വത്തിക്കാൻ സിറ്റി; ബാലപീഡകരായ വൈദികരെക്കുറിച്ചുള്ള കത്തോലിക്ക സഭയിലെ ഫയലുകൾ നശിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തൽ. ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്തവിധം ആ ഫയലുകൾ നശിപ്പിച്ചുകളഞ്ഞതായി ജർമൻ കർദ്ദിനാൾ റെയിൻഹാർഡ് മാർക്സ് പറയുന്നു. വത്തിക്കാനിലെ സഭാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ലോകത്തിലെ മുതിർന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന്‍റെ മൂന്നാം ദിനമായിരുന്നു കർദ്ദിനാൾ റെയിൻഹാർഡ് മാർക്സിന്‍റെ പ്രസംഗം. ചിലി, ജർമ്മനി, അമേരിക്ക എന്നിവിടങ്ങളിൽ ഉൾപ്പടെയുള്ള വൈദികർ ബാലപീഡന വിവാദത്തിൽപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ഇവർക്കെതിരെ സഭാ അന്വേഷണം നടത്തിയതിന്‍റെ രേഖകളാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടതായി കർദ്ദീനാൾ തുറന്നുപറയുന്നത്.
ഫയലുകൾ നശിപ്പിക്കപ്പെട്ടെങ്കിലും കുറ്റക്കാരായ വൈദികർക്കെതിരെ നടപടികളുമായി സഭ നേതൃത്വം മുന്നോട്ടുപോകുമെന്ന് കർദ്ദീനാൾ റെയ്ഹാർഡ് മാർക്സ് പറഞ്ഞു. അവർക്കെതിരെ നടപടി ഉണ്ടായാൽ മാത്രമെ, ഇപ്പോഴത്തെ സംവിധാനങ്ങളിൽ ഇരകളാക്കപ്പെട്ടവർക്കും അവരുടെ അടുപ്പക്കാർക്കും വിശ്വാസമുണ്ടാകുകയുള്ളു. സഭയുടെ വിശ്വാസ്യത നിലനിർത്താൻ നടപടി ആവശ്യമാണ്. സുതാര്യത വീണ്ടെടുക്കാൻ മറ്റൊന്നും ചെയ്യാനാകില്ല- കർദ്ദിനാൾ മാർക്സ് പറഞ്ഞു.
കുറ്റക്കാരായ വൈദികർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സഭാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ വൈദികർക്കെതിരായ ഫയലുകൾ നശിപ്പിക്കപ്പെട്ടതോടെ ഇരകൾക്ക് നീതി ലഭിക്കുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. കുറ്റക്കാരായ വൈദികരെ സംരക്ഷിക്കാൻ സഭയിലെ ചിലർ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവായി ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.