• HOME
  • »
  • NEWS
  • »
  • world
  • »
  • ബോറിസ് ജോൺസൺ ചുമതലയേറ്റു; ബ്രെക്സിറ്റും ഇറാൻ പ്രശ്നവും വെല്ലുവിളികൾ

ബോറിസ് ജോൺസൺ ചുമതലയേറ്റു; ബ്രെക്സിറ്റും ഇറാൻ പ്രശ്നവും വെല്ലുവിളികൾ

ബ്രെക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് ബോറിസിന്റെ ആദ്യ നീക്കം

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

  • Last Updated :
  • Share this:
    ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേറ്റു. ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു ചുമതലയേൽക്കൽ. ആദ്യമന്ത്രിസഭ യോഗം നാളെ നടക്കും. ബ്രെക്സിറ്റ് നടപ്പാക്കുന്നതും ഇറാനുമായുള്ള പ്രശ്നപരിഹാരവുമാണ് ബോറിസിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. മുൻപ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ബോറിസ് ജോൺസൺ ചുമതലയേറ്റത്. എലിസബത്ത് രാജ്ഞി ബോറിസിനെ കക്ഷി നേതാവായി ക്ഷണിച്ചു. ബ്രെക്സിറ്റ് നടപ്പാക്കുക എന്നതാണ് ബോറിസിനുമുന്നിലുള്ള വെല്ലുവിളി. ഒക്ടോബർ 31നകം യൂറോപ്യൻ യൂണിയനിൽ നിന്ന് വിടണമെന്നാണ് ബ്രിട്ടന്റെ നിർദ്ദേശം. കരാർ സാധ്യമായില്ലെങ്കിലും യൂറോപ്യൻയൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചിരുന്നു.

    നിലവിൽ ബ്രിട്ടന്റെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്ര അനുകൂലമല്ല കരാർ. യൂറോപ്യൻ യൂണിയനുമായി സംസാരിച്ച് കരാറിലെ നിബന്ധനകൾ മാറ്റാനാകും ബ്രിട്ടന്റെ ശ്രമം. ഇത് ഫലവത്തായാലും ഇല്ലെങ്കിലും യൂറോപ്യൻ യൂണിയനിൽ നിന്ന് വിടുതൽ നടക്കുമെന്നാണ് ബോറിസ് ഉറപ്പ് നൽകുന്നത്. ബ്രെക്സിറ്റ് വിഷയത്തിൽ കാലിടറിയാണ് ഡേവിഡ് കാമറൂണിന് പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നത്. ഇക്കാര്യത്തിൽ സമവായ സാധ്യതയടഞ്ഞതോടെ തെരേസ മേയും രാജിവെച്ചു.

    ബ്രക്സിറ്റ് നടപ്പാക്കുന്നതിനെ ചൊല്ലി ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്ന ഭിന്നസ്വരം ബോറിസ് എങ്ങിനെ മറികടക്കുമെന്നതാണ് അറിയേണ്ടത്. കരാറില്ലാതെ ബ്രക്സിറ്റ് നടപ്പാക്കരുതെന്നാണ് ഭൂരിഭാഗം എംപിമാരുടെയും വാദം. കടുത്ത വലതുപക്ഷ ദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണ് ബോറിസ്. നേരത്തെ ലണ്ടൻമേയറായിരുന്നു. ബ്രിട്ടന്റെ വിദേശകാര്യമന്ത്രിയായിരുന്ന ബോറിസ് തെരേസ മേയുമായുള്ള അഭിപ്രായഭിന്നതയിലാണ് രാജിവെക്കുന്നത്. മുൻവിദേശകാര്യമന്ത്രി ജെറമി ഹണ്ടായിരുന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള മത്സരത്തിൽ ബോറിസിന്റെ എതിരാളി. 159320 ൽ 92153 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇറാനുമായുള്ള പ്രശ്നങ്ങൾ വഷളായി നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ പരിഹാര നടപടികളും ബോറിസിനുമുന്നിലെ കടമ്പയാണ്. ബ്രക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് ബോറിസിന്റെ ആദ്യ നീക്കം.

    First published: