• HOME
  • »
  • NEWS
  • »
  • world
  • »
  • ഇറാൻ ഭരണകൂടത്തെ പ്രകീർത്തിച്ച് പാടിയില്ല; സുരക്ഷാ സേനയുടെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

ഇറാൻ ഭരണകൂടത്തെ പ്രകീർത്തിച്ച് പാടിയില്ല; സുരക്ഷാ സേനയുടെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു

അര്‍ദാബിലിലെ ഷഹീദ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന 16കാരിയാണ് സുരക്ഷ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

  • Share this:
ഇറാനില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി കൊല്ലപ്പെട്ടതോടെ രാജ്യത്തെ പ്രതിഷേധം കൂടുതൽ കരുത്താർജിച്ചു. കഴിഞ്ഞയാഴ്ച സ്‌കൂളില്‍ സുരക്ഷ സേന പരിശോധന നടത്തവെ ഭരണകൂടത്തെ പ്രകീർത്തിച്ചുള്ള ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി മരിച്ചത്.

അര്‍ദാബിലിലെ ഷഹീദ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അസ്ര പനാഹി (16) ആണ് ഒക്ടോബര്‍ 13 ന് സുരക്ഷ സേനയുടെ ആക്രമണത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലെത്തിയ സുരക്ഷാ സേന അസ്രയോടും മറ്റ് ചില കുട്ടികളോടും ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇറാനിയന്‍ ടീച്ചേഴ്സ് ട്രേഡ് അസോസിയേഷനുകളുടെ കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ പറഞ്ഞു.

Also Read-ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടി ഭരണകൂടം; നടുറോഡിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്

എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് നിഷേധിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ പനാഹി വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അസ്രയുടെ മരണം ഇറാനിലെ പ്രതിഷേധം ആളിക്കത്തിച്ചിരിക്കുകയാണ്‌.

എന്നാല്‍ പനാഹിയുടെ മരണം ഉദ്യോഗസ്ഥരുടെ ആക്രമണം മൂലമാണെന്ന് വാര്‍ത്തകള്‍ തള്ളി ഇറാന്‍ സുരക്ഷ സേന രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തിപ്രാപിക്കുന്നതിനിടെ ഹൃദയസംബന്ധമായ അസുഖം മൂലമാണ് പനാഹി മരിച്ചതെന്ന് അവകാശപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ഒരു ബന്ധുവും രംഗത്തെത്തിയിരുന്നു.

ആഗസ്റ്റില്‍ മരിച്ച 22 കാരിയായ മഹ്സ അമിനിയെ പിന്തുണച്ച്
വിദ്യാര്‍ത്ഥികള്‍ ഹിജാബുകള്‍ വലിച്ചെറിഞ്ഞും ഇറാന്റെ പരമോന്നത നേതാക്കളുടെ ചിത്രങ്ങള്‍ വലിച്ചുകീറുകയും ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തുള്ള പ്രതിഷേധങ്ങളെ പിന്തുണച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും രംഗത്തെത്തിയിരുന്നു. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ ഇറാന്റെ സദാചാര പോലീസിന്റെ ആക്രമണത്തെ തുടര്‍ന്നാണ് അമിനി കൊല്ലപ്പെട്ടത്.

ഇതിന്റെ പശ്ചാത്തലത്തില്‍, കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ക്ലാസ് മുറികളിലേക്ക് അതിക്രമിച്ച് കയറുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്യുകയും സുരക്ഷ സേനയുടെ വണ്ടിയില്‍ കയറ്റി കൊണ്ടു പോകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ, സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് നേരെ സുരക്ഷ സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

Also Read-'ജനാഭിലാഷം പാലിക്കാനായില്ല'; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വെച്ചു

'ക്രൂരവും മനുഷ്യത്വരഹിതവുമായ' ഇത്തരം പരിശോധനകളെ
ഇറാനിലെ അധ്യാപക സംഘടന അപലപിക്കുകയും വിദ്യാഭ്യാസ മന്ത്രി യൂസഫ് നൂറിയോട് രാജി ആവശ്യപ്പെടുകയും ചെയ്തു.

പ്രതിഷേധങ്ങള്‍
പനാഹിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിവുമായി രംഗത്തെത്തി. ഇക്കൂട്ടത്തില്‍ പ്രതിഷേധിച്ച നസ്നിന്‍ എന്ന 16 വയസ്സുകാരി ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സുരക്ഷയെ കരുതി മാതാപിതാക്കള്‍ നസ്നിനെ സ്‌കൂളില്‍ വിടുന്നില്ലെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍.

'സുരക്ഷയെ കരുതി എന്റെ മാതാപിതാക്കള്‍ എന്നെ സ്‌കൂളില്‍ വിടുന്നില്ല. എന്നാല്‍ വീട്ടിലിരുന്നിട്ട് എന്ത് പ്രയോജനം?. പ്രതിഷേധവുമായി ഞാനും എന്റെ സഹപാഠികളും തെരുവിലിറങ്ങാന്‍ തീരുമാനിച്ചു' നസ്നിന്‍ ദി ഗാര്‍ഡിയനോട് സംസാരിക്കവെ പറഞ്ഞു.

അതേസമയം, ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 17 വരെ, രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ 27 കുട്ടികള്‍ ഉള്‍പ്പെടെ 215 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
Published by:Jayesh Krishnan
First published: