അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് വിമാനത്താവളത്തില്‍ (Jalalabad airport) സിവിലിയന്‍ ഫ്ളൈറ്റുകള്‍ പുനഃരാരംഭിച്ചു. രണ്ട് പതിറ്റാണ്ടുകളായി നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഈ വിമാനത്താവളം യുഎസ് സൈന്യത്തിനും മറ്റ് വിദേശ സൈനികര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്ന് ഓരോ ആഴ്ചയും 3-4 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് താലിബാന് സര്‍ക്കാരിന്റെ ഗതാഗത, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (ministry of transportation and civil aviation) അറിയിച്ചു.
'നംഗര്‍ഹാര്‍ വിമാനത്താവളത്തില്‍ നിന്ന് സിവിലിയന്‍ വിമാനങ്ങള്‍ (civilian flights) പുനരാരംഭിക്കുന്നത് നല്ല തുടക്കമാണ്. കിഴക്കന്‍ പ്രവിശ്യകളായ ലഗ്മാന്‍, നൂറിസ്ഥാന്‍, കുനാര്‍, നംഗര്‍ഹാര്‍ എന്നിവിടങ്ങളിലെ പ്രധാന വരുമാന മാര്‍ഗ്ഗമാണിത്,'' ഗതാഗത, സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി മന്ത്രി ഇമാം മുഹമ്മദ് വാരിമച്ച് പറഞ്ഞു. വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
'ഇസ്ലാമിക് എമിറേറ്റ്സ് അധികാരത്തില്‍ വന്നതോടെ ഞങ്ങള്‍ വിമാനത്താവളം വീണ്ടും സജീവമാക്കുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുകയും ചെയ്തു, ''മന്ത്രാലയ വക്താവ് ഇമാമുദ്ദീന്‍ വാരിമാച്ച് പറഞ്ഞു.
അതേസമയം, നംഗഹാര്‍ പ്രവിശ്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
'ജലാലാബാദ് വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇസ്ലാമിക് എമിറേറ്റ്സ് ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സര്‍വീസ് ആരംഭിച്ചാല്‍ ഞങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഞങ്ങളുടെ സാധനങ്ങള്‍ കയറ്റുമതി ചെയ്യാം,'' വ്യവസായിയായ സല്‍മയ് അസിമിയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, യുഎസ് സായുധ സേനയ്ക്കും സിവിലിയന്‍ കരാറുകാര്‍ക്കും വേണ്ടിയാണ് ജലാലാബാദ് വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സ് (ഐഎസ്എഎഫ്), റെസൊല്യൂട്ട് സപ്പോര്‍ട്ട് മിഷന് (ആര്‍എസ്എം) അംഗങ്ങളും വിമാനത്താവളം ഉപയോഗിച്ചിരുന്നു.
നേരത്തെ, പുരുഷന്മാര് കൂടെയില്ലാതെ വിമാനയാത്ര നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ താലിബാന് വിലക്കിയിരുന്നു. ഇത് സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ വിമാനക്കമ്പനികള്‍ക്ക് താലിബാന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് താലിബാന് ഉത്തരവിട്ടതായി അഫ്ഗാനിസ്ഥാനിലെ അരിയാന അഫ്ഗാന് എയര്‍ലൈനിലെയും കാം എയറിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം താലിബാന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വിലക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പെണ്‍കുട്ടികള്‍ക്കായി ഹൈസ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം താലിബാന് പിന്‍വലിച്ചിരുന്നു. അഫ്ഗാനില്‍ സ്കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇന്റര്‍-സിറ്റി റോഡ് യാത്രകള്‍ താലിബാന് ഇതിനകം നിരോധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ രണ്ട് പതിറ്റാണ്ട് കൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ ആഗസ്ത് മുതല്‍ അവര്‍ പിന്‍വലിച്ചു. മിക്ക സര്‍ക്കാര്‍ ജോലികളില്‍ നിന്നും സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.