HOME » NEWS » World » CHINA EFFORTS TO STIR DEMOGRAPHIC BOOM FINDS FEW TAKERS GH

ദമ്പതികൾക്ക് ഇനി മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈന; 'ഓ, വേണ്ട, താത്പര്യമില്ല' എന്ന് യുവാക്കൾ; രാജ്യത്തിന് തിരിച്ചടി

യുവാക്കൾക്കിടയിലെ ഈ മനോഭാവം ചൈനയിലെ നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് തന്നെയാണ് തിങ്കളാഴ്ചത്തെ പുതിയ നയമാറ്റത്തിന് കാരണവും. എന്നാൽ, സ‍ർക്കാരിന്റെ പുതിയ പ്രഖ്യാപനത്തെ കളിയാക്കി നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

News18 Malayalam | Trending Desk
Updated: June 2, 2021, 1:28 PM IST
ദമ്പതികൾക്ക് ഇനി മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈന; 'ഓ, വേണ്ട, താത്പര്യമില്ല' എന്ന് യുവാക്കൾ; രാജ്യത്തിന് തിരിച്ചടി
china
  • Share this:
ബീജിംഗ്: ചൈനയിൽ ഇനി ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. എന്നാൽ രാജ്യത്തെ ചെറുപ്പക്കാർക്ക് സർക്കാരിന്റെ പുതിയ വാഗ്ദാനത്തിൽ അമിതാഹ്ലാദമില്ല. കാരണം ജീവിതച്ചെലവ് കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ ഒരു കുട്ടിയെ വളർത്താൻ തന്നെ പാടുപെടുമ്പോഴാണ് മൂന്ന് കുട്ടികൾ. ഇതാണ് ചൈനീസ് യുവജനതയുടെ മാറിയ മനോഭാവം.

തിങ്കളാഴ്ചയാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രം കർശനമായ കുടുംബാസൂത്രണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തിയത്. കഴിഞ്ഞ വർഷം ചെനയിൽ വെറും 12 ദശലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ജനനത്തിലുള്ള റെക്കോർഡ് കുറവാണ്. ഇതോടെയാണ് ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വാക്‌സിൻ: സംസ്ഥാന സർക്കാരുകൾക്ക് മുൻഗണന നൽകിക്കൂടേയെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

എന്നാൽ, ഉയർന്ന ചെലവുകളും പരിമിതമായ സ്ഥലവും സാമൂഹിക മാനദണ്ഡങ്ങളും പുതിയ പ്രഖ്യാപനത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കുടുംബത്തിന്റെ വലുപ്പത്തിൽ പതിറ്റാണ്ടുകളായി ചൈന ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് നൽകിയെങ്കിലും മുകളിൽ പറഞ്ഞ ഘടകങ്ങൾ ഇതിന് തടസ്സമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

'എനിക്ക് ചുറ്റുമുള്ള ഒരുപാട് സ്ത്രീകൾ കുട്ടികൾ എന്ന ആശയത്തെ തന്നെ വെറുക്കുന്നവരാണെന്ന്' - 22 കാരനായ മാസ്റ്റേഴ്സ് വിദ്യാർത്ഥിനി യാൻ ജിയാക്കി എഎഫ്‌പിയോട് പറഞ്ഞു. 'അതിനാൽ മൂന്നു കുട്ടികൾ എന്ന ആശയത്തെക്കുറിച്ച് ഇവർ ചിന്തിക്കുക പോലും ഇല്ലെന്ന്' യാൻ പറയുന്നു.

നിമിഷങ്ങൾ കൊണ്ട് അഗ്നിഗോളമായി; അഗ്നിക്കിരയായത് കൊയ്നോണിയ ക്രൂസിന്റെ ബോട്ടുകൾ

ലോകത്തിലെ കർശനമായ കുടുംബാസൂത്രണ ചട്ടങ്ങളിലൊന്നായ ചൈനയിലെ 'ഒറ്റ ശിശുനയം' 2016ലാണ് ഇളവ് ചെയ്തത്. പ്രായമാകുന്ന തൊഴിൽ ശക്തിയും സാമ്പത്തിക സ്തംഭനവും സംബന്ധിച്ച ആശങ്കകളാണ് ദമ്പതികൾക്ക് രണ്ട് കുട്ടികളാകാം എന്ന സർക്കാരിന്റെ ഇളവിന് കാരണമായത്. ദശലക്ഷക്കണക്കിന് വയോജനങ്ങൾക്ക് ആരോഗ്യ സംരക്ഷണ, പെൻഷൻ ബില്ലുകൾ നൽകുന്നത് ചൈനയുടെ സാമ്പത്തിക വളർച്ചയെ സാരമായി തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ ജനസംഖ്യാ കുതിച്ചുചാട്ടം വർദ്ധിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിന്റെ ഭാഗമാണ് ഏറ്റവും പുതിയ ഇളവുകൾ.

'തങ്ങൾക്ക് അത്രയധികം പണമില്ല, വീട്ടിൽ മതിയായ ഇടമില്ല, അതിനാൽ മൂന്നാമത് ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കാൻ താത്പര്യമില്ലെന്നാണ്' - ചൈനയിലെ സാധാരണക്കാരുടെ പ്രതികരണമെന്ന് എഎഫ്‌പി റിപ്പോ‍‍ർട്ട് വ്യക്തമാക്കുന്നു.

നിയന്ത്രണങ്ങളുടെ ഫലം

നീണ്ട ജോലി സമയം, ചെലവേറിയ പാർപ്പിടം, വിദ്യാഭ്യാസ ചെലവുകൾ തുടങ്ങിയ കാരണങ്ങളാണ് ചൈനയിൽ കൂടുതൽ കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ ഇന്നത്തെ ചെറുപ്പക്കാർക്ക് 'കുടുംബപേരോ തലമുറയോ നിലനി‍ർത്തണമെന്ന ചിന്തയില്ല. അവരുടെ സ്വന്തം ജീവിത നിലവാരത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന്' - യാൻ ജിയാക്കി പറഞ്ഞു.

യുവാക്കൾക്കിടയിലെ ഈ മനോഭാവം ചൈനയിലെ നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് തന്നെയാണ് തിങ്കളാഴ്ചത്തെ പുതിയ നയമാറ്റത്തിന് കാരണവും. എന്നാൽ, സ‍ർക്കാരിന്റെ പുതിയ പ്രഖ്യാപനത്തെ കളിയാക്കി നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

Keywords: China, Children, China Population, ചൈന, കുട്ടികൾ, ചൈനയിലെ ജനസംഖ്യ
Published by: Joys Joy
First published: June 2, 2021, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories