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങളിലും അന്താരാഷ്ട്ര ചര്‍ച്ചകളിലും ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്.' ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

    'ഇതുമായി ബന്ധപ്പെട്ട്, വംശീയ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. എന്നാല്‍ അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. അതിന്റെ ആശങ്ക ഇന്ത്യ രേഖപ്പെടുത്തുന്നു. ഭരണഘടനയുടെ 13-ാം ഭേദഗതി പൂര്‍ണ്ണമായും നടപ്പിലാക്കി പ്രവിശ്യകള്‍ക്ക് അധികാരം കൈമാറുകയും എത്രയും വേഗം കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും വേണം' ഇന്ത്യന്‍ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

    ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീലങ്കയില്‍ താമസിക്കുന്ന തമിഴ് ജനതയ്ക്ക് നീതിയും സമാധാനവും സമത്വവും അന്തസ്സും ഉറപ്പാക്കണമെന്നും ഇന്ത്യ പറഞ്ഞു.

    ശ്രീലങ്കയിലെ നിലവിലത്തെ പ്രതിസന്ധി സമ്പദ് വ്യവസ്ഥയെയും ജീവിത നിലവാരത്തെയും പ്രകടമായ സ്വാധീനെ ചെലുത്തുന്നുണ്ട്. ശ്രീലങ്കന്‍ പൗരന്മാടെ കഴിവ് വളര്‍ത്തിയെടുക്കുന്നതിനും അവരുടെ ശാക്തീകരണത്തിനുമായി താഴെത്തട്ടില്‍ നിന്നുള്ള അധികാര വിഭജനം അത്യാവശ്യമാണ്. മികച്ച ഭാവിയ്ക്കായി വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

    അതേസമയം, സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വലയ്ക്കുന്ന ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര നാണയനിധി രംഗത്തെത്തിയിരുന്നു. കൊളംബോയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 2.9 ബില്യണ്‍ ഡോളര്‍ (290 കോടി ഡോളര്‍) ദ്വീപ് രാഷ്ട്രത്തിന് വായ്പയായി നല്‍കാന്‍ ഐഎംഎഫ് തീരുമാനിച്ചു. 51 ബില്യണ്‍ ഡോളര്‍ വിദേശ കടമാണ് മൊത്തത്തില്‍ ശ്രീലങ്കയ്ക്കുള്ളത്. രാജ്യത്തിന്റെ തിരിച്ചുവരവിന് ഐഎംഎഫ് വായ്പ ചെറിയ തോതിലെങ്കിലും സഹായിക്കുമെന്നാണ് കരുതുന്നത്.

    പുതിയ സാമ്പത്തിക സഹായത്തിലൂടെ ശ്രീലങ്കയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയും കടം സുസ്ഥിരതയും പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎംഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊളംബോയില്‍ ഒമ്പത് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലങ്കയ്ക്ക് വായ്പ നല്‍കാന്‍ ഐഎംഎഫ് തീരുമാനിച്ചത്.

    ''നിലവിലെ സ്ഥിതി പരിഗണിച്ച് ശ്രീലങ്കയുടെ സാമ്പത്തിക മേഖല അല്‍പമെങ്കിലും മെച്ചപ്പെടാന്‍ അവര്‍ക്ക് കടം നല്‍കിയവര്‍ കടാശ്വാസം പ്രഖ്യാപിക്കണം. നിക്ഷേപകരില്‍ നിന്ന് സാമ്പത്തിക സഹായവും കൂടി ലഭിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലങ്കയ്ക്ക് സാധിക്കുകയുള്ളൂ,'' വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

    നിലവില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് 51 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ട്. വായ്പയുടെ പലിശയടക്കാന്‍ പോലും രാജ്യത്തിന് കഴിയുന്നില്ല. സാമ്പത്തിക വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചിരുന്ന ടൂറിസം രംഗത്തെ വളര്‍ച്ചയും മന്ദഗതിയിലായി. 2019 ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതും കോവിഡ് മഹാമാരിയുമാണ് ടൂറിസം രംഗത്തെ പ്രധാനമായും ബാധിച്ചത്. രൂപയുടെ മൂല്യം 80 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയ്ക്ക് ചെലവേറി. ഗ്യാസോലിന്‍, പാല്‍, പാചക വാതകം, ടോയ്ലറ്റ് പേപ്പര്‍ എന്നിവ പോലും ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം മാറി.

    രാജ്യത്തെ ഇപ്പോഴത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ രാഷ്ട്രീയ രംഗത്തുള്ളവരുടെ അഴിമതിയും പ്രധാന കാരണം ആയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തിന്റെ സമ്പത്ത് പാഴാക്കി കളയുന്നതില്‍ ഇക്കൂട്ടരും കാരണക്കാരാണ്.\\
    Published by:Anuraj GR
    First published: