• HOME
  • »
  • NEWS
  • »
  • world
  • »
  • ഇറാനിൽ മഹ്സ അമിനിയുടെ മരണാനന്തര ചടങ്ങിനെചൊല്ലി സംഘർഷം: അടിച്ചമർത്തൽ വകവയ്ക്കാതെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ഇറാനിൽ മഹ്സ അമിനിയുടെ മരണാനന്തര ചടങ്ങിനെചൊല്ലി സംഘർഷം: അടിച്ചമർത്തൽ വകവയ്ക്കാതെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

അടിച്ചമർത്തലിനെതിരെ രാജ്യത്തുടനീളം ഞായറാഴ്ചയും തിങ്കളാഴ്ചയും അദ്ധ്യാപകർ സമരം നടത്തി.

  • Share this:
മഹ്സ അമിനിയുടെ മരണത്തിൻ്റെ 40-ാം ദിവസത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടെ വീണ്ടും സംഘർഷം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ, ചൊവ്വാഴ്ച ഇറാനിലെ വിദ്യാർത്ഥികൾ പലയിടത്തും അടിച്ചമർത്തൽ വകവയ്ക്കാതെ പ്രതിഷേധം നടത്തി.

വാർത്താ ഏജൻസിയായ എഎഫ്പി പരിശോധിച്ചുറപ്പിച്ച ഒരു വീഡിയോയിൽ, തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിലെ ഷാഹിദ് ചമ്രാൻ യൂണിവേഴ്സിറ്റി ഓഫ് അഹ്‌വാസിലെ വിദ്യാർത്ഥികൾ “ഓരോ വിദ്യാർത്ഥിയും മരിച്ചേക്കാം, എങ്കിലും അപമാനം അംഗീകരിക്കില്ല” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

സ്ത്രീകൾക്കായുള്ള, ഇസ്ലാമിക് റിപ്പബ്ലിക്കിലെ വസ്ത്ര നിയമം തെറ്റിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതിനു ശേഷം കഴിഞ്ഞ മാസം അമിനിയുടെ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ചെറുപ്പക്കാരായ സ്ത്രീകളും സ്കുൾ വിദ്യാർത്ഥിനികളുമാണ് കൂടുതലായി പങ്കെടുക്കുന്നത്.

അനിയനോടൊപ്പം ടെഹ്റാൻ സന്ദർശിക്കുമ്പോൾ സെപ്റ്റംബർ 13-നാണ് കുപ്രസിദ്ധരായ മത പോലീസ്, കുർദ്ദിഷ് വംശജയായ ഇറാനിയൻ യുവതി അമിനിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് ഇവർ മരിച്ചത്.

അമിനിയുടെ മരണാനന്തര ചടങ്ങ് നടത്തരുതെന്നും ഖുർദ്ദിസ്ഥാൻ പ്രവിശ്യയിലുള്ള അവരുടെ ശവകുടീരം സന്ദർശിക്കാൻ ബുധനാഴ്ച ആളുകളെ ക്ഷണക്കരുത് എന്നും സുരക്ഷാ ഉദ്യോഗസ്ഥർ അമിനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ആക്റ്റിവിസ്റ്റുകൾ ആരോപിക്കുന്നുണ്ട്. പരിപാടി നടത്തിയാൽ, അവരുടെ മകൻ്റെ ജീവിതത്തെ കുറിച്ചും ആശങ്കപ്പെടേണ്ടി വരുമെന്ന ഭീഷണി ഉണ്ടായതായാണ് വാദം.

അമിനിയുടെ മരണം നടന്നതിന്റെ 40-ാം ദിവസം പൂർത്തിയാകുന്നത് ബുധനാഴ്ചയാണ്. ഇറാനിലെ പരമ്പരാഗത രീതിയനുസരിച്ച് മരണാനന്തര ചടങ്ങുകൾ അവസാനിക്കുന്നത് ഈ ദിവസമാണ്.

സാഹചര്യങ്ങൾ പരിഗണിച്ചും ഏതെങ്കിലും തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും 40-ാം ദിവസത്തിൽ തങ്ങൾ ചടങ്ങൊന്നും നടത്തില്ലെന്ന് അമിനിയുടെ കുടുംബം പറഞ്ഞതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ പറയുന്നു. സമ്മർദ്ദം ചെലുത്തി പുറപ്പെടുവിച്ച പ്രസ്താവനയാണ് ഇതെന്നും അമിനിയുടെ ശവകുടീരത്തിൽ ചടങ്ങുകൾ നടക്കുമെന്നത് പ്രതീക്ഷിക്കപ്പെടുന്ന കാര്യമാണെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ നിലപാട്.

‘ആക്രമിക്കപ്പെട്ടു, തുണിയഴിച്ച് പരിശോധിച്ചു, മർദ്ദിക്കപ്പെട്ടു’

ടെഹ്റാനിലെ ബെഹെഷ്ടി യൂണിവേഴ്സിറ്റിയിലും ഖാജെ നസീർ തൂസി യൂണിവേഴ്സിറ്റിയിലും അഹ്‌വാസിലെ ഷാഹിദ് ചമ്രാൻ യൂണിവേഴ്സിറ്റിയിലും ചൊവ്വാഴ്ച വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിൻ്റെ വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച ടെഹ്റാനിലെ ഷാഹിദ് സദ്ർ ഗേൾസ് വൊക്കേഷനൽ സ്കൂളിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂൾ വിദ്യാർത്ഥിനികളെ മർദ്ദിച്ചതായി ആക്റ്റിവിസ്റ്റുകൾ ആരോപിച്ചതിന് ശേഷമാണ് പുതിയ പ്രതിഷേധങ്ങൾ രൂപമെടുത്തത്.

“ടെഹ്റാനിലെ സാദ്ർ ഹൈ സ്കൂളിലെ വിദ്യാർത്ഥിനികൾ ആക്രമിക്കപ്പെടുകയും തുണിയഴിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകുകയും മർദ്ദിക്കപ്പെടുകയും ചെയ്തു” എന്ന് 1500തസ്‌വീർ എന്ന സോഷ്യൽ മീഡിയാ ചാനൽ ആരോപിച്ചു.

16 വയസ്സുള്ള, സന സുലൈമാനി എന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി 1500തസ്‌വീർ അവകാശപ്പെട്ടു. ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന അവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്ന സോഷ്യൽ മീഡിയാ ചാനലാണ് ഇത്. സംഭവത്തിന് ശേഷം സ്കൂളിന് പുറത്ത് രക്ഷിതാക്കൾ പ്രതിഷേധിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ സമീപത്തെ ആളുകളുടെ വീടിന് നേരെ വെടിയുതിർത്തതായും ഇവർ ആരോപിച്ചു.

എന്നാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം സംബന്ധിച്ച നിയമം പാലിക്കണം എന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ വിദ്യാർത്ഥിനികളും അവരുടെ രക്ഷിതാക്കളും സ്കുൾ ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുത്തത് എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

തർക്കത്തെ തുടർന്ന് ഒരു വിദ്യാർത്ഥിനി മരിച്ചതായുള്ള വാർത്ത ശക്തമായി നിഷേധിക്കുന്നതായി, മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്തു.

എഎഫ്പി പരിശോധിച്ച മറ്റൊരു വീഡിയോയിൽ, ടെഹ്റാനിലെ സൽസബീലിന് സമീപമുള്ള ഒരു സ്കൂളിന് പുറത്ത്, വിവരങ്ങളറിയാനായി രക്ഷിതാക്കൾ മുറവിളി കൂട്ടുന്നത് വ്യക്തമാണ്. അമിനിയുടെ സ്വദേശമായ സഖേസിലേക്കുള്ള വഴിയിൽ ചൊവ്വാഴ്ച വൈകുന്നേരം അധികൃതർ പട്രോളിംഗ് നടത്തുന്നതായി സ്വതന്ത്ര മനുഷ്യാവകാശ ഗ്രൂപ്പായ ഹെൻഗോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണിക്കുന്നുണ്ട്.

അമിനിയുടെ 40-ാം ചരമ ദിനത്തിലെ പരിപാടിയിൽ പങ്കെടുക്കാനായി ഇറാനിയൻ ഫുട്ബോൾ താരങ്ങളായ അലി ദായിയും ഹമാദ് ലാക്കും എത്തിയതായും ഇവർ കുർദ് ഹോട്ടലിൽ താമസിക്കുന്നതായും ഹെൻഗോ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണിക്കുന്നു. എന്നാൽ ഇവരെ സുരക്ഷാ ഭടന്മാർ സർക്കാർ അതിഥി മന്ദിരത്തിലേക്ക് മാറ്റിയതായും വീഡിയോയിൽ അവകാശപ്പെടുന്നു. കുർദ്ദിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയാണ് ഹെൻഗോ.

അമിനിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് ഓൺലൈനിൽ പിന്തുണ അറിയിച്ചതിനെ തുടർന്ന് ദായിയും അധികൃതരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.

ചൊവ്വാഴ്ച രാത്രിയും ആളുകൾ പ്രതിഷേധിച്ചതായി ഓസ്ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) ഗ്രൂപ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കാണിക്കുന്നു. ഇതിൻ്റെ സത്യാവസ്ഥ പരിശോധിക്കപ്പെട്ടിട്ടില്ല.

മുതിർന്ന ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു

ഇത്തരം റിപ്പോർട്ടുകൾ, അടിച്ചമർത്തലിന് എതിരായ വികാരം കൂടുതൽ ആളിക്കത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ, അടിച്ചമർത്തലിൽ 141 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് ആവകാശപ്പെടുന്നു. കുർദ്ദിസ്ഥാനിൽ മാത്രമല്ല, തെക്ക്-കിഴക്കൻ അതിർത്തിയായ സാഹേദാൻ നഗരത്തിലും പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഒരു പോലീസ് കമാൻഡർ കൗമാര പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായുള്ള റിപ്പോർട്ടിനെ തുടർന്ന് സെപ്റ്റംബർ 30-ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ 93 പേർ കൊല്ലപ്പെട്ടതായും (ഐഎച്ച്ആർ) ആരോപിക്കുന്നു.

തോക്കുധാരികളായ, തിരിച്ചറിഞ്ഞിട്ടില്ലാത രണ്ടു പേർ ചൊവ്വാഴ്ച രണ്ട് റെവല്യൂഷനറി ഗാർഡുമാരെ കൊലപ്പെടുത്തിയതായി ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ, സിസ്താൻ-ബലൂചിസ്ഥാൻ മേഖലയിൽ കൊല്ലപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി.

ശക്തമായ അടിച്ചമർത്തൽ വകവയ്ക്കാതെ ചെറുപ്പക്കാരായ സ്ത്രീകളും പെൺകുട്ടികളും പ്രതിഷേധം തുടരുകയാണ്. ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോയിൽ, “ഏകാധിപതി മരിക്കട്ടെ, റെവല്യൂഷനറി ഗാർഡുകൾ മരിക്കട്ടെ” എന്ന് ഒരു സ്ത്രീ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം.

Also read : ഹിജാബിനെതിരെ ഇറാനിലെ സ്ത്രീകളുടെ പ്രതിഷേധം എന്തുകൊണ്ട്? വസ്ത്രസ്വാതന്ത്ര്യവും ചരിത്രവും

പരിഷ്ക്കരണ വാദികളായ ഹമ്മിഹാൻ പത്രം പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ, ടെഹ്റാനിലെ ഖാജെ നസീർ യൂണിവേഴ്സിറ്റിയിൽ സംസാരിക്കാനെത്തിയ, കടുത്ത യാഥാസ്ഥിതികനായ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയുടെ വക്താവിനെ വിദ്യാർത്ഥികൾ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം.

അടിച്ചമർത്തലിനെതിരെ രാജ്യത്തുടനീളം ഞായറാഴ്ചയും തിങ്കളാഴ്ചയും അദ്ധ്യാപകർ സമരം നടത്തി. ഖുർദ്ദിസ്ഥാനിൽ ചൊവ്വാഴ്ചയും ഇത് തുടരാനാണ് സാധ്യത. കുറഞ്ഞത് 23 കുട്ടികളെങ്കിലും അടിച്ചമർത്തലിൽ കൊല്ലപ്പെട്ടു എന്നാണ് ആംനെസ്റ്റി ഇൻ്റർനാഷനൽ പറയുന്നത്. എന്നാൽ, 29 കുട്ടികൾ കൊല്ലപ്പെട്ടു എന്ന് ഐഎച്ച്ആർ അവകാശപ്പെടുന്നു.

Also read : മഹ്‌സ അമിനിയുടെ മരണം: ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിച്ച് ഇറാനിലെ സ്ത്രീകൾ

പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരും മാധ്യമപ്രവർത്തകരും പോപ്പ് താരങ്ങളും ഉൾപ്പെടെയുള്ള നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഖുർദ്ദിസ്ഥാനിലും ഖസ്‌വീനിലും ഇസ്ഫഹാനിലും പ്രതിഷേധവുമായി ബന്ധപ്പെട്ട് 210 പേർ അറസ്റ്റിലായതായി സർക്കാർ മാധ്യമം അറിയിച്ചു. ഖുസെസ്ഥാനിൽ 105 പേരെ അറസ്റ്റ് ചെയ്തതായി, അധികൃതരെ ഉദ്ധരിച്ച് ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
Published by:Amal Surendran
First published: