• HOME
  • »
  • NEWS
  • »
  • world
  • »
  • Egyptian Mummy | രണ്ടായിരത്തോളം വർഷം പഴക്കം; ഈജിപ്ഷ്യൻ മമ്മിയിലും കാൻസർ അടയാളങ്ങൾ കണ്ടെത്തി പഠനം

Egyptian Mummy | രണ്ടായിരത്തോളം വർഷം പഴക്കം; ഈജിപ്ഷ്യൻ മമ്മിയിലും കാൻസർ അടയാളങ്ങൾ കണ്ടെത്തി പഠനം

പുരാതന ഈജിപ്റ്റില്‍ ജീവിച്ചിരുന്ന ഈ സ്ത്രീയ്ക്ക് ട്യൂമര്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ സംശയിക്കുന്നുണ്ട്.

  • Last Updated :
  • Share this:
    ഈജിപ്റ്റിലെ ഗര്‍ഭിണിയായ (pregnant) ഒരു സ്ത്രീയുടെ (lady) മമ്മിയില്‍ (mummy) നിന്നും കാന്‍സര്‍ (cancer) രോഗത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിലെ (poland) ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഈ സ്ത്രീയുടെ മരണ കാരണം മൂക്കിലെ കാന്‍സര്‍ ആയിരുന്നു എന്നാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഒരേയൊരു ഗര്‍ഭിണിയുടെ മമ്മിയാണിത്.

    പോളണ്ടിലെ വാര്‍സോ മമ്മി പ്രോജക്ടിലെ ഗവേഷകര്‍ ഈ പുരാതന മൃതദേഹത്തിന്റെ തലയോട്ടി സ്‌കാന്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന്, അതിന്റെ അസ്ഥികളില്‍ ചില അടയാളങ്ങള്‍ കാണാന്‍ സാധിച്ചു. മൂക്കില്‍ കാന്‍സര്‍ ബാധിച്ച രോഗികളില്‍ കാണാറുള്ളതിന് സമാനമായ തരത്തിലാണ് ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നത്. 'നിഗൂഢ സ്ത്രീ' എന്നറിയപ്പെടുന്ന ഈ പുരാതന ഈജിപ്തുകാരി കാന്‍സര്‍ ബാധിച്ച് മരിച്ചതാകാമെന്നാണ് ഗവേഷകരുടെ അനുമാനം.

    മൂക്കിന്റെ പിന്‍ഭാഗവും വായയുടെ പിന്‍ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന തൊണ്ടയുടെ ഭാഗങ്ങളെയാണ് നാസോഫാറിന്‍ജിയല്‍ കാന്‍സര്‍ പ്രധാനമായും ബാധിക്കുന്നത്. 'സാധാരണ മൃതശരീരത്തെ മമ്മിയായി മാറ്റുമ്പോള്‍ ഇത്തരത്തില്‍ അടയാളങ്ങള്‍ ഉണ്ടാകാറില്ലെന്നാണ് മമ്മി ഗവേഷണ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് കാന്‍സര്‍ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങളായിട്ടാണ് വിലയിരുത്തുന്നത്' വാര്‍സോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓങ്കോളജി വിഭാഗത്തിലെ പ്രൊഫസര്‍ റഫാല്‍ സ്റ്റെക് വിശദീകരിക്കുന്നു. റേഡിയോളജിസ്റ്റുകളുടെ അഭിപ്രായമനുസരിച്ച്, ട്യൂമര്‍ ഉണ്ടായതിന്റെ സൂചനകളും ഈ മമ്മിയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    പുരാതന ഈജിപ്റ്റില്‍ ജീവിച്ചിരുന്ന ഈ സ്ത്രീയ്ക്ക് ട്യൂമര്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ സംശയിക്കുന്നുണ്ട്. ഹിസ്റ്റോപാതോളജിക്കല്‍ പരിശോധനയാണ് ഇത് സ്ഥിരീകരിക്കുന്നതിനായി നടത്തേണ്ടത്. ഈ വര്‍ഷം തന്നെ മമ്മിയുടെ കോശങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് മമ്മികളില്‍ നിന്നുള്ള കാന്‍സര്‍ സാമ്പിളുകളുമായി 'നിഗൂഢ സ്ത്രീ'യുടെ സാമ്പിള്‍ താരതമ്യം ചെയ്താല്‍ മാത്രമേ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ.

    ഇതിന് മുന്‍പും മമ്മികളുമായി ബന്ധപ്പെട്ട് പോളണ്ടിലെ ശാസ്ത്രജ്ഞര്‍ ഞെട്ടിക്കുന്ന പല കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഈ മമ്മി ഗര്‍ഭിണി ആയിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ടോമോഗ്രഫി ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അവര്‍ മമ്മിയെ വിശദമായി പരിശോധിക്കുകയും ചെയ്തു. 20-30 വയസ്സുള്ള സ്ത്രീയുടേതാണ് ഈ മമ്മി. 26-30 ആഴ്ച ഗര്‍ഭിണി ആയിരിക്കുമ്പോഴാണ് ഇവര്‍ മരണപ്പെട്ടതെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

    ഹോര്‍-ജെഹൂതി എന്ന പുരോഹിതന്റെ മമ്മിയാണ് ഇതെന്നായിരുന്നു നേരത്തെ എല്ലാവരും വിശ്വസിച്ചിരുന്നത്. 2016ലാണ് ഇതൊരു സ്ത്രീയുടെ അവശിഷ്ടമാണെന്ന് മനസ്സിലായത്. 2000 വര്‍ഷം മുന്‍പാണ് ഈ സ്ത്രീ ജീവിച്ചിരുന്നത്. സ്ത്രീയുടെ വയറ്റിലുണ്ടായിരുന്ന ഭ്രൂണം അടക്കം ചെയ്യുന്ന സമയത്ത് പുറത്ത് എടുക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന കാര്യം ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ രീതിയിലുള്ള മറ്റൊരു മമ്മി ഇതുവരെ കണ്ടെത്തിയിട്ടുമില്ല. പുരാതന കാലത്തെ ഗര്‍ഭധാരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ഈ കണ്ടെത്തലിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
    Published by:Amal Surendran
    First published: