ബെയ്ജിങ്: വുഹാനിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ അന്തരിച്ചു. ഡോക്ടര്‍ ലീ വെന്‍ലിയാങ്(34) ആണ് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു. വുഹാനില്‍ കൊറോണ വൈറസ് ബാധ ഉണ്ടായെന്ന് ആദ്യമായി ലോകത്തെ അറിയിച്ച എട്ട് ഡോക്ടർമാരുടെ സംഘത്തിലെ ഒരാളായിരുന്നു ലീ.
ഡോക്ടർ ലീയുടെ മരണം കൊറോണ ബാധയെ തുടർന്നാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വുഹാനിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ലീ മുന്നറിയിപ്പ് നൽകിയത്. ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിലാണ് ലീ ഇക്കാര്യം പങ്കുവച്ചത്. ലീയുടെ സഹപാഠികളായിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങൾ.
Also Read പത്ത് മിനിറ്റു കൊണ്ട് വിവാഹം: പിന്നെ കൊറോണ രോഗികളെ ചികിത്സിക്കാൻ ആശുപത്രിയിലേക്കോടി ചൈനീസ് ഡോക്ടർ
മത്സ്യ ചന്തയിലെ ഏഴ് പേരിൽ സർസിന് സമാനമായ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് ലീ സഹപാഠികളുമായി പങ്കുവച്ചത്. 2003 ൽ ഇതേ വൈറസ് 800 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. അതിനാൽ സുഹൃത്തുക്കൾക്ക് രഹസ്യ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ലീയുടെ പേര് പോലും മറയാക്കാതെ ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ലീയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.