HOME » NEWS » World » COUNTRIES WITH VERY LITTLE FEAR FOR COVID CASES MM

കോവിഡ് ഭീതി പൂർണമായും അകന്ന രാജ്യങ്ങൾ ഏതൊക്കെ? നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ രാജ്യങ്ങളെ അറിയാം

കൊറോണ വൈറസ് രഹിത ജീവിതരീതിയിലേക്ക് കടക്കുന്ന രാജ്യങ്ങൾ ഇതാ

News18 Malayalam | news18-malayalam
Updated: April 20, 2021, 3:47 PM IST
കോവിഡ് ഭീതി പൂർണമായും അകന്ന രാജ്യങ്ങൾ ഏതൊക്കെ? നിയന്ത്രണങ്ങളിൽ  ഇളവുകൾ നൽകിയ രാജ്യങ്ങളെ അറിയാം
(പ്രതീകാത്മക ചിത്രം)
  • Share this:
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് കടക്കുമ്പോഴും ചില രാജ്യങ്ങളിൽ നിന്ന് ആശ്വാസകരമായ വാർത്തകൾ എത്തുന്നുണ്ട്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ക്വാറന്റൈൻ നിർബന്ധിതമാക്കാതെ വിമാന സർവീസുകൾ ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ മറ്റേ രാജ്യത്തേക്കും തിരിച്ചും യാത്ര ചെയ്താൽ ഇനി മുതൽ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ല.

കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഈ രാജ്യങ്ങൾ ക്വാറന്റൈൻ രഹിതവിമാന സർവീസുകൾക്ക് തുടക്കമിടുന്നത്. തങ്ങളുടെ രാജ്യത്ത് കോവിഡ് 19-ന്റെ വ്യാപനം വിജയകരമായി ചെറുക്കാൻ കഴിഞ്ഞതിനെ തുടർന്നാണ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും കോവിഡ് നിയന്ത്രണങ്ങളിൽ നിർണായകമായ ഇളവുകൾ പ്രഖ്യാപിച്ചത്.

ന്യൂസിലൻഡിനെ തിരികെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ ഇരു രാജ്യങ്ങളും ചേർന്ന് സ്വീകരിച്ച ഈ തീരുമാനം നിർണായകമായ ചുവടുവയ്പ്പ് ആയിരിക്കുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസത്തിനായി പരസ്പരം ആശ്രയിക്കുന്ന രാജ്യങ്ങൾ എന്ന നിലയ്ക്ക് ഇരു രാജ്യങ്ങൾക്കും ഈ നീക്കം വലിയ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട്മോറിസണും പ്രതികരിച്ചു.

അതിർത്തി അടച്ചതിലൂടെയും ലോക്ക്ഡൗണിലൂടെയും വേഗത്തിൽ സമ്പർക്ക പട്ടികയിലൂടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയതിലൂടെയും നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിച്ചതിലൂടെയുമൊക്കെ ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിൽ വിജയിക്കാൻ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു. കൃത്യമായ പ്രവർത്തനങ്ങളിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണം 29,500 ആയും കോവിഡ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 910 ആയും പരിമിതപ്പെടുത്താൻ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു.



കൊറോണ വൈറസ് രഹിത ജീവിതരീതിയിലേക്ക് രാജ്യം പതുക്കെ കടന്നു തുടങ്ങുകയാണെങ്കിലും അതിർത്തികൾ തുറക്കാൻ ധൃതിപ്പെടുന്നില്ല എന്നാണ് പ്രധാനമന്ത്രി സ്‌കോട്ട്മോറിസൺ അറിയിച്ചത്.

അതുപോലെ തന്നെ ആശ്വാസകരമായ വാർത്ത ഇസ്രായേലിൽ നിന്നും എത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിയന്ത്രണം നീക്കുന്നതായി ഇസ്രായേൽ പ്രഖ്യാപിച്ചു. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അതോടൊപ്പം ഇസ്രായേലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതിയുംനൽകി. ക്ലാസ് ‌മുറിയ്ക്കകത്ത് അധ്യാപകരും വിദ്യാർത്ഥികളും മാസ്ക് ധരിക്കേണ്ടി വരും.

2020 ഡിസംബറിൽ ഇസ്രായേലിൽ ആരംഭിച്ച ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ വിജയകരമായി തുടരുകയാണ്. 9.3 ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായേലിൽ 53% ജനങ്ങളും ഫൈസർ അല്ലെങ്കിൽ ബയോടെക് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു.

അതേ സമയം കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ന്യൂയോർക്കിൽ വൻതോതിലുള്ള വാക്സിനേഷൻ മൂലം കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുന്നതിനെ തുടർന്ന് ഗവർണർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മ്യൂസിയങ്ങളിലും സിനിമ തിയേറ്ററുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകാൻ മേയർ ആൻഡ്രൂ കുവോമോ നിർദ്ദേശം നൽകി.

Keywords: Covid 19, Australia, New Zealand, Israel, Covid Restrictions
കോവിഡ് 19, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രായേൽ, കോവിഡ് നിയന്ത്രണങ്ങൾ
Published by: user_57
First published: April 20, 2021, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories