ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിലാവലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബിലാവലിന്റെ കോലം കത്തിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.
വളരെ മോശമായ പരാമർശമാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരെ ബിലാവൽ നടത്തിയതെന്നും പാകിസ്ഥാനിൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങൾ മറച്ചുപിടിക്കുന്നതിനായിട്ടാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്നും ബി.ജെ.പി. വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ പാക് ഹൈക്കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകരെത്തി. ലോകം മുഴുവൻ അംഗീകരിച്ച വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നും എന്നാൽ പാകിസ്ഥാന്റെ നയങ്ങൾ പലതും ആഗോളതലത്തിൽ വിമർശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
”ആഗോളതലത്തിൽ ഇന്ത്യയെ അംഗീകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അതേസമയം ലോകത്തിന് മുന്നിൽ തങ്ങളുടെ നയങ്ങളുടെ പേരിൽ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ” പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്ൻ-റഷ്യ സംഘർഷ വേളയിൽ അവിടെ കുടുങ്ങിക്കിടന്ന പാകിസ്ഥാനി വിദ്യാർത്ഥികളെ വരെ സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാളാണ് നരേന്ദ്ര മോദിയെന്നും ബി.ജെ.പി. പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഉന്നതസ്ഥാനം വഹിക്കുന്ന ഒരു നേതാവ് ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ബിലാവലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ബിജെപി കുറ്റപ്പെടുത്തി. ലോകരാജ്യങ്ങൾ വരെ അംഗീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയായ നരേന്ദ്ര മോദിയെപ്പറ്റി ഇത്തരം പരാമർശം നടത്താനുള്ള ധൈര്യം ബിലാവലിന് എങ്ങനെ ലഭിച്ചുവെന്നും ബിജെപി പ്രസ്താവനയിൽ ചോദിച്ചു.
ബിലാവലിന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തിയിരുന്നു. ഒരു രാജ്യത്തിന്റെ മന്ത്രിയ്ക്ക് ചേർന്ന രീതിയിലുള്ള ഭാഷയല്ല ബിലാവൽ ഉപയോഗിച്ചതെന്നും പാകിസ്ഥാൻ എന്ന രാജ്യത്തെ താഴ്ത്തിക്കെട്ടുന്ന വാക്കുകളാണ് ബിലാവലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ബിലാവൽ ഭൂട്ടോ മോശം പരാമർശം നടത്തിയത്. തുടർന്ന് നിരവധി പേരാണ് ബിലാവലിനെ വിമർശിച്ച് രംഗത്തെത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരും ബിലാവലിന്റെ പരാമർശത്തെ അപലപിച്ചിരുന്നു.
അതേസമയം, 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ 50 വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരായ ബിലാവലിന്റെ പരാമർശം. ഡിസംബർ 16നാണ് ഇന്ത്യ-പാക് യുദ്ധത്തിലെ വിജയത്തിന്റെ ഓർമക്കായി രാജ്യം വിജയദിവസമായി ആചരിക്കുന്നത്. ബംഗ്ലാദേശിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച പോരാട്ടമായിരുന്നു 1971ലെ ഇന്ത്യ-പാക് യുദ്ധം.
യുദ്ധത്തിന്റെ അവസാന ദിവസമായ ഡിസംബർ 16 ന് ഇന്ത്യൻ സൈന്യം വിജയക്കൊടി പാറിച്ചതോടെയാണ് ബംഗ്ലാദേശ് എന്ന രാജ്യം പിറവികൊണ്ടത്. പാക് സൈനിക മേധാവിയായിരുന്ന എ.എ.കെ. നിയാസിയും ഇന്ത്യൻ ആർമിയിലെ ഈസ്റ്റേൺ കമാൻഡ് വിഭാഗം തലവൻ ലെഫ്റ്റ്നന്റ് ജനറൽ ജഗജീത്ത് സിംഗ് അറോറയുമായിരുന്നു കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പുവെച്ചത്. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ ഡിസംബർ 16, രാജ്യം വിജയ ദിവസം ആയി ആചരിക്കാനും തുടങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.