അപൂർവങ്ങളിൽ അപൂർവമായിരുന്നു ആ സൗഹൃദം. ആടും കടുവയും തമ്മിലുള്ള ബന്ധം എന്നും ഇരയും വേട്ടക്കാരനും എന്നതു മാത്രമായിരിക്കും എന്നു കരുതിയവരെ ഞെട്ടിച്ച കഥയിലെ നായകരിൽ ഒരാളായ തൈമുർ എന്ന ആട് ഇക്കഴിഞ്ഞ നവംബർ അഞ്ചിന് ലോകത്തോടു വിടപറഞ്ഞു.
തൈമുറും റഷ്യയിലെ ഒരു സഫാരി പാർക്കിലെ അമുർ എന്ന സൈബീരിയൻ കടുവയും തമ്മിൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൗഹൃദം തുടങ്ങുന്നത് 2015 ലാണ്. അമുറിന് ഫ്രണ്ട് റിക്വസ്റ്റ് ഇട്ടു വന്നതൊന്നുമല്ല തൈമൂർ. ആ കടുവയ്ക്ക് ഭക്ഷണമായി വന്നതാണ് വന്നതായിരുന്നു ആ ആട്ടിൻകുട്ടി .
എന്നാൽ കടുവയുടെ ആവാസ വ്യവസ്ഥയിലേക്ക് എത്തിപ്പെട്ടെങ്കിലും തൈമൂർ ഭയന്നില്ല. തന്നോട് ധീരതയോടെ പെരുമാറിയ കുഞ്ഞാടിനെ ഉപദ്രവിക്കാൻ അമുറും തയ്യാറായില്ല. ആ പരസ്പര ബഹുമാനം അവരെ അടുപ്പിച്ചു. പിന്നീട് ഇണ പിരിയാനാവാത്ത വിധം സുഹൃത്തുക്കളാക്കി. അവർ ഒരുമിച്ചു കളിച്ച് ഒരിടത്ത് ഉണ്ട് ഒരിടത്ത് ഉറങ്ങി. ഇതിനിടെ തൈമുറിനെ തനിക്കറിയാവുന്ന ഇരപിടിത്തം പഠിപ്പിക്കാനും അമുർ ശ്രമിച്ചിരുന്നു.
ആളുകൾ പരസ്പരം ദയയുള്ളവരായിരിക്കണമെന്നതിന് 'അങ്ങ് മുകളിൽ നിന്നുള്ള' ഒരു അടയാളമാണിതെന്നാണ് കടുവകളെയും പുള്ളിപ്പുലികളെയും കുറിച്ച് പഠനം നടത്തുന്ന ദ്വിമിത്രി മസെന്‍റ്സേവ് പറയുന്നത്. സഫാരി പാർക്കിന്റെ ഡയറക്ടർ കൂടിയായ ദ്വിമിത്രിക്ക് ഇതിനെ അത്ഭുതം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു.
Also Read-ആസ്വദിച്ച് വെള്ളം കുടിച്ച് ഒരു 'കടുവ കുടുംബം': വീഡിയോ വൈറൽ
എന്നാൽ ഈ അദ്‌ഭുതം അങ്ങനെ നിലനിലനിന്നില്ല. വളർന്നു വരുംതോറും ഇരുവരുടെയും മുന്നണി ബന്ധത്തിൽ തകരാറ് സംഭവിച്ചു. കൂട്ടുകെട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചു. കൂട്ടത്തിൽ കൂടുതൽ ധൈര്യശാലിയായ തൈമുർ താനാരെന്നു ചിന്തിക്കാതെ അമൂറിനെ ശല്യം ചെയ്യാൻ തുടങ്ങി. കളിയായി തുടങ്ങിയ ഉപദ്രവം സഹിക്കാതെ ഒടുവിൽ ഒരുദിവസം അമുർ 'കലിപ്പാ'യി. ഒന്നുമില്ലെങ്കിലും ഒരു കടുവയുടെ രക്തമാണല്ലോ അമൂറിന്റെത്. ഒരു ദിവസം തന്റെ മുകളിൽ കയറി വിജയശ്രീലാളിതനായി നിന്ന ആടിനെ ക്ഷമ നശിച്ച കടുവ ചെറുതായി ഒന്നു കുടഞ്ഞ് കുന്നിൻ മുകളിൽ നിന്ന് താഴേക്കിട്ടു. ഇതോടെ രണ്ട് സുഹൃത്തുക്കളും തമ്മിൽ അൺ ഫ്രണ്ട് ചെയ്യപ്പട്ടു. ഇരുവരെയും മാറ്റിപ്പാർപ്പിച്ചു. വീഴ്ചയെത്തുടർന്ന് തൈമുറിന്റെ ആരോഗ്യ സ്ഥിതി അത്യന്തം ദയനീയമായി. പല പ്രമുഖരെയും പോലെ വിദഗ്‌ധ ചികിത്സയ്ക്കായി രാജ്യതലസ്ഥാനമായ മോസ്കോയിലേക്ക് അയച്ചെങ്കിലും ആരോഗ്യം തിരിച്ചു കിട്ടിയില്ല.
Also Read-Also Read-കരുതലോടെ ഒരു തുമ്പിക്കൈ:നടുറോഡിൽ കിടന്ന ആമയെ വഴിയരികിലേക്ക് തള്ളിവിട്ട് കുട്ടിയാന: വീഡിയോ വൈറൽ
എന്നാൽ ആരോഗ്യത്തോട് പൊരുതിയ ആ ധീരൻ ഇക്കഴിഞ്ഞ നവംബർ അഞ്ചിന് അന്ത്യശ്വാസം വലിച്ചു. ഈ വിവരം പാർക്ക് അധികൃതർ തന്നെയാണ് പുറത്തു വിട്ടത്. സ്വാഭാവിക കാരണങ്ങൾ കൊണ്ടാണ് മരണമെന്ന് തൈമുറിനെ പരിപാലിച്ചിരുന്ന എല്‍വിറ ഗൊലോവിന പറഞ്ഞു. അവന്റെ സംസ്കാര ചടങ്ങുകൾ പൂർണ്ണ ബഹുമതിയോടെ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തൈമുറിന്റെ ഓര്‍മ്മയ്ക്കായി അടക്കിയ സ്ഥലത്തിന് സമീപത്തായി അജ പ്രമുഖന്റെ ഒരു വെങ്കല പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
തൈമുറിന്റെ മരണത്തിൽ നിരവധി റഷ്യക്കാർ ദുഃഖം രേഖപ്പെടുത്തി. ' ഭയ രഹിതനായ തൈമുർ ഞങ്ങളുടെ ഹൃദയത്തിൽ എന്നെന്നും ജീവിക്കുമെന്നാണ്' അവർ പറയുന്നത്. ധീരാ വീരാ തൈമൂറേ ആയിരമായിരം അഭിവാദ്യങ്ങൾ !
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia