നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; പോത്തുകളെ വിറ്റു; കാറും വിറ്റു; പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയും

  പാകിസ്ഥാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; പോത്തുകളെ വിറ്റു; കാറും വിറ്റു; പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയും

  പ്രധാനമന്ത്രി ഭവനില്‍ വളര്‍ത്തിയിരുന്ന എട്ട് പോത്തുകളെ പിടിഐ സര്‍ക്കാര്‍ ലേലം ചെയ്തത് വഴി ഖാന്‍ 23 ലക്ഷം രൂപ നേടിയിരുന്നു.

  • Share this:
   പാക്കിസ്ഥാന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കി. കട ബാധ്യതകള്‍ നേരിടുന്ന രാജ്യത്തിന് വരുമാനം ഉണ്ടാക്കാനാണ് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലെ വസതി വാടകയ്ക്ക് നല്‍കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫാഷന്‍ ഷോകള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നടത്താനായാണ് വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

   പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രിസഭയാണ് പ്രധാനമന്ത്രിയുടെ വസതി വാടകയ്ക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പിഎം ഹൗസിന്റെ 'അലങ്കാരവും അച്ചടക്കവും' നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

   ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (PTI) സര്‍ക്കാര്‍ 2019 ആഗസ്റ്റില്‍ ഈ വീട് ഒരു ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വകലാശാലയാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചെലവ് കുറയ്ക്കാനും ഗവര്‍ണര്‍മാരും ഗവര്‍ണര്‍ ഭവനങ്ങളില്‍ താമസിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ സമയം ഖാന്‍ പ്രധാനമന്ത്രി ഭവനം വിട്ട് ബനി ഗാലയിലെ മറ്റൊരു വസതിയിലേക്ക് മാറി.

   ടൈംസ് നൗ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമന്ത്രിയുടെ വീട് പരിപാലിക്കുന്നതിനുള്ള ചെലവ് 47 കോടി രൂപയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത്ത് മെഹ്‌മൂദ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഖാന്‍ വീട് ഒഴിയാന്‍ തീരുമാനിക്കുകയും താമസസ്ഥലം ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാന്‍ ഉത്തരവിടുകയും ചെയ്തത്.

   2018 സെപ്റ്റംബറില്‍, തന്റെ മുന്‍ഗാമിയായ നവാസ് ഷെരീഫ് തന്റെ 'ഗ്യാസ്‌ട്രോണമിക് ആവശ്യങ്ങള്‍ക്കായി' പ്രധാനമന്ത്രി ഭവനില്‍ വളര്‍ത്തിയിരുന്ന എട്ട് പോത്തുകളെ പിടിഐ സര്‍ക്കാര്‍ ലേലം ചെയ്തത് വഴി ഖാന്‍ 23 ലക്ഷം രൂപ നേടിയിരുന്നു.

   പ്രധാനമന്ത്രി ഖാന്‍ ഒരു വലിയ ചെലവു ചുരുക്കല്‍ പദ്ധതിയാണ് പാക്കിസ്ഥാനില്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 61 ലക്ഷ്വറി കാറുകള്‍ ലേലം ചെയ്തു. ഏകദേശം 20 കോടി രൂപ ഇതുവഴി സര്‍ക്കാര്‍ സമാഹരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉള്‍പ്പെടെ 102 മിച്ച കാറുകളും ക്യാബിനറ്റ് ഡിവിഷന്‍ ഉപയോഗിക്കുന്ന നാല് ഹെലികോപ്റ്ററുകളും ലേലം ചെയ്യാനാണ് പദ്ധതി.

   ഇസ്ലാമാബാദില്‍ നടന്ന ലേലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പരിപാലിച്ചിരുന്ന മൂന്ന് പോത്തുകളുടെയും അഞ്ച് പശുക്കുട്ടികളുടെയും വില്‍പനയിലൂടെ മൊത്തം 2,302,000 രൂപ ലഭിച്ചുവെന്ന് ഡോണ്‍ പത്ര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, പൊതു ക്ഷേമ പദ്ധതികള്‍ക്കായി പാക് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്ന് ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍.
   Published by:Jayashankar AV
   First published: