• HOME
  • »
  • NEWS
  • »
  • world
  • »
  • Hajj | കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജിനൊരുങ്ങി സൗദി; 10 ലക്ഷത്തോളം വിശ്വാസികളെത്തും

Hajj | കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജിനൊരുങ്ങി സൗദി; 10 ലക്ഷത്തോളം വിശ്വാസികളെത്തും

2019നു ശേഷം ആദ്യമായാണ് ​ഹജ്ജിന് അന്താരാഷ്ട്ര തീർത്ഥാടകർ എത്തുന്നത്.

  • Last Updated :
  • Share this:
    കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടത്തിനൊരുങ്ങി (hajj pilgrimage) സൗദി അറേബ്യ (Saudi Arabia). വിശ്വാസികളെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള ബാനറുകൾ രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 2019നു ശേഷം ആദ്യമായാണ് ​ഹജ്ജിന് അന്താരാഷ്ട്ര തീർത്ഥാടകർ എത്തുന്നത്. സ്ഥലത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

    ''ഇതാണ് യഥാർഥ സന്തോഷം. ഞാൻ ഇവിടെ എത്തിയെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്'', സുഡാനിൽ നിന്നുള്ള തീർത്ഥാടകനായ അബ്ദുൽ ഖാദർ പറഞ്ഞു.

    ഈ വർഷം 10 ലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ 850,000 പേരും സൗദി അറേബ്യക്കു പുറത്തു നിന്ന് എത്തുന്നവരാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഹജ്ജിൽ പങ്കെടുക്കാനാകുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാനായി രാജ്യത്ത് ഇതുവരെ 650,000 വിദേശ തീർഥാടകർ എത്തിയതായി സൗദി അധികൃതർ അറിയിച്ചു.

    പുണ്യനഗരത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഒരു ലക്ഷത്തോളം ആളുകളെ മക്കയിൽ പ്രവേശിക്കുന്നത് അധികൃതർ തടഞ്ഞിരുന്നു. അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചതിന് 288 പേരെ അറസ്റ്റ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു.

    Also Read-സ്ഥാനമൊഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

    2019ൽ ഏകദേശം 2.5 ദശലക്ഷം ആളുകളാണ് ഹജ്ജിൽ പങ്കെടുത്തത്. 2010ൽ മഹാമാരി വ്യാപിച്ചതിനാൽ, വിദേശികൾക്ക് ഹജ്ജിൽ പങ്കെടുക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. 10,000 പേർക്കു മാത്രമാണ് ആ വർഷം ഹജ്ജിൽ പങ്കെടുക്കാൻ സാധിച്ചത്. 2021ൽ വാക്സിൻ സ്വീകരിച്ച 60,000 സൗദി പൗരന്മാർക്കും താമസക്കാർക്കുമാണ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.

    ഇത്തവണയും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാകും തീർഥാടകരെ അകത്തു പ്രവേശിപ്പിക്കുക. സൗദി അറേബ്യയിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ മാസ്ക് നിർബന്ധമല്ലെങ്കിലും ഹജ്ജിനെത്തുന്ന എല്ലാ തീർത്ഥാടകരും മാസ്ക് ധരിക്കണമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർ കോവിഡ് നെഗറ്റീവാണ് എന്നു തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. 4,000ത്തിലധികം സ്ത്രീകളും പുരുഷന്മാരും ചേർന്ന് ദിവസം പത്തു തവണ പള്ളി കഴുകി വ‍ൃത്തിയാക്കുമെന്നും ഓരോ തവണയും 130,000 ലിറ്ററിലധികം അണുനാശിനി ഉപയോഗിക്കുമെന്നും അധികൃതർ പറഞ്ഞു.

    കോവിഡിനു പുറമേ, കടുത്ത ചൂടാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇതിനകം 50 ഡിഗ്രി സെൽഷ്യസ് (122 ഫാരൻഹീറ്റ്) താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ പ്രദേശങ്ങളിലൊന്നു കൂടിയാണിത്.

    നിരവധി ദുരന്തങ്ങളും ഹജ്ജിനോട് അനുബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015-ൽ ഹജ്ജ് തീർത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 2,300 പേർ മരിച്ചിരുന്നു. 1979-ൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ, 153 പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
    Published by:Naseeba TC
    First published: