ഓസ്ട്രേലിയയിൽ മലയാളി കുട്ടികൾ അപകടത്തിൽ മരിച്ച സംഭവം; കാർ ഡ്രൈവർക്ക് 13 വർഷം തടവ്
ഓസ്ട്രേലിയയിൽ മലയാളി കുട്ടികൾ അപകടത്തിൽ മരിച്ച സംഭവം; കാർ ഡ്രൈവർക്ക് 13 വർഷം തടവ്
2018 ജൂലൈ ഏഴിന് രാത്രിയാണ് മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വർഗീസും രണ്ടു കുട്ടികളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർദിശയിൽനിന്ന് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ട്രെഗനൈനയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി കുട്ടികൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർക്ക് 13 വർഷം തടവ്. പ്രതി ഡാമിയൻ രകതൌവിന് ഒമ്പത് വർഷത്തിനുശേഷം മാത്രമെ പരോൾ അനുവദിക്കുകയുള്ളുവെന്നും മെൽബൺ കോടതി വ്യക്തമാക്കി.
2018 ജൂലൈ ഏഴിന് രാത്രിയാണ് മലയാളിയായ ജോർജ് പണിക്കരും ഭാര്യ മഞ്ജു വർഗീസും രണ്ടു കുട്ടികളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർദിശയിൽനിന്ന് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയെ തുടർന്ന് ജോർജ് പണിക്കരുടെ പത്ത് വയസുള്ള മകൾ റുവാന ജോർജ് സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരൻ ഇമ്മാനുവൽ ജോർജ് ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ മഞ്ജു വർഗീസ് ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ 42കാരനായ ഡാമിയൻ രകതൌവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവിധ കുറ്റങ്ങൾ ചാർത്തിയാണ് രകതൌവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപകടകരമായി വാഹനമോടിച്ചതിനും രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയതിനും അമിതമായി മദ്യപിച്ചതിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിനുമാണ് കേസ്. ഈ കുറ്റങ്ങളെല്ലാം ഡാമിയൻ രകതൌ കോടതിയി. സമ്മതിച്ചു. കുറ്റം സമ്മതിച്ചിലായിരുന്നെങ്കിൽ രകതൌവിന് 15 വർഷവും ആറുമാസവും തടവുശിക്ഷ നൽകുമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. സംഭവദിവസം പ്രതി അമിതമായ അളവിൽ മദ്യപിച്ചിരുന്നതായി കോടതി കണ്ടെത്തിയിരുന്നു. പ്രതി ഓസ്ട്രേലിയൻ സ്വദേശിയല്ലാത്തതിനാൽ നാടുകടത്തുന്ന സാധ്യതയും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് സുപ്രീം കോടതിയിലെ അപ്പീൽ കോടതിയെ സമീപിക്കാവുന്നതാണെന്നും വിധിന്യായത്തിലുണ്ട്.
അതേസമയം പ്രതിക്ക് എത്ര വലിയ ശിക്ഷ ലഭിച്ചാലും തങ്ങൾക്ക് ഉണ്ടായ നഷ്ടം നികത്താവുന്നതല്ലെന്ന് ജോർജ് പണിക്കർ എസ്.ബി.എസ് മലയാളത്തോട് പറഞ്ഞു. ശിക്ഷാവിധിയിൽ സംതൃപ്തിയുണ്ട്. മഞ്ജു ഇപ്പോഴും അപകടത്തിന്റെ ആഘാതത്തിൽനിന്ന് കരകയറിയിട്ടില്ലെന്നും എപ്പോൾ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ നിശ്ചയമില്ലെന്നും ജോർജ് പണിക്കർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.