വിയന്ന: കോവിഡ് ആശങ്ക വർധിച്ച സാഹചര്യത്തിൽ ജനങ്ങളോട് കൂടുതൽ ജാഗ്രതരാകാൻ സ്വിറ്റ്സർലന്റ് സർക്കാർ. കവിളിൽ ഉമ്മ നൽകിയുള്ള അഭിവാദ്യ രീതി ഒഴിവാക്കണമെന്ന് രാജ്യത്തെ ആരോഗ്യമന്ത്രി അലെയ്ൻ ബെർസെറ്റ് അറിയിച്ചു.
ഇരുകവിളിലും പരസ്പരം ചുംബനം നൽകി അഭിവാദ്യം ചെയ്യുന്നതാണ് സ്വിസ് രീതി. വൈറസ് പടരാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ഈ രീതി ഒഴിവാക്കാനാണ് നിർദേശം.
സാമൂഹികമായി അകലം പാലിക്കുകയാണ് വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല വഴി. അതിനാലാണ് അഭിവാദ്യ ചുംബനം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി കണക്കിലെടുക്കാൻ നിർദേശിക്കുന്നതെന്ന് മന്ത്രി പറയുന്നു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് 15 വരെ 1000 പേരിൽ കൂടുതലുള്ള ചടങ്ങുകളും സ്വിറ്റ്സർലന്റിൽ നിരോധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ ഹസ്തദാനം ഒഴിവാക്കണമെന്നായിരുന്നു ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവർ വെറന്റെ നിർദേശം.
അതേസമയം, ലോകത്തെ ആശങ്കയിലാഴ്ത്തി കൂടുതൽ രാജ്യങ്ങളിലേക്ക് കൊവിഡ് പടരുകയാണ്. വിവിധ രാജ്യങ്ങളിലായി മരണം മൂവായിരത്തോളമായി. എൺപത്തി അയ്യായിരം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.അമേരിക്കയിലും ഓസ്ട്രേലിയയിലും തായ്ലൻഡിലും ആദ്യമായി വൈറസ് മരണം റിപ്പോർട്ട് ചേയ്തു.
വാഷിംഗ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലായി 69 അമേരിക്കക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 20 പേർക്കാണ് സ്വിറ്റ്സർലന്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.