• HOME
 • »
 • NEWS
 • »
 • world
 • »
 • തലവെട്ടും മറ്റു കടുത്ത ശിക്ഷകളും തിരിച്ചെത്തും: അഫ്ഗാനിസ്ഥാനിലെ പുതിയ ശിക്ഷാരീതികളെക്കുറിച്ച് താലിബാന്‍

തലവെട്ടും മറ്റു കടുത്ത ശിക്ഷകളും തിരിച്ചെത്തും: അഫ്ഗാനിസ്ഥാനിലെ പുതിയ ശിക്ഷാരീതികളെക്കുറിച്ച് താലിബാന്‍

ഖുറാനില്‍ നിന്ന് ഞങ്ങളുടെ നിയമങ്ങള്‍ ഉണ്ടാക്കും എന്ന് പറഞ്ഞ തുറാബി സുരക്ഷയ്ക്കായി കൈകള്‍ മുറിക്കുന്ന ശിക്ഷകള്‍ വളരെ അത്യാവശ്യമാണ് എന്നും കൂട്ടിച്ചേര്‍ത്തു

താലിബാൻ നേതാവ് മുല്ല നൂറുദ്ദീൻ തുറാബി
Credits: AP

താലിബാൻ നേതാവ് മുല്ല നൂറുദ്ദീൻ തുറാബി Credits: AP

 • Share this:
  താലിബാന്‍ ഭീകരര്‍ എങ്ങനെയാണ് അഫ്ഗാനിസ്ഥാനെ ഭരിക്കുന്നതെന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഭീകര പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാള്‍ വധശിക്ഷയും കടുത്ത ശിക്ഷയും ഉടന്‍ തിരിച്ചെത്തുമെന്നും പൊതുജനമധ്യത്തില്‍ അത് ഒഴിവാക്കുമെന്നും പറഞ്ഞു.

  താലിബാന്‍ വ്യാഖ്യാന ഇസ്ലാമിക നിയമത്തിന്റെ മുഖ്യ നിര്‍വഹകരിലൊരാളായിരുന്ന മുല്ലാ നൂറുദ്ദീന്‍ തുറാബി, അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ഭാഗമായി വധശിക്ഷകളും ശരീര അവയവങ്ങളുടെ വെട്ടിമാറ്റല്‍ ശിക്ഷകളും ഉടന്‍ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയത്.

  ''മൈതാനത്തിലെ ശിക്ഷകളെക്കുറിച്ച് എല്ലാവരും ഞങ്ങളെ വിമര്‍ശിച്ചു. ഞങ്ങളുടെ നിയമങ്ങള്‍ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയണ്ട. ഞങ്ങള്‍ ഇസ്ലാമിനെ പിന്തുടരും, ഞങ്ങള്‍ ഖുറാനില്‍ നിന്ന് ഞങ്ങളുടെ നിയമങ്ങള്‍ ഉണ്ടാക്കും'' എന്ന് പറഞ്ഞ തുറാബി, ''സുരക്ഷയ്ക്കായി കൈകള്‍ മുറിക്കുന്ന ശിക്ഷകള്‍ വളരെ അത്യാവശ്യമാണ്'' എന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇത്തരം ശിക്ഷകള്‍ കുറ്റം വീണ്ടും ചെയ്യാന്‍ ഒരു തടസ്സം സൃഷ്ടിക്കുന്നുവെന്നും ശിക്ഷകള്‍ പരസ്യമായി ചെയ്യണോ എന്ന് മന്ത്രിസഭ പഠിക്കുകയാണെന്നും അതിനായി ഒരു നയം വികസിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

  ടിവി, മൊബൈല്‍ ഫോണ്‍, വീഡിയോ, ഫോട്ടോ തുടങ്ങിയ ആവശ്യകതയാണെന്നും അതിനാല്‍ അവ താലിബാന്‍ അനുവദിക്കുമെന്ന് നേരത്തെ തുറാബി പറഞ്ഞിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും തങ്ങളുടെ ആശയങ്ങള്‍ വ്യാപിപ്പിക്കാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ അറുപതുകാരനായ തുറാബി, താലിബാന്റെ ആദ്യ ഭരണകാലത്ത് - നീതിന്യായ മന്ത്രിയും, മതപരമായ പോലീസ് പ്രൊപഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയത്തിന്റെ (ഫലത്തില്‍ മതപരമായ പോലീസ്) തലവനുമായിരുന്നു.

  താലിബാന്‍ ഭീകരര്‍ രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാനിലെ വിദേശ സേനയുടെ അവസാന നാളുകളില്‍ ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ രാജ്യം വിട്ടിരുന്നു. എന്നിരുന്നാലും, കടുത്ത താലിബാന്‍ ഭീകര ഭരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭൂരിഭാഗം അഫ്ഗാനികളും ഒരു വഴി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ ജനങ്ങളുടെ വിധി എങ്ങനെ ആയി തീരുമെന്ന് വീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

  അതേസമയം, ഭരണകൂടത്തിന്റെ നിയമസാധുത തേടി താലിബാന്‍ ഭീകരര്‍ ഐക്യരാഷ്ട്രസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ താലിബാന്‍ അംഗങ്ങളില്‍ ചിലര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പക്ഷെ താലിബാന്‍ എങ്ങനെയാണ് അവരുടെ വ്യഖ്യാനമനുസരിച്ചുള്ള പുരാതന ഇസ്ലാമിക വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതെന്ന് തുറബിയുടെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ചൂണ്ടിക്കാണിച്ചുതരുന്നു.

  1990-കളില്‍ താലിബാന്‍ ഭീകരരുടെ മുന്‍ ഭരണത്തില്‍, കാബൂളിലെ കായിക മൈതാനങ്ങളിലോ അല്ലെങ്കില്‍ നൂറുകണക്കിന് അഫ്ഗാന്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന വിശാലമായ ഈദ് ഗാഹ് പള്ളിപോലെയുള്ള സ്ഥലങ്ങളുടെ പരിസരത്തോ നടപ്പാക്കിയ ക്രൂരമായ ശിക്ഷകള്‍ കണ്ട് ലോകം വിറങ്ങലിച്ചിരുന്നു. അവര്‍ കുറ്റവാളികള്‍ എന്ന് വിധിക്കുന്നവരെ, പരസ്യമായി കൈകള്‍ വെട്ടുകയും കഴുത്തു വെട്ടുകയും വെടിവെച്ചുകൊല്ലുകയുമാണ് ചെയ്തിരുന്നത്.

  എന്നാല്‍ ഇത്തവണ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപ്പോള്‍ താലിബാന്‍ ഭീകരര്‍ പറഞ്ഞത്, 'പഴയ താലിബാനും പഴയ ഭരണവുമായിരിക്കില്ല' എന്നാണ്. ഇപ്പോള്‍ തുറാബിയുള്‍പ്പടെയുള്ളവരുടെ പ്രസ്താവനകള്‍ എത്തുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍, താലിബാന്റെ പഴയ ഭരണത്തില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകില്ലെന്നാണ് വ്യക്തമാകുന്നത്.
  Published by:Karthika M
  First published: