ടെഹ്റാൻ: തെരുവിൽ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് 20 വയസുള്ള ഇറാനിയൻ യുവ ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷ. ടെഹ്‌റാനിലെ ആസാദി ടവറിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് ദമ്പതികൾ പോസ്റ്റ് ചെയ്തത്. ഇറാനിയൻ നിയമം അനുസരിച്ച് സ്ത്രീകൾ പുരുഷനൊപ്പവും അല്ലാതെയും പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതിന് വിലക്കുണ്ട്. ഇറാന്റെ കർശനമായ നിയമത്തെ ധിക്കരിച്ച് ശിരോവസ്ത്രം ധരിക്കാതെയാണ് വീഡിയോയിൽ യുവതി നൃത്തം ചെയ്യുന്നത്. അസ്തിയാസ് ഹഗിഗി (21), പ്രതിശ്രുത വരൻ അമീർ മുഹമ്മദ് അഹമ്മദി (22) എന്നിവരെയാണ് “അഴിമതിയും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കുകയും ദേശീയ സുരക്ഷയ്‌ക്കെതിരെ നിന്നതിനും” ശിക്ഷിക്കപ്പെട്ടതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തത്.
ശിരോവസ്ത്രം ധരിക്കാത്തതിന് കഴിഞ്ഞ വർഷം പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ എംഹാസ അമിനിയുടെ മരണത്തിന് ശേഷം ആരംഭിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘടന മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് വൈറലയാ ദമ്പതികളുടെ വീഡിയോയെ വിലയിരുത്തിയത്. ഈ വീഡിയോയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുമായി തങ്ങളുടെ വീഡിയോ ദമ്പതികൾ ബന്ധിപ്പിച്ചില്ലെങ്കിലും നിരവധിപ്പേർ അത്തരത്തിലൊന്നാണ് ഈ വീഡിയോയെന്ന് കമന്‍റ് ചെയ്തിരുന്നു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് പേർ കണ്ട് വൈറലായതോടെയാണ് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലാകുന്നതിന് മുമ്പ് അസ്തിയാസ് ഹഗിഗിയുടെ വീട്ടിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ, ദമ്പതികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും രാജ്യം വിടുന്നതിൽ നിന്നും രണ്ട് വർഷത്തെ വിലക്കും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. 1979 ലെ വിപ്ലവത്തെത്തുടർന്ന് അധികാരത്തിലെത്തിയ ഇറാൻ ഭരണകൂടത്തിനെതിരായി വിവിധ പ്രതിഷേധങ്ങൾ തുടരുകയാണ്. പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനിയുടെ അസ്വാഭാവിക മരണത്തെത്തുടർന്ന് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
രാജ്യത്തെ എല്ലാ സ്ത്രീകളും ഹിജാബ് അല്ലെങ്കിൽ മറ്റേതെങ്കിലും ശിരോവസ്ത്രം ഉപയോഗിച്ച് മുടി മറയ്ക്കുന്നത് നിർബന്ധമാക്കുന്ന സദാചാര നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അമിനിയെ ടെഹ്‌റാനിൽ തടവിലാക്കിയത്. നിലവിലുള്ള അസമത്വം, അഴിമതി, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയിൽ പൗരന്മാരുടെ അതൃപ്തി പ്രകടിപ്പിക്കുന്നതിനാണ് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ലക്ഷ്യമിടുന്നത്. പ്രതിഷേധം അടിച്ചമർത്താൻ പിടിക്കപ്പെടുന്നവർക്ക് വധശിക്ഷ ഉൾപ്പടെ ശക്തമായ ശിക്ഷയാണ് അധികൃതർ നൽകുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച പ്രതിഷേധത്തിന് ശേഷം 14,000 ത്തിലധികം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.