• HOME
 • »
 • NEWS
 • »
 • world
 • »
 • ബ്രസീലിയന്‍ മോഡല്‍ സ്വയം വിവാഹം കഴിച്ചു; വന്‍തുക വാഗ്ദാനം ചെയ്ത ഷെയ്ഖിന് യുവതിയുടെ കിടിലന്‍ മറുപടി

ബ്രസീലിയന്‍ മോഡല്‍ സ്വയം വിവാഹം കഴിച്ചു; വന്‍തുക വാഗ്ദാനം ചെയ്ത ഷെയ്ഖിന് യുവതിയുടെ കിടിലന്‍ മറുപടി

പരിചയപ്പെട്ട പങ്കാളികളെയെല്ലാം മടുത്തതിനാല്‍ സ്വയം വിവാഹം കഴിച്ചിരിക്കുകയാണ് ബ്രസീലിയന്‍ സ്വദേശിയായ ഒരു മോഡല്‍

News18

News18

 • Share this:
  നമ്മള്‍ ഒരു പങ്കാളിയെ തിരഞ്ഞെടുത്ത് കൂടെകൂട്ടുന്നത് സന്തോഷവും സമാധാനവുമുള്ള മനോഹരമായ ഒരു ജീവിതം പ്രതീക്ഷിച്ചാണ്. പലപ്പോഴും അതില്‍ ചെറിയ മാറ്റങ്ങള്‍ ഒക്കെ സംഭവിക്കുമെങ്കിലും നമ്മള്‍ ഒരുവിധം പിടിച്ച് നിന്ന് ആ ബന്ധം മുന്നോട്ട് കൊണ്ടുപോകും. എന്നാല്‍ ഇവിടെ പരിചയപ്പെട്ട പങ്കാളികളെയെല്ലാം മടുത്തതിനാല്‍ സ്വയം വിവാഹം കഴിച്ചിരിക്കുകയാണ് ബ്രസീലിയന്‍ സ്വദേശിയായ ഒരു മോഡല്‍. സാവോപോളോ  സ്വദേശിനി ക്രിസ് ഗലേരയാണ് ആത്മാര്‍ത്ഥയില്ലാത്ത പുരുഷ സുഹൃത്തുക്കളെ മടുത്ത് തനിയെ വിവാഹം കഴിച്ചത്.

  തനിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ പെട്ടെന്നുതന്നെ, താന്‍ സ്വയംപര്യാപ്തയാണെന്നും തനിക്ക് ആരെയും ആവശ്യമില്ലെന്നും അവള്‍ക്ക് മനസ്സിലായി. പിന്നീട് തന്റെ ജീവിതത്തില്‍ അവള്‍ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 33-കാരിയായ ക്രിസ് ഗലേര ഒരു നവവധുവിനെപ്പോലെ വസ്ത്രം ധരിച്ച് പള്ളിയില്‍ എത്തി സ്വയം വിവാഹം കഴിക്കുകയും അവളുടെ ആ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ക്രിസിന്റെ ധീരമായ നിലപാടുകള്‍ വ്യക്തമാക്കുന്ന ആ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്ത് തരംഗമായി. വിവാഹത്തിന് ശേഷം ഡെയ്ലി സ്റ്റാറിനോട് സംസാരിച്ച ക്രിസ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നടത്തിയിരുന്നു.

  ഈ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായപ്പോള്‍, തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പുരുഷന്മാരില്‍ നിന്ന് തനിക്ക് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്ന് ക്രിസ് പറഞ്ഞു. ഒരു അറബ് ഷെയ്ഖിന്റെ സന്ദേശവും ഈ കൂട്ടത്തിലുണ്ടായിരുന്നു. 'സ്വയം ഡിവോഴ്‌സ്' ചെയ്ത് തന്നെ വിവാഹം കഴിക്കാന്‍ ഷെയ്ഖ് അഭ്യര്‍ഥന നടത്തുകയും, അയാള്‍ അവള്‍ക്ക് 500,000 ഡോളര്‍ അതായത് ഏകദേശം 36837500 രൂപ മെഹര്‍ (വിവാഹത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നത്) വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും ക്രിസ് വെളിപ്പെടുത്തുന്നു.

  ഷെയ്ഖിന്റെ വിവാഹ അഭ്യര്‍ഥനയോട് ക്രിസ് പ്രതികരിച്ചത്  അയാള്‍ക്ക് അവളെ വാങ്ങാന്‍ കഴിയില്ലെന്നായിരുന്നു. ''അദ്ദേഹം ഇംഗ്ലീഷിലാണ് വിവാഹ അഭ്യര്‍ഥന എഴുതിയത്. അത് ഞാന്‍ വിവര്‍ത്തനം ചെയ്ത് മനസ്സിലാക്കി. ഞങ്ങള്‍ ഇതിനകം ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്, എന്നാല്‍ ഞാന്‍ വില്‍പ്പനയ്ക്കില്ല എന്ന് സത്യസന്ധമായി പറഞ്ഞു. ഈ വിവാഹ വാഗ്ദാനത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു.'' അയാള്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അതിനാല്‍ പണത്തിനായി ഷെയ്ഖിനെ വിവാഹം കഴിക്കില്ലെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.

  വിവാഹം കഴിഞ്ഞതുമുതല്‍ ക്രിസ്, ഇന്റനെറ്റ് ലോകത്തും തന്റെ നാട്ടിലും ചര്‍ച്ചാവിഷയമാണ്. ക്രിസിന്റെ ഈ തീരുമാനത്തിന് ഓണ്‍ലൈനില്‍ അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയുമൊക്കെ ധാരാളം പ്രതികരണങ്ങള്‍ വരുന്നുണ്ട്. മോഡലിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി ആളുകള്‍ അവളെ ട്രോള്‍ ചെയ്തു രംഗത്തെത്തിയെങ്കിലും അതിലൊന്നും ശ്രദ്ധിക്കാതെ അവള്‍ തന്റെ 'സ്വന്തം പങ്കാളി'യുമൊത്തുള്ള ജീവിതം ആസ്വാദിക്കാന്‍ ഒരുങ്ങുകയാണ്.

  വിവാഹ ബന്ധത്തിലെത്തിയത് ഉള്‍പ്പടെയുള്ള പല പ്രണയ ബന്ധങ്ങളും നേരത്തെ ക്രിസിന് ഉണ്ടായിരുന്നു. ആ ബന്ധത്തില്‍ നിന്നൊന്നും അവള്‍ക്ക് വിശ്വസ്തയോ അത്മാര്‍ത്ഥയോ കാണാന്‍ കഴിഞ്ഞില്ല. കുറച്ചുകാലം അവിവാഹിതയായി നിന്നപ്പോള്‍ 'പക്വത പ്രാപിക്കുകയും' സ്വയം എങ്ങനെ സ്വസ്ഥത പ്രാപിക്കാമെന്ന് പഠിക്കുകയും ചെയ്തുവെന്നും അവള്‍ സ്വയം കരുതുന്നു. അങ്ങനെ ഒടുവില്‍, തനിക്കുള്ള സന്തോഷത്തിന്റെ ഒരേയൊരു ഉറവിടം ഇത് മാത്രമാണെന്ന് ക്രിസ് മനസ്സിലാക്കി.
  Published by:Jayesh Krishnan
  First published: