• HOME
 • »
 • NEWS
 • »
 • world
 • »
 • Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ

Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ

കനേഡിയന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വിസ്‌കി കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ മദ്യമാണ് വോഡ്ക.

 • Share this:
  റഷ്യയുടെ (Russia) യുക്രൈൻ (Ukraine) അധിനിവേശത്തെ അപലപിച്ച് റഷ്യന്‍ വോഡ്കയും (russian vodka) മറ്റ് റഷ്യന്‍ നിര്‍മ്മിത മദ്യങ്ങളും കനേഡിയന്‍ മദ്യശാലകള്‍ (canadian liquor stores) ബഹിഷ്കരിച്ചു. വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ആഴ്ചകളോളം നീണ്ട മുന്നറിയിപ്പുകള്‍ അവഗണിച്ച് റഷ്യ യുക്രെയ്‌നിന് നേരെ ആക്രണണം അഴിച്ചുവിട്ടിരിക്കുകയാണ്.

  ഇതിനെ തുടർന്ന് കാനഡയിലെ മാനിറ്റോബ, ന്യൂഫൗണ്ട്ലാന്‍ഡ് പ്രവിശ്യകളിൽ മദ്യവില്‍പ്പനശാലകള്‍ റഷ്യന്‍ നിർമ്മിത മദ്യം നീക്കം ചെയ്യുന്നതായി അറിയിച്ചു. കാനഡയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയും (ontario) എല്ലാ റഷ്യന്‍ ഉല്‍പ്പന്നങ്ങളും പിന്‍വലിക്കാന്‍ ഒന്റാറിയോയിലെ മദ്യ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. ഒന്റാറിയോയില്‍ മാത്രം റഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മദ്യങ്ങൾ 679 സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യും.

  'ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ ലിക്കര്‍ കോര്‍പ്പറേഷനും കാനഡയിലുടനീളമുള്ള മറ്റ് മദ്യ വിൽപ്പന അധികൃതരും ചേര്‍ന്ന് റഷ്യന്‍ നിർമ്മിത മദ്യ ഉല്‍പ്പന്നങ്ങള്‍ അവരുടെ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചു,'' എന്‍എല്‍സി ലിക്വർ സ്റ്റോര്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

  സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഡാറ്റ പ്രകാരം, 2021ല്‍ റഷ്യയില്‍ നിന്ന് 4.8 മില്യണ്‍ കനേഡിയൻ ഡോളര്‍ മൂല്യമുള്ള ലഹരിപാനീയങ്ങള്‍ കാനഡ ഇറക്കുമതി ചെയ്തിരുന്നു. 2020ലെ 6.3 മില്യണ്‍ കനേഡിയൽ ഡോളറില്‍ നിന്ന് കഴിഞ്ഞ വർഷം മദ്യ ഇറക്കുമതി 23.8% കുറഞ്ഞിരുന്നു. കനേഡിയന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വിസ്‌കി കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ മദ്യമാണ് വോഡ്ക.

  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ''റഷ്യയിലെ ഉന്നതരുടെ മേല്‍ വലിയ ചെലവ് ചുമത്തുമെന്നും അധിനിവേശത്തിന് ധനസഹായം നല്‍കാനുള്ള പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കഴിവ് പരിമിതപ്പെടുത്തുമെന്നും'' അദ്ദേഹം പറഞ്ഞു.

  'യുക്രെയ്ന്‍ ജനതയ്ക്കെതിരെയുള്ള റഷ്യന്‍ സര്‍ക്കാരിന്റെ ആക്രമണത്തെ അപലപിക്കാന്‍ ഒന്റാറിയോയില്‍ സഖ്യകക്ഷികൾക്കൊപ്പം ചേരും. റഷ്യന്‍ സര്‍ക്കാരിനെ ഉപരോധിക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നു,'' ഒന്റാറിയോ ധനമന്ത്രി പീറ്റര്‍ ബെത്ലെന്‍ഫാല്‍വി പ്രസ്താവനയില്‍ പറഞ്ഞു. ഒന്റാറിയോയിലെ ജനങ്ങള്‍ എപ്പോഴും സ്വേച്ഛാധിപത്യത്തിനും അടിച്ചമര്‍ത്തലിനും എതിരെ നിലകൊള്ളുമെന്നും ബെത്‌ലെന്‍ഫാല്‍വി പറഞ്ഞു.

  ലോകം മുഴുവന്‍ റഷ്യ-യുക്രെയ്ൻ സംഘര്‍ഷത്തെ (Russia-Ukraine Conflict) ഗൗരവത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ ആക്രമണോത്സുക നീക്കങ്ങളോട് പ്രതികരിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി, യുക്രെയ്‌നിൽ ഒരു സമ്പൂര്‍ണ്ണ അധിനിവേശം നടത്തുന്നതില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ചൊവ്വാഴ്ച രാത്രിയോടെ പാശ്ചാത്യ ശക്തികള്‍ സാമ്പത്തിക ഉപരോധം (Economic Sanction) ഏർപ്പെടുത്തിയിരുന്നു. പാശ്ചാത്യ ബാങ്കുകളില്‍ നിന്ന് പുതിയ ഇടപാടുകളിലൂടെ പണം സ്വരൂപിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളെ തടഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
  Published by:Sarath Mohanan
  First published: