• HOME
 • »
 • NEWS
 • »
 • world
 • »
 • 'ചൈനീസ് ശതകോടീശ്വരന്‍ ബാവോ ഫാനെ കാണാനില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമ്പനി

'ചൈനീസ് ശതകോടീശ്വരന്‍ ബാവോ ഫാനെ കാണാനില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമ്പനി

കഴിഞ്ഞ രണ്ട് ദിവസമായി ബാവോയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ചൈന റിനൈസന്‍സ് കമ്പനി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

 • Share this:

  ബീജിംഗ്: ശതകോടീശ്വരനും ചൈനീസ് ടെക് ബാങ്കറുമായ ബാവോ ഫാനെ കാണാനില്ലെന്ന് പരാതിയുമായി അദ്ദേഹത്തിന്റെ കമ്പനി. ചൈന റിനൈസന്‍സ് കമ്പനിയുടെ ചെയര്‍മാനാണ് നിലവില്‍ ബാവോ ഫാന്‍.

  ബാവോയെ പറ്റി യാതൊരു വിവരവും ലഭ്യമല്ലെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഈ വിവരം ഹോങ്കോംഗ് സ്റ്റോക്ക് എക്‌സേഞ്ചിനെയും കമ്പനി അറിയിച്ചിരുന്നു. ആരാണ് ബാവോ ഫാന്‍? എങ്ങനെയാണ് അദ്ദേഹത്തിന്റെ തിരോധാനം ചൈനീസ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുക എന്ന് വിശദമായി അറിയാം.

  Also read-യുഎസ് സൈന്യം വെടിവെച്ചിടുന്ന അജ്ഞാത വസ്തുക്കൾ എന്താണ്? ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ?

  ആരാണ് ബാവോ ഫാന്‍ ?

  ചൈനയിലെ ഏറ്റവും പ്രമുഖനായ ശതകോടിശ്വരനാണ് ബാവോ ഫാന്‍. 1990കളിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലിയുമായി ചേര്‍ന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. എം ആന്റ് എ ബാങ്കര്‍ എന്ന പദവിയിലൂടെയാണ് തുടക്കം. പിന്നീട് ഷാങ്ഹായിലെയും ഷെന്‍സെനിലെയും സ്റ്റോക്ക് എകസേഞ്ചുകളുടെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ക്രഡിറ്റ് സ്യൂസിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

  ഒന്നാം തലമുറ ടെക് സംരംഭങ്ങളോട് തനിക്ക് വലിയൊരു ആകര്‍ഷണം തോന്നിയിരുന്നുവെന്ന് ഒരിക്കല്‍ ബാവോ പറഞ്ഞിരുന്നു. ചൈനയുടെ ഭാവി നിശ്ചയിക്കുന്നത് ഈ സ്ഥാപനങ്ങളായിരിക്കും എന്ന് തോന്നിയിരുന്നുവെന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. 2005ലാണ് ഇദ്ദേഹം ചൈന റിനൈസന്‍സ് എന്ന കമ്പനി സ്ഥാപിക്കുന്നത്. 2018ല്‍ തന്നെ ഈ കമ്പനി ഹോങ്കോംഗ് സറ്റോക്ക് എക്‌സേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ചൈനയിലെ നിരവധി ബിസിനസ്സ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കമ്പനികള്‍ക്കും ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് ഫണ്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

  ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ നിയോ (nio), ലീ ഓട്ടോ (li auto) എന്നിവയിലും ബാവോ നിക്ഷേപം നടത്തിയിട്ടുണ്ട്.

  ലോകോത്തരമായ ഒരു സാമ്പത്തിക സ്ഥാപനം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നാണ് 2018ല്‍ ഒരു അഭിമുഖത്തില്‍ ബാവോ പറഞ്ഞത്.”സമ്പദ് വ്യവസ്ഥക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ചൈന. ഇനിയും ഒരു പാട് ദൂരം പോകാനുണ്ട്”, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

  Also read-കാനഡയിലെ ഈ റോഡ് ഇനി ‘കൊമഗത മാരു വേ’ എന്നറിയപ്പെടുന്നത് എന്തുകൊണ്ട്

  ബാവോയുടെ തിരോധാനം

  കഴിഞ്ഞ രണ്ട് ദിവസമായി ബാവോയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ചൈന റിനൈസന്‍സ് കമ്പനി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച മുതലാണ് അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ലാതായി തുടങ്ങിയത്.

  വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട നാളുകളാണ് ഇനി മുന്നിലുള്ളത് എന്നാണ് റിനൈസന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി കമ്പനി ജീവനക്കാരോട് പറഞ്ഞത്. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കേണ്ടെന്നും കമ്പനി എക്‌സിക്യൂട്ടീവ് കമ്മിറ്റി ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്.

  ബാവോയുടെ തിരോധാന വാര്‍ത്ത പുറത്തായതോടെ ഓഹരി വിപണിയിലും കമ്പനിയ്ക്ക് തിരിച്ചടിയുണ്ടായി. ചൈന റിനൈസന്‍സിന്റെ ഓഹരികള്‍ 50 ശതമാനം വരെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.

  അതേസമയം ബാവോയുടെ തിരോധാനത്തില്‍ പ്രതികരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. ചൈന നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണെന്നും രാജ്യത്തെ പൗരന്‍മാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ്ക് വെന്‍ബിന്‍ പറഞ്ഞത്.

  Also read-China | കോവിഡ് വിസ നിരോധനം പിൻവലിച്ച് ചൈന; ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ആശ്വാസം

  സമാനമായ മറ്റ് തിരോധാനങ്ങള്‍

  ചൈനീസ് ശതകോടീശ്വരന്‍മാരുടെ തിരോധാനം ഇത് ആദ്യത്തെ സംഭവമല്ല. 2015ല്‍ ചൈനയിലെ വാറന്‍ ബുഫെ എന്ന് വിളിക്കപ്പെടുന്ന ഫോസണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഗുവോ ഗുവാങ്ചാങിനെയും കാണാതായിരുന്നു. അതുപോലെതന്നെ ചൈനീസ്- കനേഡിയന്‍ ബിസിനസ്സുകാരനായ സിയാവോ ജിയാന്‍ഹുവയെ 2017-ല്‍ സുരക്ഷാ സേന പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹത്തെ അഴിമതിക്കേസില്‍ 13 വര്‍ഷത്തെ തടവിന് വിധിച്ചത്.

  2017ലാണ് സുരക്ഷാ സേനയുടെ തടവിലാണ് തങ്ങളുടെ തലവന്‍ എന്ന് പറഞ്ഞ് അന്‍ബാങ്ക് കമ്പനി രംഗത്തെത്തിയത്. കമ്പനിയുടെ ചെയര്‍മാന്‍ വു സിയോഹുയിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. 18 വര്‍ഷം തടവാണ് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ.

  മറ്റൊരു ചര്‍ച്ചയായ തിരോധാനമായിരുന്നു ആലിബാബ സ്ഥാപകന്‍ ജാക്ക് മായുടേത്. 2020ലായിരുന്നു ഇത്. മാര്‍ക്കറ്റ് റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചതിന് ശേഷം ജാക്ക് മാ മൂന്ന് മാസത്തേക്ക് അപ്രത്യക്ഷനായിരുന്നു.

  Published by:Sarika KP
  First published: