സിഡ്നി: സ്വവർഗ പ്രണയത്തെക്കുറിച്ച് വീണ്ടും വിവാദ പരാമർശങ്ങളുമായി ഓസ്ട്രേലിയയിലെ പ്രമുഖ റഗ്ബി താരം. സ്വവർഗ രതിയും ഗർഭച്ഛിദ്രവും നിയമവിധേയമാക്കിയതാണ് ഓസ്ട്രേലിയയിൽ രൂക്ഷമായ കാട്ടുതീയ്ക്ക് ഇടയാക്കിയതെന്ന റഗ്ബി താരം ഇസ്രായേൽ ഫോലാവൂവിന്റെ പരാമര്‍ശമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയാക്കിയിരിക്കുന്നത്.
സ്വവർഗ വിവാഹങ്ങൾക്കും ഗർഭച്ഛിദ്രത്തിനും ദൈവം നൽകിയ വിധിയാണ് കാട്ടുതീ എന്നായിരുന്നു ഫേലാവൂന്റെ പ്രസ്താവന. ട്രൂത്ത് ഓഫ് ജീസസ് ക്രെസ്റ്റ് ചർച്ച് സിഡ്നിയുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിലാണ് ഇത്തരം വിവാദ പരാമർശങ്ങൾ. 'കാട്ടുതീയും വരൾച്ചയും എത്ര വേഗമാണ് വരുന്നതെന്ന് നോക്കു.. ഇത് യാദൃശ്ചികമാണെന്നാണോ കരുതുന്നത്.. ദൈവം നിങ്ങളോട് സംസാരിക്കുകയാണ്.. നിങ്ങൾ പശ്ചാത്തപിക്കു ഓസ്ട്രേലിയ..' എന്നായിരുന്നു വാക്കുകൾ.
Also Read-ട്രെയിനുകളിൽ ഭക്ഷണത്തിന് വില കൂടി; വെജ് ഊണിന് 80 രൂപ
വീഡിയോ വൈറലായതോടെ ഓസ്ട്രേലിയൻ പ്രസിഡന്റ് സ്കോട്ട് മോറിസൻ അടക്കമുള്ളവർ ഫോലാവൂനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ പറയാൻ ഫോലാവൂവിന് അവകാശമുണ്ടെങ്കിലും അത് തീയിൽ വീടുകൾ അടക്കം കത്തിനശിച്ച ആളുകളോട് അനാദരവ് കാട്ടിക്കൊണ്ടാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിസ്തീയ വിശ്വാസികളായ ഒട്ടേറെ ഓസ്‌ട്രേലിയക്കാരെ വേദനിപ്പിക്കുന്ന പരാമർശമാണിതെന്നും, അവരുടെ നിലപാട് ചിലപ്പോൾ ഇതായിരിക്കണമെന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ സ്വവർഗ പ്രണയികൾ നരകത്തിലേക്ക് പോകും എന്ന പ്രസ്താവനയുടെ പേരിൽ വിവാദങ്ങളിലിടം നേടിയ ആളാണ് ഫോലാവൂ. അന്നത്തെ പരാമർശത്തിന്റെ പേരിൽ റഗ്ബി യൂണിയനിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Controversy, Homosexuality, World