സൂം കോളിലൂടെയുള്ള വിചാരണക്കിടെ അര്‍ദ്ധനഗ്നയായി കട്ടിയില്‍ കിടന്ന് സിഗരറ്റ് വലിച്ച കൊളംബിയന്‍ ജഡ്ജിയെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിവിയന്‍ പോളോണിയ എന്ന ജഡ്ജി ഒന്നിലധികം കോടതി മര്യാദകള്‍ ലംഘിച്ചതായി നോര്‍ട്ടെ ഡി സാന്റാന്‍ഡറിലെ ജുഡീഷ്യല്‍ ഡിസിപ്ലിനറി കമ്മീഷന് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. അച്ചടക്ക സമിതി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. പൊളോണിയ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അഭിഭാഷകരില്‍ ഒരാളാണ് ജഡ്ജിയുടെ ക്യാമറ ഓണ്‍ ആണെന്ന് അറിയിച്ചത്. അതിനു ശേഷമാണ് അവര്‍ ക്യാമറ ഓഫ് ചെയ്തത്.
തുടര്‍നടപടിയെന്നോണം, അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, ജുഡീഷ്യല്‍ ഡ്രസ് കോഡ് പാലിക്കാത്തതിലും കോടതി വാദത്തിനിടെ കക്ഷികളെ ബഹുമാനിക്കാതിരിക്കുകയും ചെയ്തതിനാല്‍, ചുമതലകള്‍ നിര്‍വഹിക്കാന്‍ ജഡ്ജി അയോഗ്യയാണെന്നും സമിതി കണ്ടെത്തി. എന്നാല്‍, താന്‍ അര്ധനഗ്നയായിരുന്നുവെന്ന ആരോപണം പൊളോണിയ നിഷേധിക്കുകയാണുണ്ടായത്. ഉത്കണ്ഠയും രക്തസമ്മര്‍ദ്ദനില കുറഞ്ഞതുകൊണ്ടും ഹിയറിംഗിനിടെ തനിക്ക് കിടക്കേണ്ടി വന്നതായി ജഡ്ജി പ്രസ്താവനയില്‍ അവകാശപ്പെട്ടു.
താന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രധാരണ രീതികള്‍ കാരണം മുമ്പ് സഹ ജഡ്ജിമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊളോണിയ പറഞ്ഞു. മോശപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത ജഡ്ജിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ആഴ്ച ഡീആക്ടിവേറ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സൂം വീഡിയോ വിവാദത്തിന് ശേഷവും, മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ തന്റെ വ്യക്തിത്വത്തില്‍ മാറ്റം വരുത്തില്ലെന്ന് പൊളോണിയ പറയുന്നു.
വിര്‍ച്വല്‍ ഹിയറിംഗിനിടെ കോടതി മര്യാദകള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. കേരള ഹൈക്കോടതിയില്‍ വിര്‍ച്വല്‍ ഹിയറിംഗിനിടെ കോടതി മര്യാദകള്‍ ലംഘിച്ചുകൊണ്ട് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴായിരുന്നു സംഭവം. വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ ക്യാമറ വച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
നേരത്തേയും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിംഗിനിടെ അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയല്‍ ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ഒരു മാസത്തിന് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
2020 ജൂണില്‍, ഒരു അഭിഭാഷകന് ടീ-ഷര്‍ട്ട് ധരിച്ച് കട്ടിലില്‍ കിടന്നുകൊണ്ട് സുപ്രീം കോടതിയില്‍ ഹിയറിംഗിനായി ഹാജരായി. 2020 ഓഗസ്റ്റില്‍, സുപ്രീം കോടതിയില്‍ ഒരു വെര്‍ച്വല്‍ ഹിയറിംഗിനിടെ ഒരു അഭിഭാഷകന് ഗുട്ട്ക ചവയ്ക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.