• HOME
  • »
  • NEWS
  • »
  • world
  • »
  • Qatar | ദോഹ എയർപോർട്ടിൽ അനുമതിയില്ലാതെ സ്ത്രീകളെ ആന്തരിക പരിശോധനയ്ക്ക് വിധേയരാക്കി; ഖത്തറിനെതിരെ പരാതിയുമായി ഓസ്‌ട്രേലിയൻ വനിതകൾ

Qatar | ദോഹ എയർപോർട്ടിൽ അനുമതിയില്ലാതെ സ്ത്രീകളെ ആന്തരിക പരിശോധനയ്ക്ക് വിധേയരാക്കി; ഖത്തറിനെതിരെ പരാതിയുമായി ഓസ്‌ട്രേലിയൻ വനിതകൾ

നവജാത ശിശുവിന്റെ അമ്മയാണോ എന്ന് കണ്ടെത്തുന്നതിനായി ഈ സ്ത്രീകളെ ആയുധങ്ങളുമായെത്തിയ ഉദ്യോഗസ്ഥർ വിമാനത്തിൽ നിന്ന് ഇറക്കി റൺവേയിൽ നിർത്തിയിരുന്ന ആംബുലൻസുകളിൽ കയറ്റിയാണ് ദേഹപരിശോധന നടത്തിയത്.

(AFP photo)

(AFP photo)

  • Share this:
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Doha International Airport) ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് ഏഴ് ഓസ്‌ട്രേലിയൻ വനിതകളടങ്ങുന്ന സംഘം ആന്തരിക വൈദ്യപരിശോധനയ്ക്ക് വിധേയരായി. എന്നാൽ തങ്ങളുടെ അനുമതിയില്ലാതെ വൈദ്യപരിശോധന നടത്തിയതിന് ഓസ്ട്രേലിയൻ വനിതകൾ (Australian Women) ഖത്തർ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നതായി അവരുടെ അഭിഭാഷകൻ ചൊവ്വാഴ്ച വ്യക്തമാക്കി.

2020 ഒക്‌ടോബർ 2ന് ഖത്തർ (Qatar) വഴി യാത്ര ചെയ്യുന്നതിനിടെയാണ് സ്ത്രീകളോട് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അവരുടെ സമ്മതമില്ലാതെ വൈദ്യ പരിശോധനകൾക്ക് വിധേയരാകുകയും ചെയ്തത്. കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കാതെയാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടോയ്ലറ്റിൽ നിന്ന് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചതെന്ന് സർക്കാർ അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് 10 വ്യത്യസ്ത വിമാനങ്ങളിൽ നിന്നുള്ള 18 ലധികം സ്ത്രീകളെ ആന്തരിക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. സിഡ്‌നിയിലേക്ക് പോകുന്ന വിമാനത്തിലുള്ള 13 ഓസ്‌ട്രേലിയൻ വനിതകളെ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയരാക്കി.

നവജാത ശിശുവിന്റെ അമ്മയാണോ എന്ന് കണ്ടെത്തുന്നതിനായി ഈ സ്ത്രീകളെ ആയുധങ്ങളുമായെത്തിയ ഉദ്യോഗസ്ഥർ വിമാനത്തിൽ നിന്ന് ഇറക്കി റൺവേയിൽ നിർത്തിയിരുന്ന ആംബുലൻസുകളിൽ കയറ്റിയാണ് ദേഹപരിശോധന നടത്തിയത്.

"പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ആന്തരിക ഗൈനക്കോളജിക്കൽ പരിശോധനയ്ക്കും വിധേയരാക്കി. എന്നാൽ ഈ പരിശോധനകൾ പെൺകുട്ടികളുടെ അനുമതിയില്ലാതെയാണ് നടത്തിയത്" സിഡ്‌നി ആസ്ഥാനമായുള്ള മാർക്യൂ ലോയേഴ്‌സിലെ അഭിഭാഷകനായ ഡാമിയൻ സ്റ്റുർസാക്കർ സിഎൻഎന്നിനോട് പറഞ്ഞു.

ഒരു സ്ത്രീയെ തന്റെ 5 മാസം പ്രായമുള്ള കുഞ്ഞ് കൂടെ ഉണ്ടായിരുന്നിട്ടും പരിശോധനയ്ക്ക് വിധേയയാക്കി "അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉള്ള തനിക്ക് മറ്റൊരു കുട്ടിയുടെ അമ്മയാകാൻ കഴിയില്ലെന്ന് വിശദീകരിച്ചിട്ടും അവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ അധികൃതർ തയ്യാറായില്ലെന്നും" സ്റ്റുർസാക്കർ പറഞ്ഞു.

ഈ പരിശോധന ഓസ്‌ട്രേലിയയിലും മറ്റ് ലോകരാജ്യങ്ങളിലും വലിയ രോഷത്തിന് കാരണമായി. ഈ പ്രവൃത്തികളെ ലൈംഗികാതിക്രമത്തോടാണ് പലരും താരതമ്യപ്പെടുത്തിയത്. സംഭവം ഭയാനകവും അംഗീകരിക്കാനാകാത്തതുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

സംഭവത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 28ന് പരിശോധനയിൽ ബുദ്ധിമുട്ട് നേരിട്ടവരോട് ഖത്തർ സർക്കാർ ക്ഷമാപണം നടത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഖത്തറിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി വിമാനത്താവളത്തിലെ പരിശോധനയിൽ ബുദ്ധിമുട്ട് അനുഭവിച്ച സ്ത്രീകളോട് ഖത്തർ സർക്കാരിന്റെ പേരിൽ ക്ഷമാപണം നടത്തി. സംഭവത്തെ ഖത്തറിന്റെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പരിശോധനയ്ക്ക് വിധേയരായ 30 നും 50 നും ഇടയിൽ പ്രായമുള്ള ചില സ്ത്രീകൾക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഉത്കണ്ഠ, വിമാനയാത്രയെക്കുറിച്ചുള്ള ഭയം എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായതായും ചിലർക്ക് അവധിയെടുത്ത് മനഃശാസ്ത്ര കൗൺസിലിംഗ് തേടേണ്ടിവന്നുവെന്നും സ്റ്റുർസാക്കർ പറഞ്ഞു.
Published by:Naveen
First published: