മുൻപേജിൽ 'കറുപ്പടിച്ച്' ഓസ്ട്രേലിയൻ പത്രങ്ങൾ; പ്രതിഷേധ കാരണം ഇതാണ്

മത്സരങ്ങൾ മാറ്റിവെച്ചാണ് മാധ്യമങ്ങൾ ഒരുമിച്ചത്

News18 Malayalam | news18-malayalam
Updated: October 21, 2019, 1:05 PM IST
മുൻപേജിൽ 'കറുപ്പടിച്ച്' ഓസ്ട്രേലിയൻ പത്രങ്ങൾ; പ്രതിഷേധ കാരണം ഇതാണ്
News18
  • Share this:
ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്നതില്‍ പ്രതിഷേധവുമായി ഓസ്‌ട്രേലിയയിലെ പ്രമുഖ പത്രങ്ങൾ. മുന്‍പേജിലെ വാര്‍ത്തകള്‍ കറുത്ത മഷികൊണ്ട് മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഓസ്‌ട്രേലിയന്‍ മാധ്യമചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുന്‍പേജുകളെ കറുപ്പിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം നടക്കുന്നതെന്ന് ഔദ്യോഗിക റേഡിയോ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്യുന്നു. പരസ്പര മത്സരങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടാണ് മുന്‍നിര മാധ്യമങ്ങള്‍ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.

'അറിയാനുള്ള അവകാശത്തിനായുള്ള ഓസ്‌ട്രേലിയന്‍ സഖ്യം' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. പൊതുമേഖലാ സ്ഥാപനമായ എസ്ബിഎസും പൂര്‍ണമായും ഫെഡറല്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന എബിസിയും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഇത്. ചാനല്‍ നയന്‍, ന്യൂസ് കോര്‍പ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ വാണിജ്യ മാധ്യമങ്ങളും ഈ കൂട്ടായ്മയിലുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ കൊണ്ടുവന്നിട്ടുള്ള നിരവധി നിയമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കൂട്ടായ്മ ആരോപിക്കുന്നു. ജനം അറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ പോലും ദേശീയ സുരക്ഷാ നിയമങ്ങളുടെ പേരില്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്.

Also Read- കടൽ കടന്ന് 'ജോളി'; കൂടത്തായി കൊലപാതക പരമ്പര ഫുൾപേജ് വാർത്തയാക്കി ദി ന്യൂയോർക്ക് ടൈംസ്

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. പ്രമുഖ ചാനലുകളിലെല്ലാം ഞായറാഴ്ച പ്രൈം ടൈമില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കിയിരുന്നു. ജൂണ്‍ മാസത്തിലാണ് മാധ്യമസ്വാതന്ത്ര്യ വിഷയം സജീവമായത്. എ ബി സി ആസ്ഥാനത്തും ന്യൂസ് കോര്‍പ്പ് റിപ്പോര്‍ട്ടര്‍ ആനിക സ്‌മെതര്‍സ്റ്റിന്റെ വീട്ടിലും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിദേശരാജ്യങ്ങളില്‍ ഓസ്‌ട്രേലിയന്‍ സൈന്യം നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ റെയ്ഡുകള്‍.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു ഇതിനു ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചത്. ഈ റെയ്ഡുകളെക്കുറിച്ച് സര്‍ക്കാരിന് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തു വരുന്നത് തടയാനായി കഴിഞ്ഞ രണ്ടു ദശാബ്ദമായി പുതിയ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതായി മാധ്യമപ്രവര്‍ത്തകരുടെ യൂണിയനായ മീഡിയ എന്റര്‍ടൈന്‍മെന്റ് ആന്റ് ആര്‍ട്‌സ് അലയന്‍സ് (MEAA) ചീഫ് എക്‌സിക്യുട്ടീവ് പോള്‍ മര്‍ഫി ചൂണ്ടിക്കാട്ടി. അഴിമതി വിവരങ്ങള്‍ പുറത്തുപറയാന്‍ പോലും ഇപ്പോള്‍ പലരും മടിക്കുന്നതായും അദ്ദേഹം പറഞ്ഞു.

First published: October 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading