നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • വിട്ടുമാറാത്ത എക്കിൾ; ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആശുപത്രിയിൽ, ശസ്ത്രക്രിയ വേണ്ടി വന്നേക്കാം

  വിട്ടുമാറാത്ത എക്കിൾ; ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആശുപത്രിയിൽ, ശസ്ത്രക്രിയ വേണ്ടി വന്നേക്കാം

  കഴിഞ്ഞ 10 ദിവസമായി തുടർച്ചയായി എക്കിൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് 66കാരനായ ബോൾസോനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  ജെയർ ബോൾസോനാരോ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം 
Credits: Twitter| Jair Bolsonaro

  ജെയർ ബോൾസോനാരോ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം Credits: Twitter| Jair Bolsonaro

  • Share this:
   ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആശുപത്രിയിൽ. കഴിഞ്ഞ 10 ദിവസമായി തുടർച്ചയായി എക്കിൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് 66കാരനായ ബോൾസോനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്കിൾ വിട്ടുമാറാത്തതിനാൽ ഇദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദഗ്ധ പരിശോധനയ്ക്കായി ഇദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റി.

   ദൈവാനുഗ്രഹത്താൽ താൻ ഉടൻ മടങ്ങിയെത്തുമെന്ന് ബോൾസോനാരോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ജനങ്ങളെ അറിയിച്ചു. 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തീവ്ര വലതുപക്ഷ നേതാവായ ബോൾസോനാരോയ്ക്ക് കുത്തേറ്റിരുന്നു. കുടലിനാണ് അന്ന് പരിക്ക് പറ്റിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോൾസോനാരോയ്ക്ക് 40% രക്തം നഷ്ടപ്പെട്ടിരുന്നു. കുത്തേറ്റതിന് ശേഷം നിരവധി ഓപ്പറേഷനുകൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്.

   പ്രസിഡന്റ് ബുധനാഴ്ച പുലർച്ചെയാണ് ബ്രസീലിയയിലെ സൈനിക ആശുപത്രിയിൽ എത്തിയത്. 24 മുതൽ 48 മണിക്കൂർ വരെ ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ അതേ ദിവസം തന്നെ, 2018ൽ ബോൾസോനാരോയെ ശസ്ത്രക്രിയ നടത്തിയ സർജൻ അന്റോണിയോ ലൂയിസ് മാസിഡോ, വിദഗ്ധ പരിശോധനകൾക്കും ശസ്ത്രക്രിയയ്ക്കുമായി പ്രസിഡന്റിനെ സാവോ പോളോയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

   സാവോ പോളോയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ബോൾസനാരോയെ രാവിലെ തന്നെ മയക്കിയിരുന്നെന്ന് ബ്രസീലിന്റെ കമ്മ്യൂണിക്കേഷൻ മാനേജർ ഫാബിയോ ഫാരിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

   മുൻകരുതലുകളുടെ ഭാഗമായി വയറ്റിൽ നിന്ന് ദ്രാവകം നീക്കം ചെയ്യാനുള്ള നടപടികൾ ബോൾസൊനാരോക്ക് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിൻറെ മകനായ ഫ്ലാവിയോ സിഎൻഎൻ ബ്രസീലിനോട് പറഞ്ഞു. ബോൾസനാരോയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ ശസ്ത്രക്രിയ ആവശ്യമെങ്കിൽ അത് ഒരു ഗുരുതരമായ ശസ്ത്രക്രിയ ആയിരിക്കില്ലെന്നും ഫ്ലാവിയോ കൂട്ടിച്ചേർത്തു. ആശുപത്രി കിടക്കയിൽ സെൻസറുകളും കേബിളുകളും ഘടിപ്പിച്ച് കിടക്കുന്ന ഒരു ഫോട്ടോ, ബോൾസോനാരോ ട്വീറ്റ് ചെയ്തിരുന്നു.   വിവാദമായ പ്രസിഡന്റ് പദവിയിൽ രണ്ടര വർഷമായി തുടരുന്ന ബോൾസോനാരോ കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കടുത്ത സമ്മർദ്ദത്തിലാണ്. വാക്സിനുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഈ മാസത്തിന്റെ തുടക്കത്തിൽ പതിനായിരക്കണക്കിന് ആളുകൾ ബോൾസോനാരോയ്ക്ക് എതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. തുടർന്ന് പ്രസിഡന്റിന് എതിരെയുള്ള അന്വേഷണത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്. വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്സിനാണ് ഫെബ്രുവരിയിൽ 3.16 കോടി ഡോളറിന് ബ്രസീൽ കരാർ ഒപ്പിട്ടത്. ഇതിൽ അഴിമതിയുണ്ട് എന്നാണ് ആരോപണം ഉയർന്നത്.

   കഴിഞ്ഞ മാസം, ബ്രസീലിൽ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ 500,000 കടന്നിരുന്നു. പ്രസിഡന്റിന്റെ നിരുത്തരവാദപരമായ പെരുമാറ്റവും ​ഗൗരവമില്ലായ്മയുമാണ് രാജ്യത്ത് കോവിഡ് കേസുകൾ ഉയർത്തിയതെന്ന പ്രതിഷേധവും നിലനിൽക്കുന്നുണ്ട്.
   Published by:Naveen
   First published:
   )}