ലോസ് ആഞ്ചലസ്: കാലിഫോർണിയ സ്കൂളിൽ സഹപാഠികളെ വെടിവെച്ച ശേഷം സ്വയം വെടിയുതിർത്ത വിദ്യാർഥി മരിച്ചു. നതാനിയേൽ ബർഹൗ എന്ന പതിനാറുകാരനാണ് മരിച്ചത്. വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച സതേൺ കാലിഫോർണിയയിലാണ് സംഭവം. പതിനാറാം ജന്മദിനത്തിനാണ് വിദ്യാർഥി ഇത്തരത്തിൽ കൊല നടത്തിയത്. തലയ്ക്ക് വെടിവെച്ചാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനു പിന്നാലെ ഈ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച പുലർച്ചെയാണ് വിദ്യാർഥി മരിച്ചത്. തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഇയാൾ.
അതേസമയം ആക്രമണത്തിൻറെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്കൂളിൽ നാളെ ഒരു തമാശ നടക്കുമെന്ന് കൊലപാതകത്തിന് മുമ്പ് വിദ്യാർഥി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. എന്നാൽ വിദ്യാർഥിക്ക് ആക്രമണ സ്വഭാവമുള്ളതായി കണ്ടെത്തിയിട്ടില്ല.
സഹപാഠികളായ പതിനാറ് വയസുള്ള പെൺകുട്ടിയും 14 വയസുള്ള ആൺകുട്ടിയുമാണ് വിദ്യാർഥിയുടെ വെടിയേറ്റ് മരിച്ചത്. രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമാണ് പരിക്കേറ്റത്. ബാഗിൽ സൂക്ഷിച്ചിരുന്ന .45 കാലിബർ പിസ്റ്റൾ കൊണ്ടാണ് വിദ്യാർഥി വെടിയുതിർത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.