ലണ്ടൻ: ഓടുന്ന കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് വെള്ളിയാഴ്ച (ജനുവരി 20) യുകെ പോലീസ് പിഴ ചുമത്തി. ലങ്കാഷെയർ പോലീസ് സുനക്കിന്റെ പേര് പറയാതെ, ലണ്ടനിൽ നിന്നുള്ള 42 കാരനായ ഒരാൾക്ക് പിഴ ഈടാക്കിയതായി വ്യക്തമാക്കി. “ലങ്കാഷെയറിൽ ഓടുന്ന കാറിൽ ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ഞങ്ങൾ ഇന്ന് (ജനുവരി 20, വെള്ളിയാഴ്ച) ലണ്ടനിൽ നിന്നുള്ള 42 കാരനായ ഒരാൾക്ക് പിഴ ഈടാക്കി,” ലങ്കാഷയർ പോലീസ് ട്വീറ്റ് ചെയ്തു.
ബ്രിട്ടനിലെ ഗതാഗത നിയമപ്രകാരം താരതമ്യേന കുറഞ്ഞ ശിക്ഷയാണ് റിഷി സുനകിന് ഈടാക്കിയത്. നിശ്ചിത തീയതിക്കുള്ളിൽ പിഴ ഒടുക്കിയാൽ മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ പോകേണ്ടിവരില്ലെന്നും നിയമവിദഗ്ദ്ധർ പറുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഈടാക്കുന്ന പരമാവധി പിഴയുടെ പത്തിലൊന്നാണ് പ്രധാനമന്ത്രിക്ക് ഈടാക്കിയത്. അതായത് 50 പൗണ്ട് (ഏകദേശം 57 ഡോളർ) ആണ് സുനക്കിന് പിഴ ചുമത്തിയതെന്ന്, DW News റിപ്പോർട്ട് ചെയ്തു. സാധാരണഗതിയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാറുണ്ട്. കേസ് കോടതിയിൽ പോയാൽ ഇത് 500 പൗണ്ട് വരെയായി വർദ്ധിക്കും.
സംഭവം വിവാദമായതോടെ ഇക്കാര്യത്തി. പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. “ഇത് തെറ്റാണെന്ന് പ്രധാനമന്ത്രി പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. അദ്ദേഹം ഉറപ്പായി പിഴത്തുക ഒടുക്കും.” യാത്രയ്ക്കിടെ വീഡിയോ ചിത്രീകരിക്കുമ്പോൾ സുനക് ലങ്കാഷെയറിലായിരുന്നു. സർക്കാരിന്റെ ഏറ്റവും പുതിയ ചെലവ് കുറക്കൽ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സന്ദേശം കൈമാറുന്നതിനാണ് സുനക് കാറിലിരുന്ന് വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ പിന്നീട് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
Following the circulation of a video on social media showing an individual failing to wear a seat belt while a passenger in a moving car in Lancashire we have today (Friday, Jan 20) issued a 42-year-old man from London with a conditional offer of fixed penalty. pic.twitter.com/i2VJkFL2oL
— Lancashire Police (@LancsPolice) January 20, 2023
നേരത്തെ, ഓടുന്ന കാറിന്റെ പിന്നിൽ പ്രചാരണ വീഡിയോ ചിത്രീകരിക്കാൻ സീറ്റ് ബെൽറ്റ് അഴിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗത്തേക്കുള്ള ഒരു യാത്രയ്ക്കിടെ ഒരു സോഷ്യൽ മീഡിയ ക്ലിപ്പ് ചിത്രീകരിക്കുന്നതിനായി സീറ്റ് ബെൽറ്റ് തൽക്കാലത്തേക്ക് മാറ്റുകയായിരുന്നു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു, പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ ഭാഗമായിരിക്കെ ഇത് രണ്ടാം തവണയാണ് സുനക്കിന് പിഴ ശിക്ഷ ലഭിക്കുന്നത്. 2020 ജൂണിൽ 10 ഡൗണിംഗ് സ്ട്രീറ്റിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തതിന് കഴിഞ്ഞ ഏപ്രിലിൽ പിഴയൊടുക്കാൻ നോട്ടീസ് ലഭിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ ഏകദേശം 50 പേർക്കാണ് അന്ന് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴയൊടുക്കാൻ അധികൃതർ നോട്ടീസ് നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.