നോട്ടുകളിൽ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം മുദ്രണം ചെയ്യുന്ന പതിവ് ഓസ്‌ട്രേലിയൻ സർക്കാർ നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വെറുമൊരു ചിത്രം എന്നതിനപ്പുറം ബ്രിട്ടനോടുള്ള വിധേയത്വത്തിന്റെ ഒരു പ്രകടനം കൂടെയാണ് ഇതോടെ ഇല്ലാതെയാകുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭരണത്തിലായിരുന്ന ഓസ്ട്രേലിയ സ്വന്തന്ത്ര രാജ്യം ആയപ്പോഴും ബ്രിട്ടീഷ് രാജാവ് അല്ലെങ്കിൽ രാജ്ഞി തന്നെ രാഷ്ട്രത്തിന്റെ തലപ്പത്ത് തുടരുവാൻ തീരുമാനിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും പോലെയുള്ള രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം റിപ്പബ്ലിക്കുകൾ ആകാൻ തീരുമാനിച്ചപ്പോൾ ക്യാനഡ, ന്യൂസിലണ്ട്, ജമൈക്ക തുടങ്ങി മറ്റു ചില രാജ്യങ്ങൾ തങ്ങളുടെ ഭരണഘടനപ്രകാരം ബ്രിട്ടീഷ് ക്രൗൺ (രാജാവ് അല്ലെങ്കിൽ രാജ്ഞി) തന്നെ രാഷ്ട്രത്തിന്റെ തലപ്പത്ത് തുടരുന്നതാണ് താല്പര്യപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെ പല വ്യവസ്ഥകളിലും ഇപ്പോഴും ബ്രിട്ടീഷ് സാന്നിധ്യം അനിവാര്യമാണ്, കറൻസി നോട്ടുകളിൽ അടക്കം.
ഈ പതിവിനാണ് ഓസ്ട്രേലിയൻ സർക്കാർ അന്ത്യം കുറിക്കുന്നത്. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണശേഷം രാജാവായി സ്ഥാനമേറ്റ മകൻ ചാൾസിന്റെ ചിത്രം കറൻസി നോട്ടിൽ സ്ഥാനം പിടിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായി ഓസ്ട്രേലിയയിലെ ആദിമനിവാസികളെ ആദരിക്കുന്നതിന് അവരുടെ ഒരു തനത് ചിത്രപ്പണി അഞ്ചു പൗണ്ട് നോട്ടിൽ ചേർക്കാനാണ് അവിടുത്തെ കേന്ദ്ര ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ ഓസ്‌ട്രേലിയയിലെ അഞ്ചു പൗണ്ടിന്റെ നോട്ടിൽ മാത്രമാണ് ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രമുള്ളത്. മറ്റു നോട്ടുകളിൽ ഓസ്‌ട്രേലിയയുടെ ഭൂതകാലത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖർ, ഡോക്ടർമാർ, ബിസിനസുകാർ എന്നിങ്ങനെയുള്ളവരുടെ ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. ഒപ്പം ഓസ്‌ട്രേലിയയുടെ തനതു ചെടികൾ, പക്ഷികൾ, മൃഗങ്ങൾ, സാംസ്കാരികചിഹ്നങ്ങൾ എന്നിവയും ഉണ്ട്.
Also read- ‘ രാഷ്ട്രീയത്തില്‍ സജീവമായി തുടരും’: ബ്രസീൽ മുന്‍ പ്രസിഡന്റ് ഷയിർ ബോൾസനാറോ
ഇങ്ങനെയാണെങ്കിലും നാണയങ്ങൾ പുറത്തിറങ്ങുന്നത് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രത്തിനു പകരം ചാൾസിന്റെ ചിത്രവുമായി ആയിരിക്കും എന്നാണു അറിയാൻ സാധിക്കുന്നത്. ചരിത്രപരമായ ഈ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും നിരവധി ശബ്ദങ്ങളാണ് രാജ്യത്ത് ഉടനീളം കേൾക്കുന്നത്. പഴയ പതിവ് തുടരണം എന്ന് രാഷ്ട്രീയ, ഭരണ രംഗത്ത് മുറവിളികൾ ഉയരുന്നുണ്ടെങ്കിലും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഓസ്ട്രേലിയ രാജാധികാരത്തിന്റെ നുകം വിട്ട് ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആകണം എന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്.
AFP യുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഓസ്‌ട്രേലിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നു. എസെൻഷ്യൽ എന്ന കമ്പനി 2022 ജൂണിൽ നടത്തിയ സർവേയിൽ 44 ശതമാനം ഓസ്‌ട്രേലിയക്കാരും രാജ്യം റിപ്പബ്ലിക്കാകുന്നതിനെ പിന്തുണച്ചതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ നോട്ടിൽ ചാൾസിന്റെ ചിത്രം ചേർക്കാത്തത് ഇവർക്ക് ഇഷ്ടപ്പെടും എന്ന് വേണം കരുതാൻ. ഒസ്ട്രേലിയ മാത്രമല്ല, ക്യാനഡ, ന്യൂസിലാൻഡ് തുടങ്ങി ചില രാജ്യങ്ങളും പിന്തുടരുന്നത് ഇതേ രീതിയാണ്.
ഇതിൽ മാറ്റം വരുത്തണം എന്ന ആവശ്യം ഈ രാജ്യങ്ങളിലും ശക്തമായിത്തന്നെ ഉയർന്നു വരുന്നുണ്ട്. സ്വതന്ത്രസ്ഥാപനമായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം, 51 ശതമാനം കനേഡിയൻ പൗരന്മാരും ബ്രിട്ടീഷ് ചക്രവർത്തി എല്ലാ കാലത്തേക്കും തങ്ങളുടെ രാജ്യത്തിന്റെ തലവനാകുന്നതിനെ എതിർക്കുന്നു. വെറും 26 ശതമാനം പേരാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നത്. പ്രമുഖ മാധ്യമസ്ഥാപനമായ ഫോർബ്‌സ് നടത്തിയ വോട്ടെടുപ്പ് പ്രകാരം, 67 ശതമാനം കാനഡക്കാരും തങ്ങളുടെ രാജാവും ഔദ്യോഗിക രാഷ്ട്രത്തലവനുമായി ചാൾസിനെ എതിർക്കുന്നു.
ന്യൂസീലാൻഡിലെ ഇരുപതുഡോളർ നോട്ടിലും നാണയങ്ങളിലുമാണ് എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങൾ ഉള്ളത്. ഓസ്‌ട്രേലിയയുടെ തീരുമാനം അവിടെയും ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. നാണയങ്ങളിൽ ചാൾസിന്റെ ചിത്രം മുദ്രണംചെയ്യപ്പെടും എന്ന സൂചനകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇരുപതു ഡോളർ നോട്ടുകൾ ഇനി പുതുതായി ഇറക്കാൻ ധാരാളം സമയമുണ്ടെന്നിരിക്കെ, ഈ ചർച്ചകൾ തുടരാൻ തന്നെ ആണ് സാധ്യത.
ഈ രാജ്യങ്ങളും അവിടത്തെ ജനങ്ങളുമായുമെല്ലാം എലിസബത്ത് രാജ്ഞിയോട് കൂറും വൈകാരികമായ അടുപ്പവും പുലർത്തിപ്പോന്നവരാണ്. എന്നാൽ അങ്ങനെയൊരു ബന്ധം പുതിയ രാജാവായ ചാൾസിനോട് അവർക്ക് ഇല്ല എന്ന് മാത്രമല്ല, വലിയൊരു വിഭാഗത്തിന് ചാൾസ് അനഭിമതനുമാണ്. ഇതാണ് മാറ്റത്തിന് തുടക്കം കുറിച്ച പ്രധാന കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.